Asianet News MalayalamAsianet News Malayalam

അപ്രതീക്ഷിത മണൽക്കാറ്റിൽ ഭയന്ന് നാട്, കെട്ടിടങ്ങളും വാഹനങ്ങളും എല്ലാം മുങ്ങി

ഈ മണൽക്കാറ്റുകളെ തടയാൻ ചൈന പല ശ്രമങ്ങളും നടത്തുന്നുണ്ട്. അതിന്റെ ഭാ​ഗമായി നിറയെ മരങ്ങൾ വച്ചുപിടിപ്പിച്ചു കൊണ്ട് ഒരു ഹരിത മതിൽ തന്നെ തീർക്കാൻ തീരുമാനമായിട്ടുണ്ട്. ഒപ്പം എയർ കോറിഡോർ സ്ഥാപിക്കാനും രാജ്യം ആലോചിക്കുന്നുണ്ടത്രെ. 

Sandstorm in china
Author
China, First Published Jul 26, 2022, 12:29 PM IST

തവിട്ട് നിറമുള്ള പൊടിയിൽ മുങ്ങി ചൈനയുടെ വടക്ക്-പടിഞ്ഞാറൻ പ്രദേശം. കഴിഞ്ഞയാഴ്ച ക്വിങ്ഹായ് പ്രവിശ്യയിലെ ഹൈക്സി മംഗോളിയൻ, ടിബറ്റൻ സ്വയംഭരണ പ്രദേശത്ത് കനത്ത കാറ്റ് വീശിയടിച്ചതിനെ തുടർന്നാണ് സംഭവം. അതിഭയങ്കരമായ കാറ്റും തുടർന്ന് പൊടിയും ജനവാസമേഖലകളിലേക്ക് നീങ്ങുന്നതും അവിടെയുള്ള കെട്ടിടങ്ങളെയും കാറുകളെയും എല്ലാം പൊതിയുന്നതും സൂര്യനെ പോലും കാണാനാവാത്തതും എല്ലാം ഇവിടെ നിന്നും പ്രചരിച്ച വീഡിയോയിൽ വ്യക്തമാണ്. 

ചില സ്ഥലങ്ങളിൽ 200 മീറ്ററിനപ്പുറത്തേക്ക് ഒന്നും കാണാൻ പറ്റാത്ത അവസ്ഥയും ഉണ്ടായി എന്ന് സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ക്വിങ്ഹായ് പ്രവിശ്യയുടെ ചില ഭാഗങ്ങൾ സാധാരണയായി വരണ്ടു തന്നെ കിടക്കുന്നതാണ്. 'അക്യുവെതർ' പറയുന്നതനുസരിച്ച്, ക്വിങ്ഹായ് പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാ​ഗത്തെ മരുഭൂമിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചൈനയുടെ പടിഞ്ഞാറൻ ഭാഗത്ത് ഇടിമിന്നലുണ്ടായതിനാൽ ഈ വരണ്ട പ്രദേശങ്ങളിൽ നിന്നുള്ള മണൽ വായുവിലേക്ക് ഉയർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഇവർ പറയുന്നു.

 

നാല് മണിക്കൂർ നേരത്തേക്കാണ് മണൽക്കാറ്റ് നീണ്ടുനിന്നത്. ഇതിന്റെ ഭാ​ഗമായി ഇതുവരെ പരിക്കുകളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല എന്നും ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പ്രദേശവാസികളും വിനോദസഞ്ചാരികളും ഈ മണൽക്കാറ്റ് പകർത്തി. 

 

 

​ഗോബി മരുഭൂമിയുടെ സാന്നിധ്യം, ചൈനയിലുടനീളമുണ്ടാകുന്ന വനനശീകരണം, മണ്ണൊലിപ്പ് എന്നിവയൊക്കെ കാരണം വടക്കു- പടിഞ്ഞാറ് എന്നതു പോലെ തന്നെ ചൈനയുടെ തലസ്ഥാനമായ ബെയ്ജിം​ഗിലും മണൽക്കാറ്റിന് സാധ്യത കാണുന്നുണ്ട് എന്നാണ് വിദ​ഗ്ദ്ധർ പറയുന്നത്. ഈ മണൽക്കാറ്റുകളെ തടയാൻ ചൈന പല ശ്രമങ്ങളും നടത്തുന്നുണ്ട്. അതിന്റെ ഭാ​ഗമായി നിറയെ മരങ്ങൾ വച്ചുപിടിപ്പിച്ചു കൊണ്ട് ഒരു ഹരിത മതിൽ തന്നെ തീർക്കാൻ തീരുമാനമായിട്ടുണ്ട്. ഒപ്പം എയർ കോറിഡോർ സ്ഥാപിക്കാനും രാജ്യം ആലോചിക്കുന്നുണ്ടത്രെ. 

ഏതായാലും അപ്രതീക്ഷിതമായി വീശിയ ഈ മണൽക്കാറ്റ് ആളുകളെ ചെറുതായൊന്നുമല്ല അമ്പരപ്പിച്ചതും ഭയപ്പെടുത്തിയതും. 

Follow Us:
Download App:
  • android
  • ios