ബൈക്ക് ടാക്സി, മാസം വരുമാനം 80,000 മുതൽ 85,000 വരെ, വൈറലായി യുവാവ്
ഈ വരുമാനം നേടാൻ താൻ ഒരു ദിവസം 13 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ട് എന്ന് ഡ്രൈവർ വിശദീകരിക്കുന്നതും വീഡിയോയിൽ കാണാം.
ബൈക്ക് ടാക്സികൾ ഇന്ന് ഇന്ത്യയിലെ പല നഗരങ്ങളിലും വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഊബർ, റാപ്പിഡോ പോലുള്ള കമ്പനികൾക്ക് പുറമേ ഓടുന്ന ഡ്രൈവർമാർക്കും നല്ലൊരു തുക ഇത് നേടിക്കൊടുക്കുന്നു. എന്നാൽ, ദിവസവും എത്ര രൂപ ഇതിൽ നിന്ന് വരുമാനം കിട്ടും എന്ന് ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. എന്തായാലും, അതുപോലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബെംഗളൂരുവിൽ നിന്നുള്ള ഊബറും റാപ്പിഡോയും ആയി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു ബൈക്ക് ടാക്സി ഡ്രൈവർ പറയുന്നത് താൻ ഒരുമാസം 80,000 മുതൽ 85,000 വരെ ഇതിലൂടെ നേടുന്നുണ്ട് എന്നാണ്. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലാണ് യുവാവിന്റെ വെളിപ്പെടുത്തൽ.
ഈ വരുമാനം നേടാൻ താൻ ഒരു ദിവസം 13 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ട് എന്ന് ഡ്രൈവർ വിശദീകരിക്കുന്നതും വീഡിയോയിൽ കാണാം. കർണാടക പോർട്ട്‌ഫോളിയോ എന്ന അക്കൗണ്ടിൽ നിന്നാണ് ഡിസംബർ 4 -ന് എക്സിൽ (ട്വിറ്റർ) വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പിന്നാലെ, വീഡിയോ വൈറലായി മാറുകയായിരുന്നു.
വീഡിയോ പകർത്തിയിരിക്കുന്നയാൾ പറയുന്നത് താൻ പോലും ഇത്ര സമ്പാദിക്കുന്നില്ല എന്നാണ്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി മാറുകയായിരുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. കഠിനാധ്വാനം കൊണ്ട് വിജയം കൈവരിക്കാനാകുമെന്നതിന്റെ ഉദാഹരണമായിട്ടാണ് ചിലർ വീഡിയോയെ കണ്ടത്.
മറ്റ് ചിലർ സമാനമായ ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി. എങ്ങനെയാണ് ടാക്സിയോടിച്ച് ആളുകൾ തങ്ങളുടെ കടങ്ങൾ വീട്ടുന്നത് എന്നും മറ്റും പലരും ചൂണ്ടിക്കാണിച്ചു. എന്തായാലും, യുവാവിന്റെ അധ്വാനിക്കാനുള്ള മനസിനെ അഭിനന്ദിക്കുകയാണ് മറ്റ് ചിലർ ചെയ്തത്. എന്ത് ജോലി ചെയ്യുന്നു എന്നതിലല്ല കാര്യം എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.