ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ചിൽ കുടുംബസ്വത്ത് തർക്കത്തെ തുടർന്ന് യുവതി ലൈസൻസുള്ള ഇരട്ടക്കുഴൽ തോക്കുമായി പൊലീസ് സ്റ്റേഷനിലെത്തി. കുടുംബാംഗങ്ങൾ മർദിച്ചെന്ന് ആരോപിച്ച യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തോക്ക് എങ്ങനെ യുവതിയുടെ കൈവശമെത്തി എന്നതും പോലീസ് പരിശോധിച്ചുവരികയാണ്.
കുടുംബസ്വത്ത് തർക്കത്തെ തുടർന്ന് ലൈസൻസുള്ള ഇരട്ടക്കുഴൽ തോക്കുമായി യുവതി പൊലീസ് സ്റ്റേഷനിലെത്തിയത് ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ചിൽ ആശങ്ക ഉയർത്തി. ധർമൗലി ഗ്രാമത്തിൽ കുടുംബാംഗങ്ങൾ തമ്മിലുണ്ടായ ഭൂമി തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം. ശ്യാംദേവുരവ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാർതാവൽ പൊലീസ് പോസ്റ്റിലാണ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ സംഭവം നടന്നത്.
പോലീസ് ഔട്ട് പോസ്റ്റിൽ ഇരട്ടക്കുഴലുമായി യുവതി
ഉച്ചയ്ക്ക് ഏകദേശം 2.30 -ഓടെ കരഞ്ഞ് കൊണ്ടാണ് യുവതി ഇരട്ടക്കുഴൽ തോക്കുമായി പൊലീസ് ഔട്ട് പോസ്റ്റിലെത്തിയത്. കുടുംബസ്വത്ത് വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മറ്റ് കുടുംബാംഗങ്ങൾ തന്നെ മർദിച്ചെന്നും, തന്‍റെ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ, യുവതിയുടെ കൈവശമുണ്ടായിരുന്ന തോക്ക് സുരക്ഷാ കാരണങ്ങളാൽ സ്റ്റേഷനിൽ ഏൽപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ആദ്യം തോക്ക് കൈമാറാൻ യുവതി തയ്യാറായില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തെ തുടർന്ന് സ്റ്റേഷനിൽ നിന്നുള്ള കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഡയൽ -112 അടിയന്തര പ്രതികരണ സംഘവും സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ യുവതിയെ ശാന്തയാക്കുകയും പിന്നീട് പൊലീസ് ഔട്ട് പോസ്റ്റിനുള്ളിൽ ഇരുത്തുകയും ചെയ്തു. തുടർന്ന് കുടുംബാംഗങ്ങളെ വിളിച്ചുവരുത്തിയ പോലീസ് സ്വത്ത് തർക്കത്തെ കുറിച്ച് കൂടുൽ വിവരങ്ങൾ ശേഖരിച്ചു.
സ്വത്ത് തർക്കം, പിന്നാലെ സ്റ്റേഷനിലേക്ക്
കുടുംബഭൂമിയിലെ യുവതിയുടെ വിഹിതം സ്വന്തം പേരിലേക്ക് മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമെന്നാണ് മറ്റ് കുടുംബാംഗങ്ങളും ഗ്രാമവാസികളും പോലീസിനെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയതായും ഈ സമയം മറ്റ് കുടുംബാംഗങ്ങൾ യുവതിയെ മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി കൈവശം വച്ചിരുന്ന തോക്ക് കുടുംബാംഗമായ രാമാനന്ദ് യാദവിന്‍റെ പേരിലുള്ള ലൈസൻസുള്ള ഇരട്ടക്കുഴൽ തോക്കാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. വിവിധ സർക്കാർ ബാങ്കുകളിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിട്ടുള്ളയാളാണ് രാമാനന്ദ് യാദവ്. എന്നാൽ, രാമാനന്ദിന്‍റെ തോക്ക് യുവതിയുടെ കൈവശം എങ്ങനെയെത്തിയെന്നും അത് പൊലീസ് ഔട്ട് പോസ്റ്റിലേക്ക് കൊണ്ടുവന്ന സാഹചര്യമെന്തെന്നും ഉൾപ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പാർതാവൽ പൊലീസ് പോസ്റ്റ് ഇൻചാർജ് അലോക് റായ്, വിഷയം കുടുംബഭൂമി തർക്കവുമായി ബന്ധപ്പെട്ടതാണെന്നും സംഭവത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.


