കർണാടകയിലെ മാണ്ഡ്യയിൽ മദ്യപിച്ച രണ്ട് യുവാക്കൾ ഒരു സ്വകാര്യ സ്കൂൾ ബസ് തടഞ്ഞുനിർത്തി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ നിർബന്ധിച്ച് പുറത്തിറക്കി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് പോലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു.
സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്ക് ഒരു കുറവുമില്ലെന്നാണ് ഓരോ ദിവസവും പുറത്ത് വരുന്ന വാർത്താകൾ തെളിവ് നല്‍കുന്നത്. കുറ്റവാളികൾക്കെതിരെ ശക്തമായ നിയമം നടപ്പാക്കാൻ കഴിയാത്തത് സമാനകുറ്റങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നു. ഏറ്റവും ഒടുവിലായി കർണ്ണാടകയിലെ മാണ്ഡ്യയിലെ കെആർ പേട്ടയിൽ മദ്യപിച്ച രണ്ട് യുവാക്കൾ ഒരു സ്വകാര്യ സ്കൂൾ ബസ് തടഞ്ഞ് നിർത്തി, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ നിർബന്ധിച്ച് ഇറക്കിവിട്ടു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് ശേഷം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
സ്കൂൾ ബസ് തടഞ്ഞ് നിർത്തി
കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജപേട്ട് (കെആർ പേട്ട്) താലൂക്കിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു സംഭവം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച, ബസവനഹള്ളി - വഡ്ഡരഹള്ളി റോഡിൽ മദ്യപിച്ച രണ്ട് യുവാക്കൾ ഒരു സ്വകാര്യ സ്കൂൾ ബസ് തടഞ്ഞു ബസിൽ യാത്ര ചെയ്യുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ഇറക്കിവിട്ടു. കിക്കേരിക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലേക്ക് സ്കൂൾ ബസ് വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഡ്രൈവർ തന്നെയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയത്.
കേസ്, പിന്നാലെ അറസ്റ്റ്
ഹേറ്റ് ഡിറ്റക്ടർ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചത്. കുറ്റവാളികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. പ്രതികൾ സ്കൂൾ ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും കുട്ടികളിൽ ഭയമുണ്ടാക്കുകയും ചെയ്തെന്നും ട്വീറ്റിൽ പറയുന്നു. മദ്യപിച്ച യുവാക്കൾ പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുകയും വിദ്യാർത്ഥികളുടെ സുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് സ്ഥിരീകരിച്ചു. വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ടെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തെന്ന് മാണ്ഡ്യ ജില്ലാ പോലീസ് കിക്കേരി പോലീസ് അറിയിച്ചു. ഇത്തരം പെരുമാറ്റം അനുവദിക്കില്ലെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗ്രാമീണ റൂട്ടുകളിൽ പട്രോളിംഗ് കർശനമാക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.


