പത്ത് മാസമായി താന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവനും ഇന്ത്യന്‍ സൈന്യത്തിന് കൈമാറി രണ്ടാം ക്ലാസുകാരന്‍. 


ദിവസങ്ങൾ മാത്രമേയുള്ളൂവെങ്കിലും ഇന്ത്യാ - പാകിസ്ഥാന്‍ സംഘര്‍ഷം ചെറുതല്ലാത്ത ഭീതിയാണ് പലരിലും സൃഷ്ടിച്ചത്.  വാര്‍ത്താ ചാനലുകൾ സംഘര്‍ഷത്തെ യുദ്ധ ഭീതിയിലേക്ക് ഉയർത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. ഇത് കുട്ടികൾ മുതല്‍ മുതിർന്നവർ വരെ എല്ലാവരിലും ആശങ്ക വർദ്ധിക്കാന്‍ കാരണമായി.  ഒടുവില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ശക്തമായ ഇടപെടലിലൂടെ സംഘര്‍ഷം നിയന്ത്രണ വിധേയമായി. ആശങ്ക ഒഴിഞ്ഞു. ഇതിനിടെയാണ് സംഘര്‍ഷം കുട്ടികളില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന് തെളിയിക്കുന്ന ഒരു വാര്‍ത്ത പുറത്ത് വരുന്നത്. ഒരു എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തന്‍റെ സമ്പാദ്യം മുഴുവനും ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയെന്നതായിരുന്നു ആ വാര്‍ത്ത.

തമിഴ്നാട്ടിലെ, കരൂർ സര്‍ക്കാര്‍ സ്കൂളിലെ രണ്ടാം ക്ലാസുകാരനായ സാദന്‍വിഷാണ് കഴിഞ്ഞ പത്ത് മാസമായി താന്‍ സ്വരുക്കൂട്ടി വച്ച സമ്പാദ്യം മുഴുവനും ഇന്ത്യന്‍ സേനയ്ക്ക് കൈമാറാന്‍ ജില്ലാ കലക്ടറുടെ ഓഫീസിലെത്തിയത്. അച്ഛനുമമ്മയും പലപ്പോഴായി തന്ന നൂറും അമ്പതും രൂപ താന്‍ സൂക്ഷിച്ച് വച്ചെന്നും ആ പണം തങ്ങളുടെ സുരക്ഷ ഉറപ്പാക്കിയ സൈന്യത്തിന് കൈമാറുകയാണെന്നും ആ കുരുന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അച്ഛനുമമ്മയ്ക്കുമൊപ്പം കൈയില്‍ പൊതിഞ്ഞ് പിടിച്ച ഒരു കുപ്പിയുടെ ആകൃതിയിലുള്ള തന്‍റെ പണപ്പെട്ടിയുമായി കല്ടറേറ്റിലൂടെ നടക്കുന്ന സാദന്‍വിഷിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

Scroll to load tweet…

വീഡിയോയില്‍ ഒരു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ സാദന്‍വിഷ് തന്‍റെ കാരുണ്യ പ്രവര്‍ത്തികൾ വിവരിച്ചു. പാവപ്പെട്ടവരെയും നിസഹായരെയും ഭക്ഷണവും വസ്ത്രം നല്‍കി താന്‍  സഹായിക്കാറുണ്ടെന്നും ഉരുൾപൊട്ടല്‍ ദുരിതം നേരിട്ട വയനാട്ടിലേക്കും താന്‍ സഹായം നല്‍കിയിരുന്നെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആ കൊച്ചുമിടുക്കന്‍ പറഞ്ഞു. സാദന്‍വിഷിന്‍റെ പ്രവര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടു. 'അവന്‍, അവന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ചത് നേടട്ടേയെന്ന് ഞാന്‍ ആശംസിക്കുന്നു. പ്രചോദിപ്പിക്കുന്ന കുട്ടി. ഇതിന്‍റെ ക്രഡിറ്റ് അവന്‍റെ അച്ഛനുമ്മയ്ക്കും പിന്നെ എല്ലാ മുതിര്‍ന്നവര്‍ക്കും അവകാശപ്പെട്ടതാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. എന്തൊരു പ്രചോദനാത്മകമായ ആളാണ് അവന്‍. ഈ രാജ്യം ഭാവിയുടെ കൈകളില്‍ സുരക്ഷിതമാണെന്നായിരുന്നു മറ്റൊരു കുറിപ്പ്.