മധ്യപ്രദേശിലെ മന്ത്രി പ്രതിമ ബാഗ്രിയുടെ സഹോദരൻ അനിൽ ബാഗ്രിയെ 46 കിലോ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു. നെല്ല് ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ദിവസങ്ങൾക്ക് മുൻപ് മന്ത്രിയുടെ സഹോദരീ ഭർത്താവും സമാനമായ കേസിൽ അറസ്റ്റിലായിരുന്നു.
മധ്യപ്രദേശിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ പ്രതിമ ബാഗ്രിയുടെ (37) അനിയനെയും സഹോദരനെയും 46 കിലോ കഞ്ചാവുമായ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അസ്വസ്ഥത പ്രകടിപ്പിക്കുന്ന മന്ത്രിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പ്രതിമയുടെ സഹോദരി ഭർത്താവ് നേരത്തെ 10.5 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തത്.
നെല്ല് ചാക്കിലെ കഞ്ചാവ്
മന്ത്രിയായ പ്രതിമ ബാഗ്രിയുടെ സഹോദരൻ അനിൽ ബാഗ്രിയുടെയും സഹായി പങ്കജ് സിങിന്‍റെയൂം പക്കൽ നിന്ന് 46 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു. മറൗൺഹ ഗ്രാമത്തിലെ പങ്കജിന്‍റെ വീട്ടിൽ നെല്ല് സൂക്ഷിച്ചിരുന്ന നാല് വലിയ ചാക്കുകളിലായി ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു കഞ്ചാവ്. പിടിച്ചെടുത്ത കഞ്ചാവിന് 9.22 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു. 12 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കള്ളക്കടത്തിന് ഉപയോഗിച്ച വാഹനം മറ്റൊരു പ്രതിയായ ശൈലേന്ദ്ര സിങ് രജാവത്തിന്‍റെതാണെന്ന് പോലീസ് അറിയിച്ചു. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
അസ്വസ്ഥതയോടെ മന്ത്രി
മയക്കുമരുന്ന് കള്ളക്കടത്തിൽ ബന്ധുക്കൾക്ക് പങ്കുണ്ടെന്ന ആരോപണത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ മന്ത്രി പ്രതിമ ബാഗ്രിയോട് ചോദിച്ചപ്പോൾ അവർ അസ്വസ്ഥയായി. എന്തിനാണ് നിങ്ങൾ അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കുന്നതെന്നായിരുന്നു പ്രതിമയുടെ മറുചോദ്യം. മന്ത്രി പ്രതിമ ബാഗ്രിയുടെ സഹോദരീ ഭർത്താവായ ശൈലേന്ദ്ര സിംഗ് ഉത്തർപ്രദേശിലെ ബന്ദയിൽ 10.5 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ സഹോദരനും അറസ്റ്റിലാകുന്നത്. ഇതോടെ പ്രതിപക്ഷം ലഹരി കടത്തിന് സർക്കാർ കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധം ആരംഭിച്ചു. ഏകദേശം 5.5 കോടി രൂപയുടെ മയക്കുമരുന്ന് ചുമ സിറപ്പ് കടത്തിയതിന് സത്‌നയിൽ നിന്ന് ശൈലേന്ദ്ര സിംഗിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാൾ കഞ്ചാവ് കടത്തിൽ വീണ്ടും അറസ്റ്റിലാവുകയായിരുന്നു.


