ഗോവയിൽ പാരാസെയിലിംഗിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്ന് മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെക്കുകയാണ് ഒരു യുവതി. ബോട്ടിലേക്ക് തിരികെ കയറ്റുന്നതിനിടെ കടലിൽ മുങ്ങിത്താഴുകയും കയറ് കഴുത്തിൽ കുരുങ്ങുകയും ചെയ്ത ഭയാനകമായ നിമിഷങ്ങളെക്കുറിച്ചും, സാഹസിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ സുരക്ഷ ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അവർ മുന്നറിയിപ്പ് നൽകുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് ഗോവ. അറബിക്കടലിന് അഭിമുഖമായി കിടക്കുന്ന ആഴം കുറഞ്ഞ ഗോവ തീരം ആഭ്യന്തര - വിദേശ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. ഓരോ വർഷവും കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ സന്ദ‍ർശിക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഗോവ. സാഹസിക വിനോദ സഞ്ചാരമായ പാരാസെയിലിംഗിന് ഏറ്റവും അനുയോജ്യമായ ഇടം. ഗോവയിൽ പാരാസെയിലിംഗിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ കുറിച്ച്, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ കുറിച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതും ഇതേ കാരണം കൊണ്ട് തന്നെ.

ഒരു മിനിറ്റ് ത്രിൽ, ജീവന് വേണ്ടി പിട‍ഞ്ഞ പിടച്ചിൽ…

ഒരു മിനിറ്റിന് വേണ്ടിയുള്ള ത്രിൽ മരണത്തിലേക്കുള്ള വാതിലായി മാറിയ, ഭീതിയോടി കൂടി മാത്രം ഓർക്കാൻ പറ്റുന്ന ആ അനുഭവം അവർ വീഡിയോയിൽ പങ്കുവച്ചു. "ഒരു മിനിറ്റ് ആവേശം... എനിക്ക് എല്ലാം നഷ്ടപ്പെടുത്തി." എന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. പാരാസെയിലിംഗിന്‍റെ അവസാനത്തെ ലാപ്പിൽ യുവതിയെ തിരികെ ബോട്ടിൽ കയറ്റുന്നതിനായി അടുപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ബോട്ടിനോട് അടുക്കും തോറും യുവതി കടലിൽ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഈ കാഴ്ച കണ്ട് ബോട്ടിലുണ്ടായിരുന്ന ചിലർ ചിരിക്കുന്നതും കേൾക്കാം. അതേസയം. ആ നിമിഷങ്ങളിൽ താൻ അനുഭവിച്ച പേടിയും വേദനയുമാണ് അവർ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. 'ഗോവയിൽ രസകരമായ ഒരു പാരാസെയിലിംഗ് അനുഭവം, കടലിന്‍റെ നടുവിൽ ഞാൻ കഷ്ടപ്പെടുന്ന അവസ്ഥയിലാണ് അവസാനിച്ചത്. ഞാൻ വെള്ളത്തിൽ വീണു, കയർ എന്‍റെ കഴുത്തിൽ മുറുകി, പെട്ടെന്ന് പരിഭ്രാന്തിയും നിശബ്ദതയും ഭയവും നിറഞ്ഞു. നിങ്ങൾ ഇനി നിയന്ത്രണത്തിലല്ലെന്ന് മനസ്സിലാക്കുമ്പോൾ ഒരു ക്യാമറയ്ക്കും ആ വികാരം പകർത്താൻ കഴിയില്ല.' താൻ പ്രാണരക്ഷാർത്ഥം പിടഞ്ഞപ്പോൾ കേട്ട ചിരികളെ സൂചിപ്പിച്ച് കൊണ്ട് അവരെഴുതി.

View post on Instagram

ഓർമ്മകളല്ല, ട്രോമകളിലെ ജീവിതം

'നിങ്ങളുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായിരിക്കുന്നു. എൻറെ ഭാഗ്യം. ആരൊക്കെയോ വന്നു. ആരൊക്കെയോ എന്നെ രക്ഷപ്പെടുത്തി. പക്ഷേ. എല്ലാവർക്കും ആ രണ്ടാമത്തെ ചാൻസ് കിട്ടിയെന്ന് വരില്ല. നിങ്ങൾ വാട്ടർ സ്പോർട് പരീക്ഷിക്കുകയാണെങ്കിൽ ചോദ്യങ്ങൾ ചോദിക്കണം. സുരക്ഷ പരിശോധിക്കണം. നിങ്ങളുടെ സഹജാവബോധത്തെ വിശ്വസിക്കുക. കാരണം, ചില അനുഭവങ്ങൾ വെറും ഓർമ്മകളായി മാത്രമം നിൽക്കില്ല. അവ ട്രോമകളായി മാറുന്നു.' തന്‍റെ വേദനാജനകമായ അനുഭവത്തെ ഓർത്തെടുത്ത അവർ മറ്റുള്ളവർക്കുള്ള മുന്നറിയിപ്പെന്നവണ്ണം കൂട്ടിച്ചേർത്തു. യുവതിയുടെ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ ഇന്‍സ്റ്റാഗ്രാമിൽ ശ്രദ്ധിക്കപ്പെട്ടു. വിനോദ സഞ്ചാരത്തിനായെത്തി ജീവൻ കളയുന്ന വിനോദങ്ങളിൽ ചെന്ന് പെടുന്നതിനെ കുറിച്ച് നിരവധി പേരെഴുതി. യാത്രകളിൽ, പ്രത്യേകിച്ചും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സാഹസിക സ്പോർട്സ് ഇനങ്ങളിൽ സുരക്ഷയെ ഒരിക്കലും നിസാരമായി കാണരുതെന്ന് ചിലർ കുറിച്ചു. ഗോവയിലെ വാട്ടർ സ്‌പോർട്‌സ് നല്ലതാണെന്നും എന്നാൽ, പരിശീലനം സിദ്ധിച്ച ജീവനക്കാരുടെയും ശരിയായ ഉപകരണങ്ങളുടെ അഭാവം സഞ്ചാരികളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് നിരവധി പേർ കൂട്ടിച്ചേർത്തു.