വർഷങ്ങൾക്ക് മുമ്പ് മരിച്ച സുഹൃത്തിന്റെ കുടുംബത്തിൽ നിന്ന് പച്ചക്കറിക്ക് പണം വാങ്ങാൻ വിസമ്മതിക്കുന്ന ഒരു കടയുടമയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 35 വർഷത്തെ സൗഹൃദത്തിന്റെ ഓർമ്മയ്ക്കായി സുഹൃത്തിന്റെ മകനെ സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് ഇദ്ദേഹം കാണുന്നത്. രക്തബന്ധങ്ങൾക്കപ്പുറമുള്ള ഈ ആത്മബന്ധം പത്ത് ലക്ഷത്തിലധികം ആളുകളുടെ ഹൃദയം കീഴടക്കി.

പണംകൊണ്ട് അളക്കാനാകാത്ത സൗഹൃദത്തിന്‍റെ ഹൃദയസ്പർശിയായ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വർഷങ്ങൾക്കുമുമ്പ് മരിച്ചുപോയ സുഹൃത്തിന്‍റെ കുടുംബത്തിൽനിന്ന് ഇന്നും പണം വാങ്ങാൻ വിസമ്മതിക്കുന്ന പച്ചക്കറിക്കട ഉടമയുടെ സ്നേഹമാണ് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കിയത്.

35 വർഷത്തെ സൗഹൃദം

ഭാവേഷ് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ് പങ്കുവെച്ച വിഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ഭാവേഷിന്‍റെ പിതാവും പച്ചക്കറിക്കട നടത്തുന്നയാളും തമ്മിൽ 35 വർഷത്തോളം നീണ്ട സൗഹൃദമുണ്ടായിരുന്നു. ഇരുവരുടെയും കടകൾ പരസ്പരം അഭിമുഖമായാണ് പ്രവർത്തിച്ചിരുന്നത്. 2013 -ൽ ഭാവേഷിന്‍റെ പിതാവ് മരിച്ചെങ്കിലും ആ കുടുംബവുമായുള്ള ബന്ധം കടയുടമ ഇന്നും കാത്തുസൂക്ഷിക്കുന്നു.

View post on Instagram
 

കുടുംബാംഗങ്ങളിൽ നിന്ന് പണം വാങ്ങാറില്ലെന്ന്

അച്ഛന്‍റെ സുഹൃത്തിന്‍റെ കടയിലെത്തിയ ഭാവേഷ് സ്കൂട്ടറിന്‍റെ ഡിക്കി നിറയെ പച്ചക്കറികൾ വാങ്ങി. പണം നൽകാൻ ശ്രമിച്ചപ്പോൾ കടയുടമ അത് സ്വീകരിക്കാൻ തയ്യാറായില്ല. കുടുംബാംഗങ്ങളിൽനിന്ന് പണം വാങ്ങാറില്ലെന്നും പച്ചക്കറികൾ സ്വന്തം വീട്ടിലേക്കുള്ളത് പോലെയാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. 13 വർഷം മുമ്പ് സുഹൃത്ത് മരിച്ചെങ്കിലും ഇന്നും സുഹൃത്തിന്‍റെ മകനെ സ്വന്തം കുടുംബത്തിലെ ഒരാളായി കാണുന്ന അദ്ദേഹത്തിന്‍റെ മനോഭാവമാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ആകർഷിച്ചത്.

ആത്മബന്ധവും രക്തബന്ധവും വേറെയെന്ന്

അച്ഛന്‍റെ സുഹൃത്തിന്‍റെ സ്നേഹത്തിന് മുന്നിൽ വികാരാധീനനായ ഭാവേഷ് അദ്ദേഹത്തിന്‍റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതും വിഡിയോയിൽ കാണാം. പിന്നീട് കടയുടമയ്ക്ക് ഏറെ ഇഷ്ടപ്പെട്ട കഠി ചോറ് എന്ന വിഭവവുമായി ഭാവേഷ് വീണ്ടും അദ്ദേഹത്തെ കാണാനെത്തി. ഈ സന്ദർശനം ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നു. വിഡിയോ ഇതിനകം പത്ത് ലക്ഷത്തിലധികം പേർ കണ്ടു. നിരവധി പേർ കുറിപ്പുകളുമായെത്തി. സൗഹൃദം വാക്കുകളിലല്ല, പ്രവൃത്തികളിലാണ് തെളിയുന്നതെന്നും രക്തബന്ധങ്ങൾക്കപ്പുറവും കുടുംബബന്ധങ്ങൾ രൂപപ്പെടാമെന്നും പലരും അഭിപ്രായപ്പെട്ടു.