'യാത്രയിലെ മാന്ത്രികമായ ഒരു നിമിഷം' എന്നാണ് ജതിൻ ഗുപ്ത ഹിമപ്പുലിയെ കണ്ട നിമിഷത്തെ കുറിച്ച് പറയുന്നത്.
തികച്ചും യാദൃച്ഛികമായി മൃഗങ്ങൾ മുന്നിലേക്ക് കയറി വരുന്ന അവസ്ഥകൾ പലർക്കും ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. പ്രത്യേകിച്ചും കാടുകൾക്കടുത്തുള്ള സ്ഥലങ്ങളിലൂടെയോ, മൃഗങ്ങളുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിലൂടെയോ ഒക്കെ യാത്ര ചെയ്യുമ്പോൾ. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഒരു കൂട്ടം വിനോദസഞ്ചാരികളാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‌വരയിലെ റോഡിലൂടെ നടന്നു പോകുന്ന ഒരു ഹിമപ്പുലിയെ ആണ് വീഡിയോയിൽ കാണുന്നത്. ഒരുപക്ഷേ, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിച്ചേക്കാവുന്ന ഈ കാഴ്ച അവരെ അമ്പരപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തിങ്കളാഴ്ച വൈകുന്നേരം 6 -നും 7 -നും ഇടയിൽ കാസോയിൽ നിന്ന് നാക്കോയിലേക്ക് പോകുമ്പോഴാണത്രെ സംഘം ഹിമപ്പുലിയെ കണ്ടത്.
ട്രാവൽ വ്ലോഗറായ ജതിൻ ഗുപ്ത ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. '2025 മെയ് 5 -ന് വൈകുന്നേരം 6 -നും 7 -നും ഇടയിൽ, കാസയിൽ നിന്ന് നാക്കോയിലേക്ക് യാത്ര ചെയ്യവേ, ടാബോ കടന്ന് ഏകദേശം എട്ടുപത്ത് കിലോമീറ്റർ കഴിഞ്ഞപ്പോൾ ഞങ്ങൾ ആ റോഡിൽ ഒരു മറക്കാനാവാത്ത കാഴ്ച കണ്ടു - ഒരു ഹിമപ്പുലി' എന്നാണ് ജതിൻ ഗുപ്ത കുറിച്ചിരിക്കുന്നത്. ഈ അപൂർവമായ മൃഗങ്ങളെ വല്ലപ്പോഴുമേ കാണാറുള്ളൂ എന്നും ജതിൻ ഗുപ്ത പറയുന്നു.
'യാത്രയിലെ മാന്ത്രികമായ ഒരു നിമിഷം' എന്നാണ് ജതിൻ ഗുപ്ത ഹിമപ്പുലിയെ കണ്ട നിമിഷത്തെ കുറിച്ച് പറയുന്നത്. വീഡിയോയിൽ സംഘത്തിന്റെ കാർ മുന്നോട്ട് പോകുമ്പോൾ ഒരു ഹിമപ്പുലി റോഡിലൂടെ പോകുന്നത് കാണാം. വാഹനത്തിന്റെ സാന്നിധ്യമറിഞ്ഞതോടെ അല്പം വേഗത്തിലാണ് അതിന്റെ പോക്ക്.
വീഡിയോയ്ക്ക് അനേകങ്ങളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത്തരമൊരു കാഴ്ച വളരെ വളരെ അപൂർവമാണ് എന്നും അത് കാണാനായ നിങ്ങൾ ശരിക്കും ഭാഗ്യമുള്ളവരാണ് എന്നും അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്.


