കോർപ്പറേറ്റ് ലോകത്തെ അലിഖിത നിയമങ്ങളെക്കുറിച്ചുള്ള കാശി വിശ്വനാഥിന്റെ ഇൻസ്റ്റാഗ്രാം വീഡിയോ ചർച്ചയാകുന്നു. ജോലിയിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ പ്രാധാന്യമാണ് വീഡിയോ ഊന്നിപ്പറയുന്നത്. പരിശീലനമില്ലായ്മ പോലുള്ള പ്രശ്നങ്ങൾ നേരിടുന്ന തുടക്കക്കാർക്ക് ഇത് കൃത്യമായ മാർഗ്ഗനിർദ്ദേശവും നൽകുന്നു.

കോർപ്പറേറ്റ് ലോകത്ത് ലക്ഷ്യങ്ങൾ കൈവരിക്കുന്നത് മുതൽ ജോലിയിൽ എപ്പോഴും മുഴുകിയിരിക്കുന്നതായി കാണപ്പെടേണ്ടി വരുന്നത് വരെയുള്ള ചില അലിഖിത നിയമങ്ങളുണ്ട്. എന്നാൽ, ഇത്തരം തൊഴിൽ സങ്കൽപ്പങ്ങളെയും ജോലി സ്ഥലത്തെ കാഴ്ചപ്പാടുകളെയും എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് ഒരു വ്യക്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

'നിങ്ങളുടെ പ്രവർത്തി സംസാരിക്കട്ടെ'

തൊഴിൽ രംഗത്തെ പ്രതീക്ഷകളെയും അതിജീവനത്തെയും കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ കാശി വിശ്വനാഥ് എന്ന വ്യക്തി പങ്കുവെച്ച വീഡിയോയിലെ വാക്കുകൾ ഇങ്ങനെയാണ്: “നിങ്ങൾ ജോലിയിൽ സന്തോഷവാനായി കാണപ്പെട്ടാൽ, ഈ ജോലി നിങ്ങൾക്ക് അത്ര പ്രധാനപ്പെട്ടതല്ലെന്ന് സഹപ്രവർത്തകർ കരുതിയേക്കാം. നിങ്ങൾ സ്വന്തം ഹോബികൾക്കായി സമയം മാറ്റിവെച്ചാൽ, ജോലിക്ക് മുൻഗണന നൽകുന്നില്ലെന്ന് അവർ വിചാരിക്കും. അതിനാൽ നിങ്ങളുടെ പ്രകടനം തെളിയിക്കാൻ ഒരേയൊരു വഴിയേയുള്ളൂ, നിങ്ങളുടെ ഉത്തരവാദിത്വം അത് എന്തുവിലകൊടുത്തും കൃത്യമായി ചെയ്തുതീർക്കുക. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുക, ജോലി പൂർത്തിയാക്കുക. അതിനുശേഷം നിങ്ങൾ എന്ത് ചെയ്താലും ആരും ചോദ്യം ചെയ്യില്ല. എന്നാൽ, ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിൽ, മറ്റെത്ര കാര്യങ്ങൾ ശരിയായി ചെയ്താലും ആരും അത് അംഗീകരിച്ചു തരില്ല. ഈ യാഥാർത്ഥ്യം മനസ്സിലാക്കുന്നതാണ് നിങ്ങൾക്ക് നല്ലത്.”

View post on Instagram
 

ആശങ്കയ്ക്ക് മറുപടി

ഈ പോസ്റ്റിന് താഴെ നിരവധി ആളുകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. കൃത്യമായ പരിശീലനവും പിന്തുണയുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന തുടക്കക്കാരുടെ പ്രശ്നം ഉയർത്തിക്കാട്ടിക്കൊണ്ട് ഒരാൾ കുറിച്ചത് ഇങ്ങനെയാണ്: "ശരിയായ പരിശീലനം ആവശ്യമുള്ള ഒരു ഫ്രെഷറുടെ കാര്യം ആലോചിച്ചു നോക്കൂ. പല കമ്പനികളും ആവശ്യത്തിന് പരിശീലനം നൽകാതെ നേരിട്ട് ജോലി ഏൽപ്പിക്കുകയും അത് പൂർത്തിയാക്കാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അത്തരം സാഹചര്യത്തിൽ ശരിയായ പരിശീലനം ലഭിക്കാത്തതിനാൽ പ്രതീക്ഷകൾ കൈവരിക്കാൻ ബുദ്ധിമുട്ടാണ്. അപ്പോൾ എന്താണ് ചെയ്യേണ്ടത്?" ഈ ചോദ്യത്തിന് കാശി വിശ്വനാഥ് നൽകിയ മറുപടി ഇതായിരുന്നു: “തീർച്ചയായും ഇതൊരു വലിയ പ്രശ്നമാണ്. നിങ്ങളുടെ അടുത്ത മീറ്റിംഗിൽ, ടീമിലെ ഏറ്റവും മികച്ച ജീവനക്കാരിൽ ഒരാളാകാൻ തനിക്ക് ആഗ്രഹമുണ്ടെന്നും, അതിനായി ശരിയായ പരിശീലനവും മാർഗ്ഗനിർദ്ദേശവും പിന്തുണയും ആവശ്യമാണെന്നും മാനേജരോട് വ്യക്തമായി പറയുക. മീറ്റിംഗിന് ശേഷം, ഈ ആവശ്യങ്ങൾ വ്യക്തമായി ചുരുക്കി എഴുതി മാനേജർക്ക് ഒരു ഇമെയിൽ അയക്കുകയും ചെയ്യുക. ഇത് രേഖാമൂലമുള്ള വ്യക്തമായ ആശയവിനിമയത്തിന് സഹായിക്കും.” നിരവധി ഉപയോക്താക്കളാണ് അദ്ദേഹത്തിന്‍റെ ആശയത്തോട് യോജിച്ച് രംഗത്തെത്തിയത്.