Asianet News MalayalamAsianet News Malayalam

'ഒന്നുമില്ലെങ്കിലും നീയൊരു സിംഹക്കുഞ്ഞല്ലേ, ഇതൊക്കെ സിംപിള്‍'; കുഞ്ഞുങ്ങളെ മരം കയറ്റം പഠിപ്പിക്കുന്ന അമ്മസിംഹം

അമ്മ സിംഹം മരത്തിന്റെ മുകളിൽ നിന്നും കുഞ്ഞുങ്ങളെ മരത്തിൽ കയറാൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ, കുഞ്ഞുങ്ങൾ ആദ്യം അറച്ചറച്ച് നിൽക്കുകയാണ്. എന്നാൽ, ഒരു കുഞ്ഞ് അധികം മടിച്ചു നിൽക്കാതെ മരത്തിലേക്ക് ഓടിക്കയറുന്നത് കാണാം.

lioness teaches cubs to climb tree cute video
Author
First Published Apr 21, 2024, 11:18 AM IST

കാട്ടിലെ കാഴ്ചകൾ കാണാൻ ഇഷ്ടമാണോ? പഴയതുപോലെയൊന്നുമല്ല. കാട്ടിലെ മനോഹരങ്ങളും ഭയപ്പെടുത്തുന്നതും രസകരമായതുമായ കാഴ്ചകളെല്ലാം ഇന്ന് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ കാണാനാവും. അതുപോലെ സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ഹൃദയഹാരിയായ ഒരു വീഡിയോയാണ് ഇപ്പോൾ യൂട്യൂബിൽ ആളുകളെ ആകർഷിക്കുന്നത്. ഒരു അമ്മ സിംഹം തന്റെ കുഞ്ഞുങ്ങളെ മരം കയറാൻ പഠിപ്പിക്കുന്നതാണ് വീഡിയോ. 

ദക്ഷിണാഫ്രിക്കയിലെ മലമാല ഗെയിം റിസർവിലെ ഗൈഡായ മൈക്കൽ മോത്താണ് ഈ മനോഹരമായ രം​ഗം തന്റെ ക്യാമറയിൽ പകർത്തിയത്. തന്റെ കണ്ണുകൾ കൊണ്ട് കണ്ട ആ മനോഹരദൃശ്യം മൈക്കൽ തൻ‌റെ ക്യാമറയിൽ പകർത്തുകയും പിന്നീട് ലേറ്റസ്റ്റ് സൈറ്റിം​ഗ്സ് യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയും ആയിരുന്നു. ഇതുപോലെ കാട്ടിൽ നിന്നുള്ള പല കാഴ്ചകളും ഈ യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്. 

മൈക്കൽ പകർത്തിയ ഈ വീഡിയോയിൽ ഒരു അമ്മ സിംഹവും നാല് കുഞ്ഞു സിംഹങ്ങളുമാണ് ഉള്ളത്. അമ്മ ആദ്യം തന്നെ വന്ന് ഒരു മരത്തിൽ കയറി നിൽക്കുകയാണ്. പിന്നാലെ കുഞ്ഞുങ്ങളും വരുന്നു. തീരെ ചെറിയ കുഞ്ഞുങ്ങളാണ്. അമ്മ സിംഹം മരത്തിന്റെ മുകളിൽ നിന്നും കുഞ്ഞുങ്ങളെ മരത്തിൽ കയറാൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ, കുഞ്ഞുങ്ങൾ ആദ്യം അറച്ചറച്ച് നിൽക്കുകയാണ്. എന്നാൽ, ഒരു കുഞ്ഞ് അധികം മടിച്ചു നിൽക്കാതെ മരത്തിലേക്ക് ഓടിക്കയറുന്നത് കാണാം. കുറച്ച് പണിപ്പെട്ടിട്ടാണെങ്കിലും അത് മരത്തിന് മുകളിൽ അമ്മയ്ക്കരികിൽ എത്തുന്നുണ്ട്. പിന്നാലെ മറ്റ് കുഞ്ഞുങ്ങളും മരത്തിൽ കയറാൻ ശ്രമിക്കുന്നുണ്ട്. 

എന്തായാലും, വളരെ പെട്ടെന്നാണ് വീഡിയോ ആളുകളെ ആകർഷിച്ചത്. അനവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നിരിക്കുന്നത്. ആ കുഞ്ഞുങ്ങളെ കാണാൻ എന്തൊരു ക്യൂട്ടാണ് എന്ന് ഒരുപാട് പേർ കമന്റ് നൽകിയിട്ടുണ്ട്. ആ അമ്മ നല്ലൊരു ടീച്ചറാണെന്നും എത്ര നന്നായും ശാന്തമായുമാണ് കുഞ്ഞുങ്ങളെ കാര്യങ്ങൾ പഠിപ്പിക്കുന്നത് എന്നുമാണ് മറ്റുള്ളവർ കമന്റ് നൽകിയത്. 

Follow Us:
Download App:
  • android
  • ios