പക്ഷേ, അത്ര വേഗത്തിൽ പിന്മാറാൻ കരടികളും തയ്യാറായില്ല. അതിലൊന്ന് വീണ്ടും അദ്ദേഹത്തിന് നേരെ ആക്രമിക്കാനായി എത്തിയതും ശരവേഗത്തിൽ തൊട്ടടുത്തു കിടന്ന മറ്റൊരു തടിക്കഷണം കൂടിയെടുത്ത് അതിനെ തുരത്തി ഓടിക്കുന്നു.

തീർത്തും അപ്രതീക്ഷിതമായി എന്തെങ്കിലും ഒരു മൃഗം ആക്രമിക്കാൻ എത്തിയാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ആരായാലും ഒന്ന് പതറിപ്പോകുമല്ലേ? എന്നാൽ, കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ നെറ്റിസൺസിനെ അമ്പരപ്പിക്കുകയാണ്. കാരണം തൻറെ നേരെ ആക്രമിക്കാനായി എത്തുന്ന രണ്ടു ധ്രുവക്കരടികളെ ഒറ്റയ്ക്ക് നേരിടുന്ന ഒരു മനുഷ്യൻറെ വീഡിയോയാണ് ഇത്. തീർത്തും അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തെ മനോധൈര്യം കൊണ്ട് നേരിട്ട വ്യക്തിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.

കാഴ്ചയിൽ മനോഹരമാണെങ്കിലും ധ്രുവക്കരടികൾ അത്ര നിസ്സാരക്കാരല്ല. ആറടിയുള്ള ഒരു മനുഷ്യനെ പോലും അടിച്ചു വീഴ്ത്താൻ ധ്രുവകരടികൾക്ക് നിഷ്പ്രയാസം സാധിക്കും. ഇവയുടെ ഭീമാകാരമായ ശരീര വലിപ്പം തന്നെയാണ് അവയുടെ ശക്തിയും. അതുകൊണ്ടുതന്നെ ധ്രുവക്കരടികളോട് എതിർത്തു നിൽക്കുക അത്ര എളുപ്പമല്ല. എന്നിട്ടു കൂടി വെറും ഒരു വടി ഉപയോഗിച്ച് തന്റെ നേരെയെത്തിയ രണ്ടു ധ്രുവക്കരടികളെ തുരത്തി ഓടിക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യനാണ് വീഡിയോയിൽ.

മഞ്ഞു മൂടിക്കിടക്കുന്ന ഒരു മലനിരയിൽ തന്റെ താമസസ്ഥലത്തിന് അരികിലായാണ് ഇദ്ദേഹം നിൽക്കുന്നത്. സമീപത്തായി മഞ്ഞുപാളികൾക്കിടയിൽ രണ്ട് ചെറിയ വടിക്കഷ്ണങ്ങൾ കിടക്കുന്നതും കാണാം. അപ്പോഴാണ് അദ്ദേഹത്തെ ലക്ഷ്യമാക്കി ഒരു ധ്രുവക്കരടി അവിടേക്ക് വരുന്നത്. കരടിയെ കണ്ടതും അദ്ദേഹം ഭയന്ന് പിന്മാറാതെ സമീപത്ത് കിടന്ന് ഒരു വടിയെടുത്ത് അതിനു നേരെ വീശുന്നു. അത് അല്പം പിന്നോട്ട് ആഞ്ഞപ്പോഴേക്കും അടുത്ത കരടിയും എത്തുന്നു. അദ്ദേഹം തന്റെ കൈവശമുണ്ടായിരുന്ന വടി വേഗത്തിൽ വീശി അടിച്ചു കരടികളെ ഓടിക്കാൻ ശ്രമിക്കുന്നു. 

പക്ഷേ, അത്ര വേഗത്തിൽ പിന്മാറാൻ കരടികളും തയ്യാറായില്ല. അതിലൊന്ന് വീണ്ടും അദ്ദേഹത്തിന് നേരെ ആക്രമിക്കാനായി എത്തിയതും ശരവേഗത്തിൽ തൊട്ടടുത്തു കിടന്ന മറ്റൊരു തടിക്കഷണം കൂടിയെടുത്ത് അതിനെ തുരത്തി ഓടിക്കുന്നു. വീണ്ടും അല്പസമയം കൂടി കരടികൾ ചെറുത്തുനിൽക്കാൻ ശ്രമം നടത്തിയെങ്കിലും ഒടുവിൽ അയാൾ തന്നെ വിജയിക്കുന്നു. കാനഡയിലെ വടക്കൻ ക്യൂബെക്കിലെ മഞ്ഞുമൂടിയ മലനിരകളിൽ നിന്ന് പകർത്തിയ വീഡിയോയാണ് ഇത്. 

സോഷ്യൽ മീഡിയ ഉപയോക്താക്കൾ വലിയ അഭിനന്ദനമാണ് ആ മനുഷ്യന്റെ ചെറുത്തുനിൽപ്പിന് സമ്മാനിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.