എയർ ഇന്ത്യ പൈലറ്റായ ശ്രുതി, താൻ ക്യാപ്റ്റനായ വിമാനത്തിൽ തന്‍റെ മുത്തശ്ശിയെ ആദ്യമായി യാത്ര ചെയ്യാൻ കൊണ്ടുപോയി. കൊച്ചുമകൾ വിമാനം പറത്തുന്നതിലുള്ള മുത്തശ്ശിയുടെ സന്തോഷവും അഭിമാനവും വീഡിയോയിൽ കാണാം. സമൂഹ മാധ്യമ ഉപയോക്താക്കളും ശ്രുതിയെ അഭിനന്ദിച്ചു. 

 

നീണ്ട പഠനങ്ങൾക്ക് ശേഷം ഉയർന്ന ജോലി ലഭിക്കുമ്പോൾ അവിടേയ്ക്ക് അച്ഛനമ്മമാരെ കൂട്ടി കൊണ്ട് പോകുകയും അത്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നവർ ഇന്ന് ഏറെയാണ്. എന്നാൽ, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. താൻ ക്യാപ്റ്റനായ വിമാനത്തിൽ തന്‍റെ മുത്തശ്ശിയെയും കൂടെ കൂട്ടിയ കൊച്ച് മകളുടെ വീഡിയോയായിരുന്നു അത്.

മുത്തശ്ശിയുമൊത്ത്

15 വർഷം മുമ്പ് ഇന്ദിരാ ഗാന്ധി സർവകലാശാലയിൽ പഠനത്തിന് വരുമ്പോൾ മുത്തശ്ശിയോടൊപ്പമായിരുന്നു താമസം. ഇന്ന് എയർ ഇന്ത്യയിൽ പൈലറ്റാണ് ശ്രുതി. മുത്തശ്ശിയോടൊപ്പമുള്ള ആ കാലം ഏറെ ഇഷ്ടപ്പെടുന്ന ശ്രുതി താൻ പൈലറ്റായ ഇന്‍ഡിഗോ വിമാനത്തിൽ മുത്തശ്ശിയേയും കൂടെ കൂട്ടി. മുത്തശ്ശി ആദ്യമായാണ് വിമാന യാത്ര ചെയ്യുന്നത്. അതും പൂനെയിൽ നിന്നും ദില്ലിയിലേക്ക് തന്‍റെ കൊച്ച് മകൾ പറത്തുന്ന വിമാനത്തിൽ. വിമാനം പറന്നുയരുന്നതിന് മുമ്പായി യാത്രക്കാരുമായി സംവദിക്കവെ തന്‍റെ മുത്തശ്ശിയും ഒപ്പമുണ്ടെന്ന് ശ്രുതി മറ്റ് യാത്രക്കാരോട് പറയുന്നു. ഇതിനിടെ തന്‍റെ അടുത്തിരിക്കുന്ന യാത്രക്കാരിയോട് തന്‍റെ കൊച്ച് മകളാണ് അതെന്ന് മുത്തശ്ശി പറയുന്ന ദൃശ്യം ആരെയും ആകർഷിക്കും.

View post on Instagram
 

 

അഭിനന്ദിച്ച് നെറ്റിസെന്‍സ്

സമൂഹ മാധ്യമ ഉള്ളടക്ക സൃഷ്ടാവായ ശ്രുതി പങ്കുവച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടി. ആളുകൾ വീഡിയോയ്ക്ക് താഴെ തങ്ങളുടെ മുത്തശ്ശിമാരോടുള്ള സ്നേഹത്തെ കുറിച്ച് എഴുതി. ജീവിതത്തിലെ ഏറ്റവും മനോഹരവും അസുലഭവുമായ നിമിഷങ്ങളാണ് അവയെന്ന് നിരവധി പേരാണ് കുറിച്ചത്. പലരും ഇത്തരമൊരു അനുഭവം തന്‍റെ മുത്തശ്ശിക്ക് സമ്മാനിച്ച ശ്രുതിയെ അഭിനന്ദിച്ചു.