പഞ്ചാബിലെ മില്ലുകളിൽ 35 വർഷം ജോലി ചെയ്ത അശോക് മസ്‌കീൻ എന്ന സാധാരണക്കാരൻ ഇന്ന് ഏറെ ആരാധകരുള്ള പാട്ടുകാരനാണ്. സഹപ്രവർത്തകൻ പകർത്തിയ ഒരു സോഷ്യൽ മീഡിയ റീൽ വൈറലായതോടെയാണ് അദ്ദേഹത്തിൻ്റെ ജീവിതം മാറിയത്. ഇത് അദ്ദേഹത്തിന് കോക്ക് സ്റ്റുഡിയോ ഭാരതിൽ പാടാനുള്ള അവസരം നേടിക്കൊടുത്തു.

പഞ്ചാബിലെ മില്ലുകളിൽ ഷിഫ്റ്റ് അനുസരിച്ച് 35 വർഷത്തോളം ജോലി ചെയ്തു. സാധാരണഗതിയിൽ ആരാരും അറിയാതെ അവസാനിക്കുമായിരുന്ന ഒരു ജീവിതം. എന്നാൽ. അശോക് മസ്‌കീൻ അങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്നില്ല. അദ്ദേഹം ഇന്ന് ഏറെ ആരാധകരുള്ള പാട്ടുകാരനാണ്. കോക്ക് സ്റ്റുഡിയോ ഭാരതുമായതാണ് അദ്ദേഹം കരാർ ഒപ്പിട്ടിരിക്കുന്നത്! കുടുംബ നോക്കാൻ ഏറെ പാടുപെട്ടിരുന്ന കാലം. ഗോതമ്പ്, അരി മില്ലുകളിൽ നിന്നുള്ള വരുമാനം കൊണ്ട് ഒരു കുടുംബം പോറ്റാൻ വലിയ കഷ്ടപ്പാടാണ്. എന്നാൽ, ആ കഷ്ടപ്പാടുകൾക്കിടയിലും തന്‍റെ ഏക ആശ്രയമായ സംഗീതത്തെ കൈവിടാൻ അദ്ദേഹം തയ്യാറായില്ല. സംഗീതവുമായുള്ള ആ ആത്മബന്ധം ഇന്ന് ദശലക്ഷക്കണക്കിന് ആരാധകരുള്ള ഒരു പാട്ടുകാരനായി അദ്ദേഹത്തെ മാറ്റിയിരിക്കുന്നു.
മില്ല് തൊഴിലാളിയിൽ നിന്നും പാട്ടുകാരനിലേക്ക്
ജലന്ധറിലെ ഫാക്ടറിയിൽ നിന്ന് സംഗീത രംഗത്തേക്ക് എത്തിയ അശോകിന്‍റെ യാത്ര ഇന്ന് ഓൺലൈനിൽ പലർക്കും പ്രചോദനമാണ്. പതിറ്റാണ്ടുകളോളം കഷ്ടപ്പാടിനിടെയിലും ക്ഷമയോടെ സംഗീതത്തിനായി മാറ്റിവച്ച നിമിഷങ്ങളെയോർത്ത് അദ്ദേഹം ഇന്ന് ഏറെ സന്തുഷ്ടനാണ്. പഞ്ചാബിലെ ജലന്ധറിൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഒരു കുടുംബത്തിലായിരുന്നു അശോക് മസ്കീന്‍റെ ജനനം. അശോകിന്‍റെ പിതാവ് ദിവസ വേതന ജോലിക്കാരനായിരുന്നു. വീട്ടിലെ സാമ്പത്തിക പരാധീനത കാരണം ആറാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. പിന്നാലെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനായി അദ്ദേഹം മില്ലുകളിൽ ജോലിക്ക് പോയി. 35 വർഷത്തോളം. ഏറെ പ്രതിസന്ധിക്കിടെയിലും അദ്ദേഹം സംഗീതം ഉപേക്ഷിച്ചില്ല.

കുടുംബ പശ്ചാത്തലം
പഞ്ചാബി ഗായകൻ സബർ കോടി സാബ് ജിയുടെ പാട്ടുകളാണ് അശോകിനെ സംഗീത ലോകത്ത് എത്തിച്ചത്. അദ്ദേഹത്തിന്‍റെ അച്ഛനും മൂത്ത സഹോദരനും ജാഗ്രാൻസിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു. കുടുംബത്തിലെ ഈ പാരമ്പര്യം സംഗീതത്തോടുള്ള അദ്ദേഹത്തിന്‍റെ ആത്മബന്ധം ഊട്ടിയുറപ്പിച്ചു. 17 -ാം വയസിൽ സംഗീതത്തെ ഗൗരവമായി കണ്ട് അശോക് വീട്ട് വിട്ടിറങ്ങി. തന്‍റെ ഉസ്താദിന് കീഴിൽ പാട്ടു പടിക്കാൻ! എന്നാൽ, അദ്ദേഹം തന്‍റെ മില്ലിലെ ജോലി ഉപേക്ഷിച്ചില്ല. സംഗീത പഠനം കഴിഞ്ഞ് അടുത്തുള്ള മില്ലുകളിൽ അദ്ദേഹം തന്‍റെ ഷിഫ്റ്റുകളിൽ ജോലി ചെയ്തു. രാവിലെ സംഗീത പഠനം പകൽ മില്ലിലെ ജോലി. രാത്രി വീണ്ടും സംഗീത ലോകത്തേക്ക്.
ഒരു റീൽ മാറ്റിയ ജീവിതം
തന്‍റെ സമൂഹ മാധ്യമ പേജിലിടാൻ അശോകിന്‍റെ ഒരു റീൽ ചിത്രീകരിച്ച സഹപ്രവത്തകനാണ് അശോകിന്‍റെ ജീവിതം അടിമുടി മാറ്റി മറിച്ചത്. പതുക്കെയാണെങ്കിലും ആ വീഡിയോ നിരവധി പേരിലേക്കെത്തി. തികച്ചും അസംസ്കൃതവും വൈകാരികവുമായ ആ ശബ്ദം കേട്ടവരിൽ പലും വീണ്ടും വീണ്ടും പങ്കുവച്ചു. ഇത് അശോകിന്‍റെ റീൽ കൂടുതൽ പേരിലേക്കെത്താൻ സഹായിച്ചു. അങ്ങനെയാണ് സംഗീത നിർമ്മാതാവ് തനിഷ്‌ക് ബാഗ്ചിയും അശോകിന്‍റെ റീൽ കാണുന്നത്. അദ്ദേഹം അശോകിനെ 'ബുള്ളേയ വേ' എന്ന പാട്ട് പാടാനായി കോക് സ്റ്റുഡിയോ ഭാരതിലേക്ക് ക്ഷണിച്ചു. പിന്നീടൊരു തിരിച്ച് പോക്കുണ്ടായിട്ടില്ലെന്ന് അശോകിന്‍റെ ജീവിതം തെളിവ് നൽകുന്നു. അദ്ദേഹത്തിന്‍റെ ലളിതവും മിനുസമില്ലാത്തതുമായ ആലാപന ശൈലി ഏറെ ആരാധകരെ സൃഷ്ടിച്ചു. ഇന്ന് ഇന്ത്യയിലെ സിനിമാ നിർമ്മാതാക്കളും സംഗീതസംവിധായകരും അശോകിന്‍റ സമയത്തിന് വേണ്ടി ക്യൂ നിൽക്കുന്നു.


