മെക്സിക്കോയുടെ നാഷണൽ ഗാർഡിൽ ഇടംനേടിയ 'കമാൻഡോ' എന്ന കൊച്ചു ചിവാവ നായയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. വലിയ നായ്ക്കൾക്ക് മാത്രം തിളങ്ങാൻ കഴിയുന്ന സുരക്ഷാ സേനയിൽ പ്രത്യേക പരിശീലനവും സുരക്ഷാ വസ്ത്രങ്ങളുമായി ഈ കൊച്ചുമിടുക്കൻ വേറിട്ടുനിൽക്കുന്നു. സേനയ്ക്ക് പൊതുജനങ്ങളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കാൻ കമാൻഡോയുടെ സാന്നിധ്യം സഹായിക്കുന്നുണ്ട്.

സാധാരണയായി സുരക്ഷാ സേനകളിൽ തിളങ്ങുന്നത് ഭീമാകാരന്മാരായ ജർമ്മൻ ഷെപ്പേർഡുകളും ലാബ്രഡോറുകളുമൊക്കെയാണെങ്കിൽ, മെക്സിക്കോയുടെ നാഷണൽ ഗാർഡിൽ ഇപ്പോൾ താരം ഒരു കൊച്ചു ചിവാവ (Chihuahua) ഇനത്തിൽപ്പെട്ട നായയാണ്. 13 മാസം മാത്രം പ്രായവും 7 കിലോഗ്രാം ഭാരവും 21 സെന്‍റീമീറ്റർ ഉയരവുമുള്ള 'കമാൻഡോ' എന്ന ഈ കൊച്ചുമിടുക്കൻ സേനയിലെ ജനപ്രിയ മുഖമായി മാറിക്കഴിഞ്ഞു.

ദ മെട്രോയുടെ റിപ്പോർട്ട് പ്രകാരം, മുൻപ് കമാൻഡോയെ പരിപാലിച്ചിരുന്ന വയോധികർക്ക് ഇനി നോക്കാൻ കഴിയില്ലെന്നായതോടെ ആറ് മാസം മുൻപാണ് നാഷണൽ ഗാർഡ് കമാൻഡോയെ ദത്തെടുത്തത്. തുടർന്ന് സേനയുടെ പ്രത്യേക കാനിൻ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുന്നൂറിലധികം വലിയ നായ്ക്കളുള്ള സേനയിൽ വേറിട്ടുനിൽക്കുന്ന കമാൻഡോ, നിലവിൽ തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമുള്ള പ്രത്യേക പരിശീലനത്തിലാണ്.

പ്രത്യേക സുരക്ഷാ വസ്ത്രങ്ങളും കോംബാറ്റ് കിറ്റും

കൊച്ചുമിടുക്കന് അനുയോജ്യമായ രീതിയിൽ പ്രത്യേക സുരക്ഷാ വസ്ത്രങ്ങൾ, ഹെൽമറ്റ്, സംരക്ഷണം നൽകുന്ന കണ്ണട, ചെറിയ ക്യാമറ എന്നിവയടങ്ങിയ കോംബാറ്റ് കിറ്റ് സേന നൽകിയിട്ടുണ്ട്. പരേഡുകളിലും മറ്റ് പൊതുപരിപാടികളിലും സജീവമായ കമാൻഡോ, സെപ്റ്റംബർ 16 -ന് മെക്സിക്കോ സിറ്റിയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിലും ശ്രദ്ധാകേന്ദ്രമായിരുന്നു.

Scroll to load tweet…

പരിശീലനത്തിന്‍റെ ഭാഗമായി കോണികളും വലിയ തടസ്സങ്ങളും ചാടിക്കടക്കുന്ന കമാൻഡോയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. കമാൻഡോയെക്കുറിച്ചുള്ള മീമുകളും ആനിമേറ്റഡ് വീഡിയോകളും ഇതിനകം ഇന്‍റർനെറ്റിൽ വൻ തരംഗമായിക്കഴിഞ്ഞു.

Scroll to load tweet…

മയക്കുമരുന്ന് മാഫിയ ഭയന്നോടുന്നുവോ?

കമാൻഡോയെ കണ്ട് മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയ സംഘങ്ങൾ ഭയന്നോടുന്നുവെന്ന രീതിയിലുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചാരണങ്ങളുണ്ടെങ്കിലും, ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. കൊച്ചു കമാൻഡോയെ മുൻനിർത്തി ആരാധകർ തമാശ രൂപേണ നിർമ്മിച്ച കുറിപ്പുകളാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ പറയുന്നു.

വലിയ നായ്ക്കൾക്ക് മാത്രമേ സേനയിൽ തിളങ്ങാനാകൂവെന്ന ധാരണയെ കമാൻഡോ തിരുത്തിക്കുറിക്കുകയാണെന്ന് ലെഫ്റ്റനന്‍റ് ഡെബോറ ഹെർണാണ്ടസ് വ്യക്തമാക്കി. പൊതുജനങ്ങൾക്ക് സേനയോട് കൂടുതൽ സൗഹൃദപരമായ സമീപനം ഉണ്ടാക്കിയെടുക്കാൻ കമാൻഡോയുടെ സാന്നിധ്യം വലിയ പങ്കുവഹിക്കുന്നുണ്ട്.