ബ്രിട്ടന്റെ ബ്രഹ്മാസ്ത്രമായ സ്റ്റാര്‍സ്ട്രീക്ക് മിസൈല്‍ ഉപയോഗിച്ചാണ് യുക്രെയ്ന്‍ റഷ്യന്‍ ആക്രമണത്തിന്റെ കുന്തമുനയായ എംഐ28എന്‍ ഹെലിക്കോപ്റ്റര്‍ രണ്ടായി മുറിച്ചിട്ടത്. 

യുക്രെയ്ന്‍ മിസൈല്‍ ആക്രമണത്തില്‍ റഷ്യന്‍ ഹെലിക്കോപ്റ്റര്‍ ആകാശത്തുവച്ച് രണ്ടായി മുറിഞ്ഞുവീണു. ബ്രിട്ടന്റെ ബ്രഹ്മാസ്ത്രമായ സ്റ്റാര്‍സ്ട്രീക്ക് മിസൈല്‍ ഉപയോഗിച്ചാണ് യുക്രെയ്ന്‍ റഷ്യന്‍ ആക്രമണത്തിന്റെ കുന്തമുനയായ എംഐ28എന്‍ ഹെലിക്കോപ്റ്റര്‍ രണ്ടായി മുറിച്ചിട്ടത്. കിഴക്കന്‍ യുക്രെയ്‌നിലെ ലുഹാന്‍സ്‌ക് മേഖലല്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി. റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ത്തത് സ്റ്റാര്‍ സ്ട്രീക്ക് തന്നെയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ ടൈംസ് പത്രത്തിനോട് പറഞ്ഞു. 

ലുഹോന്‍സ്‌ക് മേഖലയില്‍ ആക്രമണം നടത്താന്‍ എത്തിയ റഷ്യന്‍ ഹെലികോപ്റ്ററിന്റെ നേര്‍ക്കാണ് യുക്രൈന്‍ സൈന്യം ഇത് പ്രയോഗിച്ചത്. ഹെലികോപ്റ്റര്‍ പറന്നു വരുന്നതിനിടെ, സ്റ്റാര്‍ സ്ട്രീക്ക് മിസൈല്‍ പറന്നെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹെലികോപ്റ്ററിന്റെ വാല്‍ഭാഗത്തിനാണ് ആദ്യപ്രഹരമേറ്റത്. തുടര്‍ന്ന് ആകാശത്തുവെച്ചു തന്നെ ഹെലികോപ്റ്ററിന്റെ നടുഭാഗം രണ്ടായി മുറിഞ്ഞു വീണു. 

Scroll to load tweet…

ഒരാഴ്ച മുമ്പാണ് ബ്രിട്ടന്റെ ഈ വിമാനവേധ സംവിധാനം യുക്രൈനില്‍ വിന്യസിച്ചതെന്ന് ബ്രിട്ടീഷ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൊണ്ടുനടക്കാവുന്ന അത്യാധുനിക മിസൈല്‍ സിസ്റ്റമാണ് സ്റ്റാര്‍സ്ട്രീക്ക്. റഷ്യന്‍ ആക്രമണം നടക്കുന്നതിന് മുന്നോടിയായാണ് ഈ മാരകായുധം ബ്രിട്ടീഷ് സൈന്യം യുക്രൈനിന് നല്‍കിയത്. തുടര്‍ന്ന് യുക്രെനിന്റെ അയല്‍രാജ്യത്ത് വെച്ച് ബ്രിട്ടന്റെ സ്റ്റാര്‍സ്ട്രീക്ക് ഓപ്പറേറ്റര്‍മാര്‍ യുക്രൈന്‍ സൈനികര്‍ക്ക് ഇതുപയോഗിക്കുന്നതില്‍ പരിശീലനം നല്‍കി. 

നിലവില്‍ ലോകത്ത് ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ ഹ്രസ്വദൂര മിസൈലാണ് ഇത്. തോളില്‍ വെക്കുന്ന ലോഞ്ചര്‍ വഴിയോ സ്റ്റാന്റില്‍ വെച്ചോ ഇതുപയോഗിക്കാനാവും. ഏഴ് കിലോ മീറ്റര്‍ ദൂരെവരെയുള്ള ശത്രുവിമാനങ്ങളെ ലക്ഷ്യം വെക്കാന്‍ ഈ മിസൈലിനാവും. അതിസങ്കീര്‍ണ്ണമായ മിസൈല്‍ സിസ്റ്റമായതിനാല്‍, പരിചയ സമ്പന്നരായ സൈനികര്‍ക്ക് മാത്രമേ ഈ ആയുധം ഉപയോഗിക്കാനാവൂ. 

Scroll to load tweet…

മാര്‍ച്ച് മാസമാണ് ബ്രിട്ടന്‍ ഈ മിസൈല്‍ സിസ്റ്റവും തങ്ങളുടെ ഏറ്റവും പുതിയ ഭാരം കുറഞ്ഞ ടാങ്ക്‌വേധ ആയുധവും യുക്രൈന്‍ സൈന്യത്തിന് നല്‍കിയത് എന്ന് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് ഈ ആയുധം ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കുന്നതിനായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പ്രത്യേക സംഘത്തെ യുക്രൈന്റെ അയല്‍രാജ്യത്ത് അയച്ചത്. രണ്ടു മൂന്നാഴ്ച കൊണ്ട് ഈ ആയുധം പ്രയോഗിക്കുന്നത് പഠിപ്പിക്കാമെന്നാണ് കരുതിയതെങ്കിലും നേരത്തെ തന്നെ യുക്രൈന്‍ സൈനികര്‍ ഇതിന്റെ ഉപയോഗം വശത്താക്കിയതിന്റെ സൂചനയാണ് പുതിയ സംഭവമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.