ഇറ്റലിയിലെ ഒരു ആഡംബര ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികൾക്ക് വ്യത്യസ്ത മെനുകൾ ലഭിച്ചത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഭാര്യയ്ക്ക് വിലയില്ലാത്ത മെനുവും ഭർത്താവിന് വിലവിവരങ്ങളുള്ള മെനുവുമാണ് ഹോട്ടൽ നൽകിയത്. ഒടുവിൽ പ്രതീക്ഷിച്ചതിലും വലിയ തുക ബില്ലായി വന്നതോടെയാണ് ഈ വിചിത്രമായ മെനു രീതിയുടെ യാഥാർഥ്യം ഇവർ തിരിച്ചറിഞ്ഞത്.

ഇറ്റലിയിലെ ഒരു ആഡംബര ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികൾക്ക് ലഭിച്ച വ്യത്യസ്ത മെനുവാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഭാര്യയ്ക്ക് നൽകിയ മെനുവിൽ ഭക്ഷണങ്ങളുടെ വില രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഭർത്താവിന് ലഭിച്ച അതേ മെനുവിന്‍റെ പതിപ്പിൽ ഓരോ വിഭവത്തിന്‍റെയും വില വ്യക്തമായി നൽകിയിരുന്നു. ലേക്ക് കോമോയിലെ ഗ്രാൻഡ് ഹോട്ടൽ ട്രെമെസോയിൽ നിന്നുള്ള അനുഭവം ലിയാന എന്ന സമൂഹ മാധ്യമ ഉപയോക്താവാണ് പങ്കുവച്ചത്.

മെനു രണ്ട് വിധം; വിലയുള്ളത്, ഇല്ലാത്തത്!

വിലകൾ കാണാത്തതിനാൽ എന്ത് ഓർഡർ ചെയ്യണമെന്ന് തീരുമാനിക്കാൻ ബുദ്ധിമുട്ടിയെന്നും, പ്രത്യേകിച്ച് ടേസ്റ്റിങ് മെനു വേണമോ അതോ 'എ ലാ കാർട്ടെ' വിഭവങ്ങൾ തെരഞ്ഞെടുക്കണമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായെന്നും ലിയാന വീഡിയോയിൽ പറഞ്ഞു. എന്നാൽ ഭർത്താവിന്‍റെ മെനുവിൽ വിലകൾ കാണാനാകുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചതോടെയാണ് ഇരുവർക്കും ലഭിച്ച മെനുകൾ തമ്മിലുള്ള 'വില വ്യത്യാസം' ശ്രദ്ധയിൽപ്പെട്ടത്. റോമിലെ മൂന്ന് മിഷലിൻ സ്റ്റാർ റെസ്റ്റോറന്റിലും സമാനമായ അനുഭവം മുമ്പ് ഉണ്ടായിട്ടുണ്ടെന്നും ലിയാന പറഞ്ഞു. തുടക്കത്തിൽ വില അറിയാതെ ഭക്ഷണം ആസ്വദിക്കാൻ കഴിഞ്ഞതിൽ അവർ സന്തോഷം പ്രകടിപ്പിച്ചെങ്കിലും, പിന്നീട് ലഭിച്ച ബില്ലാണ് കാര്യങ്ങൾ മാറ്റിയത്.

View post on Instagram
 

രണ്ട് പാനീയങ്ങൾക്ക് മാത്രം 120 ഡോളറും ബ‍ർത്ത്ഡേ ഡെസേർട്ടിന് 140 ഡോളറും ചെലവായി. ടിപ്പുൾപ്പെടെ ആകെ ബിൽ 926.86 ഡോളറിലെത്തി. ഏകദേശം 500 ഡോളറായിരിക്കും ഭക്ഷണച്ചെലവെന്ന് കരുതിയിരുന്നെന്നും, വിലകൾ അറിയാമായിരുന്നെങ്കിൽ നന്നായിരുന്നെന്നും ലിയാന പിന്നീട് കുറിച്ചു. ഭക്ഷണത്തിൽ ബീഫ് വെല്ലിങ്ടണാണ് പ്രത്യേകം ഇഷ്ടപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു. യാത്രയ്ക്കായി ഭക്ഷണം, ഷോപ്പിങ്, ടാക്സി തുടങ്ങിയവയ്ക്കായി നേരത്തെ പണം മാറ്റിവച്ചിരുന്നതിനാൽ ബിൽ വലിയ സാമ്പത്തിക സമ്മർദമുണ്ടാക്കിയില്ലെന്നും അവർ വ്യക്തമാക്കി.

സമ്മിശ്ര പ്രതികരണം

വീഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലർ വിലകളില്ലാത്ത മെനുവിനെ സ്വാഗതം ചെയ്തപ്പോൾ, മറ്റുചിലർ ഭക്ഷണത്തിന്‍റെ വില മുൻകൂട്ടി അറിയുന്നത് ഉപഭോക്താവിന്‍റെ അവകാശമാണെന്ന് അഭിപ്രായപ്പെട്ടു. മറ്റ് ചിലർ റെസ്റ്റോറന്‍റിന്‍റെ വിപണന തന്ത്രമാണെന്നും വില രേഖപ്പെടുത്താത്തതിനാൽ സ്ത്രീകൾ കൂടുതൽ ഭക്ഷണം വാങ്ങിക്കഴിക്കുമെന്ന് റെസ്റ്റോറന്‍റ് കണക്കുകൂട്ടിയിരിക്കാമെന്നും കുറിച്ചു. അതേസമയം ഇറ്റലിക്കാർക്കും ഇത് പോലെ രണ്ട് മെനു കിട്ടുമോ, അതോ സഞ്ചാരികളായ സ്ത്രീകൾക്ക് മാത്രമേ വിലയില്ലാത്ത മെനു കിട്ടുകയുള്ളോയെന്ന് ചോദിച്ചും ചിലർ രംഗത്തെത്തി. അതേസമയം, ഇത്തരത്തിലുള്ള മെനു രീതി ഇറ്റലിയിലെ എല്ലാ റെസ്റ്റോറന്‍റുകളിലും സാധാരണമല്ലെന്നാണ് റിപ്പോർട്ടുകൾ.