ചണ്ഡീഗഡ് ഹൈവേയിലൂടെ 100 കിലോമീറ്റർ വേഗതയിൽ പോകുമ്പോൾ കാറിന്‍റെ ഡ്രൈവർ ഇരുന്ന് ഉറങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഡ്രൈവറുടെ അശ്രദ്ധയും റോഡ് സുരക്ഷാ വീഴ്ചകളും വലിയ ചർച്ചകൾക്കാണ് സമൂഹ മാധ്യമങ്ങളിൽ തുടക്കമിട്ടത്. 

റോഡ് അപകടങ്ങൾ നാൾക്കുനാൾ വ‍ർദ്ധിച്ച് വരികയാണ്. വാഹനങ്ങളുടെ എണ്ണം കൂടുമ്പോഴും ഗതാഗത സംവിധാനങ്ങൾ അതിനനുസരിച്ച് ഉയരുന്നില്ലെന്നതും അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു. അതേസമയം ഡ്രൈവർമാരുടെ അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാകുന്നു. അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഹൈവേയിലൂടെ 100 കിലോമീറ്റർ വേഗതയിൽ പോകുമ്പോൾ കാറിന്‍റെ ഡ്രൈവർ ഇരുന്ന് ഉറങ്ങുന്ന വീഡിയോയായിരുന്നു അത്.

ഓടുന്ന കാറിൽ ഉറങ്ങുന്ന ഡ്രൈവർ

ചണ്ഡീഗഡ് മണാലി ഹൈവേയിൽ നിന്നുള്ളതാണ് ഈ ഞെട്ടിക്കുന്ന വീഡിയോ. ഹൈവേയിലൂടെ പറന്ന് പോയ കാറിന് സമാന്തരമായി സഞ്ചരിച്ച വാഹനത്തിൽ നിന്നുമാണ് വീഡിയോ പകർത്തിയത്. വീഡിയോയിൽ അതിവേഗത്തിൽ പോകുന്ന കാറിന്‍റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് തലപ്പാവ് ധരിച്ച് ഡ്രൈവർ ഇരുന്ന് ഉറങ്ങുന്നത് കാണാം. കാർ ഡ്രൈവറെ ഉണർത്താനായി വാഹനത്തിലുള്ളവർ വലിയ തോതിൽ ഹോണ്‍ മുഴക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഡ്രൈവർ അതൊന്നും അറിയാതെ നല്ല ഉറക്കത്തിലാണ്. വീഡിയോ ഹൈവേകളിലെ അശ്രദ്ധമായ ഡ്രൈവിംഗിനെയും റോഡ് സുരക്ഷയെയും കുറിച്ച് വലിയ തോതിലുള്ള ആശങ്ക ഉയർത്തി.

നടപടി വേണമെന്ന് ആവശ്യം

അതേസമയം മറ്റുവാഹനങ്ങളിലുള്ളവരുടെ ഇടപെടലിൽ ഡ്രൈവർ ഉറക്കമുണർന്നെന്നും അതിനാൽ വലിയൊരു അപകടം ഒഴിവായെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ ഗുരുതരമായ ആശങ്കകൾ ഉയർത്തി. പൊതുനിരത്തുകളിലെ ജീവന് ഭീഷണിയായ ഇത്തരം അശ്രദ്ധകൾ തടയാൻ കർശന നടപടിയും മികച്ച നിരീക്ഷണവും വേണമെന്ന് നിരവധി ഉപയോക്താക്കൾ ആവശ്യപ്പെട്ടു.