ജപ്പാനിലെ ഷിസുഓക പ്രവിശ്യയിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ വെച്ച് ഇന്ത്യൻ വിനോദസഞ്ചാരിക്ക് വംശീയ വിവേചനം നേരിട്ടതായി ആരോപണം. ഇന്ത്യക്കാരനാണെന്ന് പറഞ്ഞതിന് കടയുടമ പോലീസിനെ വിളിച്ചെന്ന് 'ഓൺ റോഡ് ഇന്ത്യൻ' എന്ന വ്ലോഗർ അനന്ത് വീഡിയോ സഹിതം വെളിപ്പെടുത്തി. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും സമ്മിശ്ര പ്രതികരണങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.

പ്പാനിലെ ഷിസുഓക പ്രവിശ്യയിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ ഇന്ത്യൻ വിനോദസഞ്ചാരിക്ക് വംശീയ വിവേചനം നേരിടേണ്ടിവന്നെന്ന ആരോപണം സമൂഹ മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധനേടി. സംഭവത്തിന്‍റെ വീഡിയോ പങ്കുവെച്ചതോടെയാണ് വിഷയം പുറം ലോകമറിഞ്ഞത്. 'ഓൺ റോഡ് ഇന്ത്യൻ' എന്ന ഇന്‍സ്റ്റാഗ്രാം പേജിന്‍റെ ഉടമയായ അനന്ത് ആണ് തനിക്ക് ജപ്പാനിൽ വച്ചുണ്ടായ അനുഭവം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

'ഇന്ത്യക്കാരനെന്ന് കേട്ടതും പോലീസിനെ വിളിച്ചു'

ജപ്പാൻ യാത്രയിലെ അവസാന ദിവസം സാധനങ്ങൾ വാങ്ങാനായി ഷിസുവോകയിലെ ഒരു സ്റ്റോറിൽ എത്തിയപ്പോൾ ജീവനക്കാരിയുടെ പെരുമാറ്റം ആദ്യം തന്നെ അസ്വാഭാവികമായിരുന്നുവെന്ന് അനന്ത് വീഡിയോയിൽ പറയുന്നു. അവിടെ വച്ച് തന്‍റെ ഭക്ഷണം ചൂടാക്കിത്തരാൻ ഒരു ജീവനക്കാരിയോട് ആവശ്യപ്പെട്ടു. അവ‍ർ അതിന് സമ്മതിച്ചു. എന്നാൽ ആ കടയുടെ ഉടമ ദേഷ്യത്തോടെയാണ് പെരുമാറിയത്. എവിടെ നിന്നാണെന്ന് അവർ ചോദിച്ചപ്പോൾ ഇന്ത്യയിൽ നിന്നാണെന്ന ഉത്തരം അവരെ അസ്വസ്ഥയാക്കി. പിന്നാലെ സ്ത്രീ പോലീസിനെ വിളിച്ചു. എന്നാൽ, താൻ ഒരു പ്രശ്നവും അവിടെ ഉണ്ടാക്കിയിരുന്നില്ലെന്നും ഇന്ത്യൻ പൗരനാണെന്ന കാരണത്താൽ അവർ തന്നെ സംശയത്തോടെ നോക്കുകയും അനാവശ്യമായി പോലീസിനെ വിളിക്കുകയുമായിരുന്നുവെന്നും അനന്ത് വീഡിയോയിൽ പറയുന്നു. ഇത് വംശീയ വിവേചനത്തിന്‍റെ ഭാഗമാണെന്ന് അനന്ത് ആരോപിച്ചു. സംഭവം തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കി. പോലീസ് എത്തി കാര്യമന്വേഷിച്ചപ്പോൾ അവിടെ നടന്നതിന്‍റെ വീഡിയോ അവർക്ക് കാണിച്ച് കൊടുത്തു. അത് കണ്ടപ്പോൾ അവർക്ക് കാര്യം മനസിലായി, തന്നെ വെറുതെ വിട്ടെന്നും യുവാവ് വീഡിയോയിൽ പറയുന്നു. വീഡിയോയുടെ തുടക്കത്തിൽ ഒരു തെരുവിൽ ജാപ്പനീസ് പോലീസിന് സമീപത്തായി നിൽക്കുന്ന യുവാവിനെയും കാണാം.

View post on Instagram

സമ്മിശ്ര പ്രതികരണം

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ പ്രതികരണവുമായിയെത്തി. ചിലർ യുവാവിന്‍റെ ആരോപണത്തെ പിന്തുണച്ച് വിദേശികൾക്കെതിരായ വിവേചനപരമായ സമീപനങ്ങളെ വിമർശിച്ചു. എന്നാൽ, മുൻ ഇന്ത്യൻ സഞ്ചാരികളിൽ നിന്നും ആ സ്ത്രീയ്ക്ക് എന്ത് അനുഭവമാണ് നേരിടേണ്ടിവന്നിട്ടുണ്ടാകുകയെന്നും ആ മുൻ അനുഭവമായിരിക്കാം ഇന്ത്യക്കാരനെ കണ്ടപ്പോൾ തന്നെ പോലീസിനെ വിളിക്കാൻ അവരെ പ്രേരിപ്പിച്ചതെന്നും ചില‍ർ എഴുതി. ഒരു സംഭവത്തെ കുറിച്ചുള്ള ഒരാളുടെ മാത്രം വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ എല്ലാ കാര്യങ്ങളെയും വിലയിരുത്തരുതെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ജപ്പാനിലെ സ്റ്റോറുമായി ബന്ധപ്പെട്ടവരോ പോലീസോ ഔദ്ധ്യോഗികമായ ഒരു വിശദീകരണവും പുറത്തിറക്കിയിട്ടില്ല.