ചുറ്റും കമ്പികൾ കൊണ്ട് മറച്ച ഒരു വലിയ കൂടാരത്തിനുള്ളിൽ രണ്ട് പരിശീലകർക്കൊപ്പം നിന്ന് അഭ്യാസപ്രകടനങ്ങൾ കാണിക്കുന്ന സിംഹങ്ങളുടെ ദൃശ്യങ്ങളോടെയാണ് ഈ വീഡിയോ ആരംഭിക്കുന്നത്.

സർക്കസ് എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ, മൃഗങ്ങളെ സർക്കസ് കൂടാരങ്ങൾക്കുള്ളിൽ തളച്ചിട്ട് കാണികളെ രസിപ്പിക്കാൻ ഉപയോഗിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം? അസ്വസ്ഥരായ ഈ മൃഗങ്ങൾ എങ്ങനെയെങ്കിലും പുറത്തുചാടിയാൽ എന്തായിരിക്കും അവസ്ഥ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

കഴിഞ്ഞദിവസം ചൈനയിലെ ലുവോയാങ്ങിൽ ഒരു സർക്കസ് കൂടാരത്തിൽ ഇതിനു സമാനമായ ഒരു സംഭവം അരങ്ങേറി. കാണികൾക്ക് വേണ്ടി ഷോ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പരിശീലകരുടെ നിർദ്ദേശങ്ങൾ വകവയ്ക്കാതെ രണ്ട് സിംഹങ്ങൾ പുറത്തു ചാടുന്നതും പരിഭ്രാന്തരായ നൂറുകണക്കിനാളുകൾ എന്തുചെയ്യണമെന്ന് അറിയാതെ ഭയപ്പെട്ട് ഓടുന്നതുമാണ് വീഡിയോയിൽ ഉള്ളത്. 

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ ക്ലിപ്പ് ലക്ഷക്കണക്കിനാളുകളാണ് കാണുകയും തങ്ങളുടെ ആശങ്കകൾ പങ്കുവയ്ക്കുകയും ചെയ്യുന്നത്. മൃഗങ്ങളെ കൂട്ടിലടച്ചുള്ള ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു എന്നായിരുന്നു ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. ഈ മണ്ടത്തരങ്ങൾ ചെയ്യാൻ ഈ മൃഗങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണ്. മൃഗങ്ങളെ വെറുതെ വിടുക, സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുക എന്ന് തുടങ്ങുന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ചുറ്റും കമ്പികൾ കൊണ്ട് മറച്ച ഒരു വലിയ കൂടാരത്തിനുള്ളിൽ രണ്ട് പരിശീലകർക്കൊപ്പം നിന്ന് അഭ്യാസപ്രകടനങ്ങൾ കാണിക്കുന്ന സിംഹങ്ങളുടെ ദൃശ്യങ്ങളോടെയാണ് ഈ വീഡിയോ ആരംഭിക്കുന്നത്. പരിശീലകർ സിംഹങ്ങളെ ഒരു വലിയ വളയത്തിനുള്ളിലൂടെ ചാടി കടക്കാനാണ് പ്രേരിപ്പിക്കുന്നത്. എന്നാൽ തുടക്കം മുതൽ തന്നെ സിംഹങ്ങൾ ഇതിനെ എതിർക്കുന്നത് വീഡിയോയിൽ കാണാം. അപ്പോൾ പരിശീലകർ കയ്യിലുള്ള വടികൊണ്ട് അവയെ അടിച്ചും മറ്റും വീണ്ടും വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇതോടെ നിയന്ത്രണം വിട്ട സിംഹങ്ങൾ കൂട്ടിനുള്ളിലൂടെ നിരവധി തവണ ഓടുന്നു. പെട്ടെന്ന് ആരും പ്രതീക്ഷിക്കാത്ത സമയത്ത് അവ കൂട്ടിന് പുറത്തേക്ക് ചാടുന്നു. 

Scroll to load tweet…

ഇതോടെ പരിഭ്രാന്തരാകുന്ന കാണികൾ ഭയന്ന് നിലവിളിച്ച് ഓടുന്നതും ചിലർ സിംഹങ്ങളുടെ കൂട്ടിനുള്ളിലേക്ക് തന്നെ ഭയന്ന് കയറുന്നതും കാണാം. കാണികൾ ഇരിക്കുന്ന ഭാഗത്തേക്ക് സിംഹങ്ങൾ ഓടുന്നതിനിടയിലാണ് വീഡിയോ അവസാനിക്കുന്നത്. ഏതായാലും ഏറെ ആശങ്ക നിറയ്ക്കുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.