ബാങ്കോക്കിലെ വാട്ട് പാരിവാറ്റ് ക്ഷേത്രം 'ഡേവിഡ് ബെക്കാം ക്ഷേത്രം' എന്ന പേരിലും പ്രശസ്തമാണ്. ഡേവിഡ് ബെക്കാം, ക്യാപ്റ്റൻ അമേരിക്ക, പിക്കാച്ചു, തുടങ്ങിയ ആധുനിക പോപ്പ് കൾച്ചർ കഥാപാത്രങ്ങളുടെ ശില്പങ്ങളാണ് ഈ ബുദ്ധക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്നത് .
ആധുനികതയും പാരമ്പര്യവും ഒത്തുചേരുന്ന ഒരു നഗരമാണ് ബാങ്കോക്ക്. തിരക്കേറിയ കനാൽ വഴികളും സജീവമായ തെരുവുകളും ആകാശത്തോളം ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളും ആ നഗരത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. എന്നാൽ, ഈ തിരക്കുകൾക്കിടയിലും സന്ദർശകർക്ക് ശാന്തിയും സമാധാനവും നൽകുന്ന നിരവധി ആരാധനാലയങ്ങൾ തായ്‌ലൻഡിന്‍റെ തലസ്ഥാനമായ ഇവിടെയുണ്ട്. അതിലൊന്നാണ് വാട്ട് പാരിവാറ്റ് ക്ഷേത്രം (Wat Pariwat Temple).
ഡേവിഡ് ബെക്കാം ക്ഷേത്രം
മറ്റ് ബുദ്ധക്ഷേത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു ബുദ്ധക്ഷേത്രമാണിത്. ഈ ക്ഷേത്രം ‘ഡേവിഡ് ബെക്കാം ക്ഷേത്രം’ എന്നും അറിയപ്പെടുന്നു. എന്തുകൊണ്ടാണ് ഇതിനെ അങ്ങനെ വിളിക്കുന്നത് എന്നല്ലേ? ക്യാപ്റ്റൻ അമേരിക്ക, മിക്കി മൗസ്, വുൾവറിൻ തുടങ്ങിയ പ്രശസ്തമായ പോപ്പ് കൾച്ചർ കഥാപാത്രങ്ങളുടെ ശില്പങ്ങൾ ഈ ക്ഷേത്രത്തിന്‍റെ ചുവരുകളിൽ കൊത്തിവെച്ചിട്ടുണ്ട്. കൂടാതെ, പ്രധാന പീഠത്തിന് താഴെ ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന്‍റെ ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതകൾ വിവരിച്ച് കൊണ്ടുള്ള ഒരു ഇൻസ്റ്റാഗ്രാം വീഡിയോ കഴിഞ്ഞ ഡിസംബർ 25-നാണ് പങ്കുവെക്കപ്പെട്ടത്. ഗൗരവ് എന്ന യാത്രക്കാരനും കൂട്ടുകാരനും ക്ഷേത്രത്തിലെ ഈ വിചിത്ര ശില്പങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. വുൾവറിൻ, മിക്കി മൗസ്, സൂപ്പർമാൻ, അക്വാമാൻ, പിക്കാച്ചു തുടങ്ങി നിരവധി കഥാപാത്രങ്ങളെ കണ്ടെത്താൻ അവർക്ക് സാധിച്ചു. "ബാങ്കോക്ക് നഗരം നിങ്ങളെ ഇതുവരെ അത്ഭുതപ്പെടുത്തിയിട്ടില്ലെങ്കിൽ, ഈ ക്ഷേത്രം തീർച്ചയായും നിങ്ങളെ അമ്പരപ്പിക്കും. ഈ മനോഹരമായ ക്ഷേത്രത്തിന്‍റെ നിർമ്മാണത്തിൽ ഒളിഞ്ഞിരിക്കുന്ന വിവിധ കഥാപാത്രങ്ങളെ കണ്ടെത്തുകയെന്നത് രസകരമായ ഒരു നിധി വേട്ട (Treasure Hunt) പോലെയാണ്. അതിൽ ചില കഥാപാത്രങ്ങളെ മാത്രമേ ഞാൻ ഇവിടെ പങ്കുവെച്ചിട്ടുള്ളൂ. നിങ്ങൾ ഈ സ്ഥലം സന്ദർശിക്കുകയാണെങ്കിൽ, അവിടെയുള്ള എല്ലാ ശില്പങ്ങളെയും കണ്ടെത്താൻ ശ്രമിക്കുമല്ലോ," എന്നായിരുന്നു വീഡിയോയ്ക്കൊപ്പം ചേർത്ത കുറിപ്പിൽ പറയുന്നത്.
കിംഗ് കോലിയും വേണം
വീഡിയോ വൈറലായതോടെ, ഇന്ത്യൻ സമൂഹ മാധ്യമ ഉപയോക്താക്കൾ തമാശ കലർന്ന കുറിപ്പുകളുമായെത്തി. തായ്‌ലൻഡിലെ ഈ ക്ഷേത്രത്തിൽ ഇത്തരം ആധുനിക ശില്പങ്ങൾക്ക് സ്ഥാനമുണ്ടെങ്കിൽ, നമ്മുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങൾക്കും അവിടെ ഇടം നൽകണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറ്റവുമധികം ഉയർന്ന ആവശ്യം വിരാട് കോലിയുടെ ഒരു പ്രതിമ അവിടെ സ്ഥാപിക്കണമെന്നാണ്. "പിക്കാച്ചുവിനും സൂപ്പർമാനും അവിടെ സ്ഥാനമുണ്ടെങ്കിൽ, ഞങ്ങളുടെ 'കിംഗ് കോലിക്ക്' തീർച്ചയായും ഒരു പ്രതിമ അവിടെ അർഹതപ്പെട്ടതാണ്," എന്ന് ഒരു ആരാധകൻ കുറിച്ചു. ശാസ്ത്രലോകത്തെ പ്രതിഭയായ ആൽബർട്ട് ഐൻസ്റ്റീന്‍റെ (തവിട്ടുനിറത്തിലുള്ള മുടിയോടുകൂടിയ രൂപം), വിപ്ലവ നായകൻ ചെഗുവേര എന്നിവരുടെ ശില്പങ്ങളും സന്ദർശകർക്ക് ഇവിടെ കണ്ടെത്താനാകും.
പണി നടക്കുന്ന ക്ഷേത്രം
അറ്റ്‌ലസ് ഒബ്‌സ്‌ക്യൂറയുടെ (Atlas Obscura) റിപ്പോർട്ട് പ്രകാരം, അയുത്തായ (Ayutthaya) കാലഘട്ടത്തിന്‍റെ അവസാനത്തിനും രത്തനകോസിൻ (Rattanakosin) യുഗത്തിന്‍റെ പ്രാരംഭ വർഷങ്ങൾക്കും ഇടയിലുള്ള കാലത്താണ് ഈ ക്ഷേത്രസമുച്ചയം നിർമ്മിക്കപ്പെട്ടത്. കാലപ്പഴക്കത്താൽ ഈ ആരാധനാലയം പിന്നീട് നാശോന്മുഖമായ അവസ്ഥയിലായിരുന്നു. 2008 -ലാണ് ഈ ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ക്ഷേത്രത്തിലെ പ്രധാന കെട്ടിടങ്ങളിൽ ഒന്നിന്‍റെ നിർമ്മാണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇത് 2028-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴമയും പുതുമയും ഒത്തുചേരുന്ന രീതിയിലുള്ള ഈ നിർമ്മാണ ശൈലി ക്ഷേത്രത്തെ ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിരിക്കുകയാണ്


