ദില്ലിയിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വഴിപിരിഞ്ഞ കുട്ടിയെ സമരക്കാർ ഒന്നടങ്കം ചേർന്ന് കണ്ടെത്തി. കുട്ടിയുടെ അമ്മയായ പ്രീതി ഗുപ്തയുടെ പേര് ഒരേ സ്വരത്തിൽ വിളിച്ച് പറഞ്ഞാണ് ജനക്കൂട്ടം അമ്മയെയും മകനെയും വീണ്ടും ഒന്നിപ്പിച്ചത്. ഈ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ദില്ലിയിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വഴി പിരിഞ്ഞ് പോയ ഒരു കൊച്ചുകുട്ടിയെ സമരക്കാർ ഒറ്റക്കെട്ടായി ചേർന്ന് അമ്മയുടെ അടുത്തെത്തിച്ച സംഭവം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി. പ്രതിഷേധത്തിനിടെ പകർത്തിയ വീഡിയോയിൽ അപരിചിതരായ നൂറുകണക്കിന് ആളുകൾ കുട്ടിയെ സുരക്ഷിതമായി അമ്മയുമായി വീണ്ടും ഒന്നിപ്പിക്കുന്ന ഹൃദയസ്പർശിയായ നിമിഷങ്ങൾ കാണാം.
"പ്രീതി ഗുപ്ത എവിടെയാണ്?"
വൻജനക്കൂട്ടത്തിനിടയിൽ അമ്മയെ കാണാതായതോടെ കുട്ടി ഭയന്നുപോയി. ഇത് ശ്രദ്ധയിൽപ്പെട്ട പ്രതിഷേധക്കാർ കുട്ടിയുടെ അമ്മയുടെ പേര് ചോദിച്ചറിഞ്ഞ ശേഷം, പ്രതിഷേധ മുദ്രാവാക്യം വിളിക്കുന്നത് പോലെ ഒരേ സ്വരത്തിൽ നീട്ടി വിളിച്ചു. “പ്രീതി ഗുപ്ത എവിടെയാണ്? നിങ്ങളുടെ കുട്ടി ഇവിടെ ഉണ്ട്”. ഒരു സ്വരത്തിൽ ആവരൊന്നിച്ച് ആൾക്കൂട്ടത്തെ നോക്കി ആവർത്തിച്ച് വിളിച്ചു. ആ വിളി തിങ്ങിക്കൂടിയ പ്രതിഷേധക്കാരിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് അതിവേഗം പടർന്നു. പിന്നാലെ ആൾക്കൂട്ടത്തിൽ വഴി തെറ്റിയ അമ്മയ്ക്കും മകനും പുനസമാഗമം. വിളികേട്ട് ഓടിയെത്തിയ അമ്മ കുട്ടിയെ ചേർത്ത് പിടിക്കുമ്പോൾ പ്രതിഷേധക്കാരുടെ മുഖത്തും ആശ്വസ നിശ്വാസം.
അഭിനന്ദിച്ച് നെറ്റിസെൺസ്
ഇൻസ്റ്റഗ്രാമിലാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ വീഡിയോ വൈറലായി. പ്രതിഷേധത്തിനിടെ ഭയവും ആശങ്കയും നിറഞ്ഞ സാഹചര്യത്തിൽ പോലും അപരിചിതർ മാനുഷികതയ്ക്ക് മുൻതൂക്കം നൽകി, കുട്ടിയെ സുരക്ഷിതമായി അമ്മയുടെ കൈകളിലെത്തിച്ചതാണ് വീഡിയോയുടെ പ്രധാന സന്ദേശമെന്ന് കുറിപ്പിൽ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി. "ഏറ്റവും സുരക്ഷിതമായ പ്രതിഷേധം", "ജനക്കൂട്ടം ഒരു നിമിഷത്തേക്ക് കുടുംബമായി മാറി", "ഇത്തരത്തിലുള്ള ഒത്തൊരുമയാണ് സമൂഹത്തിന് വേണ്ടത്"..... തുടങ്ങിയ നിരവധി അഭിനന്ദന കുറിപ്പുകളാണ് വീഡിയോയ്ക്ക് താഴെ.


