ട്രെയിനിൽ സഹയാത്രികയായ യുവതിയോട് മധ്യവയസ്കൻ അശ്ലീല ആംഗ്യം കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇയാളെ തുറന്നുകാട്ടാനായി പങ്കുവെച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ട റെയിൽവേ അധികൃതർ വിവരങ്ങൾ തേടുകയും, ഇയാൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് നിരവധി പേർ ആവശ്യപ്പെടുകയും ചെയ്തു.

ന്ത്യയിൽ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക നാൾക്കുനാൾ വർദ്ധിക്കുകയാണ്. വിദേശ സഞ്ചാരികളായ സ്ത്രീകൾക്ക് മാത്രമല്ല, ഇന്ത്യൻ സ്ത്രീകൾക്കും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ സ്ത്രീകൾക്കെതിയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിൽ ട്രെയിൻ യാത്രക്കാരനായ മധ്യവയസ് പിന്നിട്ടൊരാൾ സമീപത്ത് ഇരിക്കുന്ന സ്ത്രീയോട് അശ്ലീല ആംഗ്യം കാണിക്കുന്നത് കാണാം.

കണ്ണെടുക്കാതെ അശ്ലീല ആംഗ്യം

'അയാളുടെ പെരുമാറ്റത്തിൽ അസ്വസ്ഥയായ പെൺകുട്ടി അയാളെ തുറന്നുകാട്ടാൻ വീഡിയോ റെക്കോർഡ് ചെയ്‌തു,' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എതിർവശത്ത് ഇരിക്കുന്ന യുവതിയെ നോക്കിക്കൊണ്ട് ഇയാൾ അശ്ലീല ആംഗ്യം കാണിക്കുന്നത് വീഡിയോയിൽ കാണാം. ഒരു റിസർവേഷൻ കമ്പാർട്ടമെന്‍റിലാണ് സംഭവം നടന്നത്. 'ഇയാളെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കേണ്ടത് അത്യാവശ്യമാണ്. ട്രെയിനിൽ സ്ത്രീകൾക്ക് നേരെ ഇയാൾ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്, ദയവായി ശ്രദ്ധിക്കുക,” എന്ന കുറിപ്പോടെ വീഡിയോ റെയിൽവേ മന്ത്രാലയത്തിനും റെയിൽവേ സേവയ്ക്കും ടാഗ് ചെയ്തിരുന്നു. വീഡിയോ ഇതിനകം ഏതാണ്ട് ഒരു ലക്ഷത്തിന് മേലെ ആളുകൾ കണ്ടു കഴിഞ്ഞു. നിരവധി ഹാന്‍റിലുകൾ വീഡിയോ വീണ്ടും പങ്കുവയ്ക്കുകയും ചെയ്തു.

പ്രതിയായ ആളെ കൂടുതൽ പേരിലേക്ക് എത്തിക്കൂവെന്ന്

വീഡിയോ വൈറലായതിന് പിന്നാലെ യാത്ര വിവരങ്ങൾ പങ്കുവയ്ക്കാനാവശ്യപ്പെട്ട് റെയിൽവേ സേവ എക്സിൽ കുറിച്ചു. നിരവധി പേർ ഇയാൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. വീഡിയോ പങ്കുവയ്ക്കാനും ഇയാളെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും മറ്റ് ചിലർ ആവശ്യപ്പെട്ടു. മറ്റ് ചിലർ അയാളുടെ കുടുംബത്തിലെ സ്ത്രീകൾ കാണും വരെ വീഡിയോ പങ്കുവയ്ക്കാനായിരുന്നു കുറിച്ചത്. മറ്റ് ചിലർ ഇയാളെ ഓർത്ത് വയ്ക്കാനും എവിടെ കണ്ടാലും അടിച്ചിറക്കാനും കുറിച്ചു. ഇന്ത്യക്കാരായ പുരുഷന്മാരിൽ നിന്നും ദിനംപ്രതി ഇത്തരം കാഴ്ചകൾ മാത്രമേയുള്ളൂവെന്ന് ചിലർ നിരാശയോടെ കുറിച്ചു.