ജപ്പാനിൽ അധ്യാപികയായി ജോലി ചെയ്യുന്ന പ്രഗതി എന്ന ഇന്ത്യൻ യുവതി ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ ശ്രദ്ധിക്കപ്പെടുന്നു. അരമണിക്കൂര്‍ ഓവര്‍ ടൈം ജോലി ചെയ്താല്‍ പോലും അഭിനന്ദനവും കാശും കിട്ടുമെന്നാണ് അധ്യാപിക പറയുന്നത്. 

അച്ചടക്കം, കാര്യക്ഷമത, കർശനമായ തൊഴിൽ നിയമങ്ങൾ എന്നിവയുടെ കാര്യത്തിൽ പേരുകേട്ട നാടാണ് ജപ്പാൻ. ഇവിടുത്തെ തൊഴിൽ നിയമങ്ങളെ കുറിച്ചും ജോലിസമയത്തെ കുറിച്ചുമെല്ലാം നിരവധി വാർത്തകൾ പുറത്ത് വരാറുണ്ട്. എന്നാൽ, ജപ്പാനിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ യുവതി ഷെയർ ചെയ്ത ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അധ്യാപികയായി ജോലി ചെയ്യുന്ന യുവതി പറയുന്നത് ജപ്പാനിലെ വിദ്യാലയത്തിൽ നിന്നുള്ള തന്റെ അനുഭവങ്ങളും ഒപ്പം തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നതിനെ കുറിച്ചുമാണ്.

പ്രഗതി എന്ന അധ്യാപിക കഴിഞ്ഞ ഏഴ് മാസമായി ജപ്പാനിൽ ജോലി ചെയ്തുവരികയാണ്. അര മണിക്കൂർ അധികം ജോലി ചെയ്താൽ പോലും അതിന് കൃത്യമായി വേതനം ലഭിക്കും എന്നാണ് പ്രഗതി വീഡിയോയിൽ പറയുന്നത്. ഈ നിയമം കർശനമായി നടപ്പിലാക്കുന്നതാണെന്നും പാലിക്കുന്നുണ്ടെന്നും അവർ പറയുന്നു. ജാപ്പനീസ് സ്കൂളുകളിൽ പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തിലും കർശനമായ നിയന്ത്രണങ്ങളുണ്ടെന്ന് അവർ പറയുന്നു. അധ്യാപകർക്ക് തുടർച്ചയായി അഞ്ച് ദിവസത്തിൽ കൂടുതൽ ജോലി ചെയ്യാൻ അനുവാദമില്ല, ഇത് ആരോഗ്യകരമായ വർക്ക് ലൈഫ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു.

View post on Instagram

അതുപോലെ ആരെങ്കിലും അധികം ജോലി ചെയ്യുന്നുണ്ടെങ്കിൽ മറ്റ് അധ്യാപകർ അതിനെ അം​ഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. അത് നിങ്ങൾക്ക് അധികം പൈസ കിട്ടുമെങ്കിൽ പോലും അങ്ങനെയാണ് എന്നാണ് പ്ര​ഗതി പറയുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഇങ്ങനെ ആകണമെങ്കിൽ നമ്മളിനിയും എത്ര മുന്നോട്ട് പോകണം എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ഇന്ത്യയിലെ തൊഴിലിടങ്ങളിൽ അധികശമ്പളമില്ലാതെ തന്നെ എല്ലാ ദിവസവും അധികം ജോലി ചെയ്യിപ്പിക്കുന്നതും, വർക്ക് ലൈഫ് ബാലൻസിന്റെ അഭാവവുമെല്ലാം ഇതുപോലെ ചർച്ചയാവാറുണ്ട്.