അമേരിക്കയിലെ ടെക്സസിൽ മൂന്ന് ഗോൾഫ് പന്തുകൾ വിഴുങ്ങിയ പാമ്പിനെ വെറ്ററിനറി ഡോക്ടർമാർ ശസ്ത്രക്രിയ കൂടാതെ രക്ഷപ്പെടുത്തി. മയക്കുമരുന്ന് നൽകിയ ശേഷം പന്തുകൾ വായിലൂടെ പുറത്തെടുക്കുകയായിരുന്നു. ഈ അപൂർവ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മൂന്ന് ഗോൾഫ് പന്തുകൾ വിഴുങ്ങിയ പാമ്പിനെ ശസ്ത്രക്രിയ നടത്താതെ രക്ഷപ്പെടുത്തി അമേരിക്കയിലെ വെറ്ററിനറി ഡോക്ടർമാർ. വിചിത്രമായ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ടെക്സസിലെ സാൻ അന്റോണിയോയിലെ സൗത്ത് ടെക്സസ് ഏവിയൻ ആൻഡ് എക്സോട്ടിക് ആശുപത്രിയിലാണ് പാമ്പിനെ ചികിത്സിച്ചത്.

മൂന്ന് ഗോൾഫ് പന്തുകൾ

സെപ്റ്റംബർ 22 -ന് ആശുപത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് അപൂർവ രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങളുള്ളത്. ശക്തമായ മയക്കുമരുന്ന് നൽകി പാമ്പിനെ ശാന്തമാക്കിയ ശേഷമാണ് ഡോക്ടർമാർ ചികിത്സ ആരംഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിനുള്ളിൽ കുടുങ്ങിയിരുന്ന ഗോൾഫ് പന്തുകൾ പിന്നിൽ നിന്നും വളരെ ശ്രദ്ധയോടെ കൈകൊണ്ട് നീക്കി ഒന്നിന് പിന്നാലെ ഒന്നായി വായിലൂടെ പറത്തെത്തിക്കുന്നത് വീഡിയോയിൽ കാണാം. ഓരോ പന്തും വായിലെത്തുമ്പോൾ പാമ്പ് വായ തുറന്നു. തുടർന്ന് വെറ്ററിനറി സംഘം സൂക്ഷ്മമായി പന്ത് പുറത്തെടുത്തു. അങ്ങനെ മൂന്ന് പന്തുകളും സുരക്ഷിതമായി നീക്കം ചെയ്യാൻ ഡോക്ടർമാർക്ക് സാധിച്ചു.

View post on Instagram
 

'ഏറെ ഓർമിക്കപ്പെടുന്ന ഒരു കേസ്'

ശസ്ത്രക്രിയ ഒഴിവാക്കാനായത് ചികിത്സയുടെ പ്രധാന നേട്ടമായി. പാമ്പ് ഗോൾഫ് പന്തുകൾ എങ്ങനെയാണ് വിഴുങ്ങിയതെന്നത് വ്യക്തമല്ല. ചിലർ സമൂഹ മാധ്യമങ്ങളിൽ പന്തുകളെ മുട്ടകളെന്ന് തെറ്റിദ്ധരിച്ചാകാം പാമ്പ് വിഴുങ്ങിയതെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ആശുപത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. “എക്സോട്ടിക് മൃഗങ്ങളുടെ ചികിത്സയിൽ വാതിൽ കടന്നെത്തുന്നത് എന്തായിരിക്കുമെന്ന് പ്രവചിക്കാനാകില്ല” എന്നായിരുന്നു ആശുപത്രിയുടെ പ്രതികരണം. അപൂർവമായ ഈ കേസ് തങ്ങൾക്ക് ഏറെ ഓർമിക്കപ്പെടുന്ന ഒന്നാണെന്നും അധികൃതർ വ്യക്തമാക്കി.