ട്രെയിന്‍ സ്റ്റേഷനിലെത്തുമ്പോൾ തന്നെ നിറഞ്ഞിരുന്നു. ഇതോടെ ആളുകൾ റിസര്‍വേഷന്‍ കോച്ചുകളിലേക്ക് ഇരച്ചെത്തി. എന്നാല്‍ അവ തുറക്കാതെ വന്നതോടെ ജനല്‍ ചില്ലുകൾ അടിച്ച് തകർത്ത് അകത്ത് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
മഹാകുംഭമേളയ്ക്ക് പോകാനായി ബീഹാറിൽ ട്രെയിൻ കാത്തുനിന്ന യാത്രക്കാർക്ക് തിരക്കുമൂലം ട്രെയിനിൽ കയറാൻ പറ്റിയില്ല. പിന്നാലെ രോഷാകൂലരായ യാത്രക്കാർ ട്രെയിൻ ജനാലകൾ തല്ലി തകർത്തു. ബീഹാറിലെ മധുബനി റെയിൽവേ സ്റ്റേഷനിലാണ് ഒരു കൂട്ടം യാത്രക്കാർ ട്രെയിനിന് നേരെ കല്ലെറിയുകയും ജനാലകൾ അടിച്ച് തകർക്കുകയും ചെയ്തത്. മഹാകുംഭത്തിലേക്ക് യാത്ര ചെയ്യുന്ന ഭക്തർ നിറഞ്ഞിരുന്ന സ്വതന്ത്ര സേനാനി എക്‌സ്‌പ്രസിൽ കയറാൻ കഴിയാതെ വന്നതോടെയാണ് റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന യാത്രക്കാർ അക്രമാസക്തരായതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് ദൃക്സാക്ഷികളായവർ പറയുന്നത്, ട്രെയിൻ യാത്രക്കാരെ കൊണ്ട് നിറഞ്ഞിരുന്നതിനാൽ മധുബനി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിനിന്‍റെ വാതിലുകൾ തുറക്കാന്‍ കഴിഞ്ഞില്ലെന്നാണ്. എന്നാൽ, ട്രെയിൻ കാത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ വലിയ തിരക്ക് തന്നെ ഉണ്ടായിരുന്നു. സ്റ്റേഷനിൽ എത്തിയിട്ടും വിവിധ കോച്ചുകളുടെ വാതിലുകൾ തുറക്കാതെ വന്നതോടെ ആളുകൾ രോഷാകുലരാവുകയായിരുന്നു. തുടർന്ന് ഇവർ ട്രെയിനിനു നേരെ കല്ലെറിയുകയും എസി കമ്പാർട്ട്മെന്‍റുകളുടെ ജനാലകൾ അടിച്ചു തകർക്കുകയും ചെയ്തു.
Read More: മനുഷ്യ അണ്ഡ ഫാമിലെ അടിമകൾ; തായ്‍ലന്‍ഡില്‍ നിന്നും ചൈനീസ് മനുഷ്യക്കടത്തിന് വിധേയരായ സ്ത്രീക
തകർന്ന ജനൽ ചില്ലുകൾ ട്രെയിനിന് ഉള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ മേൽ വീഴുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. ആക്രമണത്തിൽ ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റത്തോടെ യാത്രക്കാരും പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന സംഘവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടല്‍ തന്നെ നടന്നു. മധുബനി സ്റ്റേഷൻ വിട്ടതിന് ശേഷവും ട്രെയിനിന് നേരെ സമാനമായ ആക്രമണം ഉണ്ടായതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മധുബനിക്കും ദർഭംഗയ്ക്കും ഇടയിൽ നിരവധി തവണ ആളുകൾ കല്ലെറിയുകയും ജനാലകൾ അടിച്ചു തകർക്കാൻ ശ്രമം നടത്തുകയും ചെയ്തു.
ട്രെയിന്‍ സമസ്തിപൂർ സ്‌റ്റേഷനിൽ എത്തിയപ്പോൾ തകർന്ന ജനാലകളിലൂടെ വലിയൊരു ജനക്കൂട്ടം എസി കോച്ചുകളിലേക്ക് അതിക്രമിച്ചു കയറിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം മഹാകുംഭമേളയ്ക്ക് യാത്ര ചെയ്യുന്ന ഭക്തർ നിരാശരായി ട്രെയിനുകൾ ആക്രമിക്കുന്നത് ഇത് ആദ്യ സംഭവമല്ല. മധ്യപ്രദേശിൽ ഝാൻസിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് പോവുകയായിരുന്ന പ്രത്യേക ട്രെയിനിന് നേരെ ഹർപാൽപൂർ സ്റ്റേഷനിൽ വെച്ച് നേരത്തെ കല്ലേറുണ്ടായത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Read More: സമ്പത്ത് അന്യരാജ്യങ്ങളിലേക്ക് ഒഴുകുന്നു, യുഎസ്എയ്ഡിന് വിലങ്ങിട്ട് ട്രംപ്; ആശങ്കയില്‍ രാജ്യങ്ങൾ
