വഴിയരികില്‍ വീണു കിടക്കുന്ന മാങ്ങയെടുത്താല്‍ പണി കിട്ടുമോ? സിംഗപ്പൂരിലെ പൊതുവിടങ്ങളിലാണെങ്കില്‍ ചിലപ്പോള്‍ കിട്ടിയെന്ന് വരും. വെറും പണിയല്ല, ലക്ഷങ്ങളുടെ പണി. 

വഴിയരികിൽ നല്ലൊരു മാങ്ങ കേടുപാടുകളൊന്നും ഇല്ലാതെ വീണു കിടക്കുന്നത് കണ്ടാൽ ആരായാലും എടുത്തുപോകും. അതിപ്പോൾ വലിയ തല പോകുന്ന കേസൊന്നും അല്ലല്ലോ. എന്നാൽ, എല്ലായിടത്തും ഇത് അങ്ങനെ ആയിക്കൊള്ളണം എന്നില്ല. ഉദാഹരണത്തിന് കർശനമായ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് സിം​ഗപ്പൂർ. സിം​ഗപ്പൂരിൽ വീണുകിടക്കുന്ന മാങ്ങ എടുത്താൽ വൻ തുകയാണ് പിഴ. സിംഗപ്പൂരിൽ താമസിക്കുന്ന പ്രിയങ്ക സിൻഹ എന്ന ഇന്ത്യൻ യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റോഡരികിൽ നിൽക്കുന്ന നിറയെ മാങ്ങയുള്ള ഒരു മാവും താഴെ വീണുകിടക്കുന്ന മാമ്പഴങ്ങളുമാണ് പ്രിയങ്ക വീഡിയോയിൽ കാണിക്കുന്നത്. എന്നാൽ, മാമ്പഴം കാണുമ്പോൾ വായിൽ വെള്ളമൂറിയിട്ട് കാര്യമില്ല. മാമ്പഴങ്ങളിൽ ഒന്ന് തൊട്ടാൽ പോലും 5,000 സിംഗപ്പൂർ ഡോളർ അതായത്, ഏകദേശം 3.74 ലക്ഷം ഇന്ത്യൻ രൂപ പിഴ ഒടുക്കേണ്ടി വരും എന്നാണ് പ്രിയങ്ക മുന്നറിയിപ്പ് നൽകുന്നത്. മരത്തിൽ നിന്ന് പറിച്ചാലും നിലത്തു വീണത് എടുത്താലും ശിക്ഷ ഒരുപോലെ തന്നെ.

എന്തായാലും, പ്രിയങ്ക വീഡിയോ പങ്കുവച്ചതോടെ ഇത് ശരിയാണോ, തെറ്റാണോ തുടങ്ങിയ ചർച്ചകൾ ഉയർന്നു കഴിഞ്ഞു. എന്തൊരു വിചിത്രമായ നിയമം, എന്തിനാണ് ഈ പഴങ്ങൾ പാഴാക്കി കളയുന്നത് തുടങ്ങിയ കമന്റുകളാണ് ആളുകൾ നൽകുന്നത്. അതേസമയം, ശരിക്കും സിം​ഗപ്പൂരിൽ ഇങ്ങനെ ഒരു നിയമമുണ്ടോ എന്നും ആളുകൾ ചോദിക്കുന്നുണ്ട്.

View post on Instagram

എന്താണ് നിയമം?

സിംഗപ്പൂർ മിനിസ്ട്രി ഓഫ് നാഷണൽ ഡെവലപ്‌മെന്റ് നൽകുന്ന വിശദീകരണം പ്രകാരം, പൊതുസ്ഥലങ്ങളിലോ സർക്കാർ ഭൂമിയിലോ ഉള്ള മരങ്ങളും അവയിലെ പഴങ്ങളുമെല്ലാം സർക്കാരിന്റെ സ്വത്താണ്. നാഷണൽ പാർക്ക് ബോർഡിന്റെ അനുമതിയില്ലാതെ പഴങ്ങൾ പറിക്കാനോ ശേഖരിക്കാനോ പാടില്ല. അനുമതിയില്ലാതെ പഴങ്ങൾ ശേഖരിച്ചാൽ $5,000 വരെ പിഴ നൽകേണ്ടി വരും. സംരക്ഷിത മേഖലകളിൽ നിന്നാണ് പഴങ്ങൾ എടുക്കുന്നതെങ്കിൽ ശിക്ഷ കടുക്കും. $50,000 വരെ പിഴയോ അല്ലെങ്കിൽ 6 മാസം വരെ തടവോ (അല്ലെങ്കിൽ രണ്ടും കൂടിയോ) ലഭിക്കാം.