Asianet News MalayalamAsianet News Malayalam

റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണം, കര്‍ണാടക മുഖ്യമന്ത്രിയോട് ഏഴുവയസുകാരിയുടെ അഭ്യര്‍ത്ഥന, വൈറലായി വീഡിയോ

ഹെഗ്ഗനഹള്ളിയിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന ധവാനി സ്വന്തമായാണ് ഈ വീഡിയോ ചെയ്തതെന്ന് പെൺകുട്ടിയുടെ അമ്മ രേഖ നവീൻ കുമാർ പറഞ്ഞു.

seven year old's video to Karnataka CM to fix the potholes
Author
Bangalore, First Published Oct 26, 2021, 2:52 PM IST

ബംഗളൂരു(Bengaluru)വിൽ പഠിക്കുന്ന ഏഴുവയസുകാരി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ(Karnataka CM Basavaraj Bommai)ക്ക് നഗരത്തിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അഭ്യർഥിച്ച് അയച്ച ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. തിപ്റ്റൂരിൽ നിന്നുള്ള രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ധവാനി എൻ ആണ് റോഡിലെ കുണ്ടും കുഴിയും നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചത്. അത് മാത്രവുമല്ല, അതിന്റെ ചിലവിലേക്കായി അവൾ തന്റെ പോക്കറ്റ് മണിയും വാഗ്ദാനം ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, രണ്ട് വർഷം മുൻപ് ധവാനിയുടെ അമ്മയുടെ കാൽ റോഡിലെ ഒരു കുഴിയിൽ പെടുകയും, ഒടിയുകയും ചെയ്തിരുന്നു.    

ബസവരാജിനെ അപ്പൂപ്പനെന്ന് വിളിച്ചാണ് അവൾ കാര്യങ്ങൾ പറഞ്ഞത്. ബംഗളൂരു റോഡുകളുടെ അവസ്ഥ ദയനീയമാണ്, കാരണം അവ മുഴുവൻ കുണ്ടും കുഴിയുമാണെന്ന് അവൾ വിശദീകരിച്ചു. “ദയവായി ഈ കുഴികൾ ശരിയാക്കൂ. അവ മരണക്കെണികളായി മാറിയിരിക്കുന്നു. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുന്നു. അവരുടെ കുടുംബങ്ങൾ അനാഥമാണ്. അവരുടെ കുടുംബങ്ങളെ ആരു പരിപാലിക്കും? വീഡിയോയിൽ പെൺകുട്ടി അദ്ദേഹത്തോട് ചോദിക്കുന്നു. ധവാനിയുടെ 1.13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വ്യക്തികളും സംഘടനകളും പെൺകുട്ടിയുടെ സാമൂഹിക ബോധത്തെ പ്രശംസിക്കുകയും ചെയ്തു.

ഈ കുഴികൾ മൂലം നിരവധി തവണ താൻ ബൈക്കിൽ നിന്ന് വീണിട്ടുണ്ടെന്നും, അതുകൊണ്ടാണ് ഈ വീഡിയോ ചെയ്തതെന്നുമാണ് ധവാനി പറയുന്നത്. കൂടാതെ, ലൈബ്രറിയിൽ പത്രങ്ങൾ വായിക്കുന്ന സമയം, കുഴികൾ കാരണം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി താൻ മനസ്സിലാക്കിയെന്നും അവൾ പറയുന്നു. സർക്കാർ പ്രതികരിച്ചില്ലെങ്കിലോ എന്ന ഐഎഎൻഎസിന്റെ ചോദ്യത്തിന് താൻ കുഴികൾ ഒന്നൊന്നായി നികത്താൻ തുടങ്ങുമെന്നും ധവാനി പറയുന്നു.

ഹെഗ്ഗനഹള്ളിയിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന ധവാനി സ്വന്തമായാണ് ഈ വീഡിയോ ചെയ്തതെന്ന് പെൺകുട്ടിയുടെ അമ്മ രേഖ നവീൻ കുമാർ പറഞ്ഞു. "അവൾക്ക് നല്ല ഓർമയാണ്. അവളുടെ പേരിൽ നിരവധി റെക്കോർഡുകൾ ഉണ്ട്. പത്രങ്ങൾ വായിക്കാൻ ഞാൻ അവളെ ലൈബ്രറിയിലേക്ക് കൊണ്ടുപോകും. നമ്മൾ ശ്രദ്ധിക്കാത്ത പല കാര്യങ്ങളും അവൾ ശ്രദ്ധിക്കും. മുൻപ് ഒരു കുഴി കാരണം ഞാൻ അപകടത്തിൽ പെട്ടു. എന്റെ കാലിന് ഒടിവുണ്ടായി. നഗരത്തിലെ കുഴികൾ കാരണം സംഭവിച്ച മരണങ്ങളെക്കുറിച്ച് അവൾക്ക് ബോധ്യമുണ്ട്” അവർ പറഞ്ഞു. അതേസമയം ഉപതെരഞ്ഞെടുപ്പിനായി വടക്കൻ കർണാടകയിൽ ക്യാമ്പ് ചെയ്യുന്ന ബസവരാജ്‌ ഉൾപ്പെടെയുള്ള അധികാരികൾ ഈ കൊച്ചു പെൺകുട്ടിയുടെ വീഡിയോയോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.  


 

Follow Us:
Download App:
  • android
  • ios