ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലി ദമ്പതികൾ നടുറോഡിൽ ഏറ്റുമുട്ടി. വിവാഹസമ്മാനമായി നൽകിയ ഫോൺ തിരികെ ചോദിച്ചപ്പോൾ ഭർത്താവ് നൽകാത്തതിനെ തുടർന്ന് ഭാര്യ ഷർട്ട് വലിച്ച് കീറുകയായിരുന്നു. അകന്ന് കഴിയുന്ന ഇരുവരും തമ്മിൽ മുൻപും തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

ത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ വച്ച്, വിവാഹ സമ്മാനമായി താൻ നൽകിയ ഐ ഫോൺ തിരികെ തരണമെന്ന് ഭാര്യ ആവശ്യപ്പെട്ടതാണ് ദമ്പതികൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മീററ്റ് സ്വദേശിനിയായ സോനമാണ് ജിം ട്രെയിനർ കൂടിയായ ഭർത്താവ് സഞ്ജിത് ഭാരതിയുടെ ഷർട്ട് വലിച്ച് കീറിയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

'ന്‍റെ ഐ ഫോൺ താടാ...'

മീററ്റിലെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിക്ടോറിയ പാർക്കിന് സമീപമാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സോനം ഐ ഫോൺ ആവശ്യപ്പെട്ടെങ്കിലും സ‍ഞ്ജിത് ഭാരതി ഫോൺ നൽകിയില്ല. ഇതിന് പിന്നാലെ സോനം, സ‌ഞ്ജിത് ഭാരതിയുടെ ഷർട്ടിന്‍റെ കോളറിൽ പിടിച്ച് വലിക്കുകയായിരുന്നു. പിന്നാലെ ഷർട്ട് കീറുന്നതും കീറിയ ഷർട്ട് ഊരി മാറ്റി അർദ്ധ നഗ്നനായി സഞ്ജിത് ഭാരതി തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നടക്കുന്നതും വീഡിയോയിൽ കാണാം. സംഘർഷം നടക്കുമ്പോഴെല്ലാം സോനം ഫോണിൽ മറ്റാരോടോ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. സംഭവം കണ്ട് വഴിയാത്രക്കാർ തടിച്ച് കൂടിയതോടെ പ്രദേശത്ത് അല്പ നേരത്തേക്ക് ഗതാഗത തടസമുണ്ടായി. ഒടുവിൽ പോലീസെത്തി നാട്ടുകാരെ പിരിച്ച് വിടുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

Scroll to load tweet…

ഇരുവരും മുമ്പും തർക്കം

സോനവും ഭ‍ർത്താവും തമ്മിൽ മുമ്പും പലപ്പോഴും തർക്കത്തിലേർപ്പെടാറുണ്ടെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. ഇരുവരും നിലവിൽ അകന്ന് കഴിയുകയാണ്. സഞ്ജിത് ഭാരതി, ഭാര്യ സോനത്തിന് ജീവനാംശം നൽകാറുണ്ടെന്നും ഇതുസംബന്ധിച്ച് കോടതിയിൽ കേസ് തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹത്തിന് സമ്മാനമായി ലഭിച്ച ഫോൺ ഭാര്യ തിരികെ ചോദിച്ചതാണ് വിഷയം രൂക്ഷമാക്കിയതെന്നാണ് പോലീസിന്‍റെ നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.