നോയിഡയിലെ ഡിഎൽഎഫ് മാൾ ഓഫ് ഇന്ത്യയിൽ നിന്ന് നെയ്യും പാചക എണ്ണയും മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി. കഴിഞ്ഞ ഒരു മാസമായി ഇവർ സമാനമായ രീതിയിൽ സാധനങ്ങൾ കടത്തിയിരുന്നതായി ആരോപണമുണ്ട്. ഒടുവിൽ സാധനങ്ങളുടെ പണം അടച്ചതോടെ പരാതിയില്ലാതെ പോലീസ് ഇവരെ വിട്ടയച്ചു.
നോയിഡയിലെ സെക്ടർ 18-ലെ ഡിഎൽഎഫ് മാൾ ഓഫ് ഇന്ത്യയിലെ ഒരു സ്റ്റോറിൽ നിന്ന് നെയ്യും റിഫൈൻഡ് പാചക എണ്ണയും മോഷ്ടിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് യുവതി പിടിയിലായതായി റിപ്പോർട്ട്. സംഭവത്തിന്‍റെ ഏകദേശം 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. മാളിനുള്ളിലെ ലെ മാർഷെ സ്റ്റോറിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നു.
നെയ്യും റിഫൈൻഡ് എണ്ണയും മോഷ്ടിച്ചു
വീഡിയോയിൽ മുഖം മറച്ച നിലയിൽ ഒരു സ്ത്രീ പുറത്തേക്ക് നടക്കുന്നതും രണ്ട് വനിതാ സുരക്ഷാ ജീവനക്കാർ അവരുടെ കൈകൾ പിടിച്ച് കൊണ്ട് നടത്തിക്കൊണ്ട് പോകുന്നതും കാണാം. സ്റ്റോറിലെ ഒരാൾ സ്ത്രീക്കെതിരെ സാധനങ്ങൾ മോഷ്ടിച്ചെന്ന ആരോപണം ഉന്നയിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. ഇയാളുടെ കൈവശം ഒരു കുപ്പി നെയ്യും ഒരു കുപ്പി റിഫൈൻഡ് പാചക എണ്ണയും കാണാം. ഇതാണ് സ്ത്രീ പണം കൊടുക്കാതെ ബാഗിലിട്ട് കൊണ്ട് പോകാൻ ശ്രമിച്ചതെന്നും വീഡിയോയിൽ പറയുന്നു.
പലതവണ ആവർത്തിച്ചു. ഒരു തവണ പിടികൂടി
കഴിഞ്ഞ ഒരു മാസത്തിനിടെ ഇതേ സ്റ്റോറിൽ നിന്ന് ഇതേ സ്ത്രീ പലതവണ നെയ്യും എണ്ണയും എടുത്തുപോയെന്ന ആരോപണവും പിന്നാലെ ഉയർന്നു. ഇത്തരം നിരവധി സംഭവങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും സ്ത്രീ വീണ്ടും സ്റ്റോറിലെത്തിയപ്പോഴാണ് അവരെ നിരീക്ഷിച്ച് പിടികൂടുകയായിരുന്നെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ അവകാശപ്പെടുന്നു. അതേസമയം ഈ ആരോപണങ്ങളും വീഡിയോയുടെ ആധികാരികതയും സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
പണം അടച്ചതോടെ സ്ത്രീയെ വിട്ടയച്ചു
പണം നൽകാതെ സാധനങ്ങൾ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഒരു തർക്കം മാളിലുണ്ടായിരുന്നതായി പോലീസ് പറയുന്നു. പിന്നീട് ഈ സ്ത്രീ സാധനങ്ങളുടെ ബിൽ അടച്ചതോടെ ഇരുകക്ഷികളും തമ്മിൽ ധാരണയിലെത്തി പ്രശ്നം അവസാനിച്ചെന്നും പോലീസ് പറയുന്നു. പണം അടച്ചതോടെ സ്ത്രീ സാധനങ്ങളുമായി മാളിൽ നിന്ന് മടങ്ങി. നിലവിലെ സംഭവത്തിൽ പരാതികളില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ പലതരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്.


