ദുബായിൽ താമസിക്കുന്ന ഒരു വനിത പങ്കുവെച്ച പൊതു ശൗചാലയത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. സാധാരണക്കാർ ഉപയോഗിക്കുന്ന പാർക്കിന് സമീപമുള്ള ശൗചാലയത്തിന്‍റെ അസാധാരണമായ ശുചിത്വവും പരിപാലനവുമാണ് വീഡിയോയുടെ ഉള്ളടക്കം. ഈ വീഡിയോ ദുബായിലെ പൊതു സൗകര്യങ്ങളുടെ ഉയർന്ന നിലവാരത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.
ഒരു നഗരത്തിന്‍റെ വികസനവും മാതൃകയും അളക്കുന്നത് അവിടുത്തെ പൊതു സൗകര്യങ്ങളുടെ നിലവാരം കൂടെ നോക്കിയാണ്. ആ കാര്യത്തിൽ ദുബായ് വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ജനത്തിരക്കേറിയ ഒരു പാർക്കിന് സമീപമുള്ള പൊതു ശൗചാലയത്തിന്‍റെ ശുചിത്വവും മികച്ച പരിപാലനവും വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുബായിൽ താമസിക്കുന്ന ഒരു വനിത.
സാധാരണക്കാർക്ക് വേണ്ടിയുള്ളത്
ഇൻസ്റ്റാഗ്രാമിൽ @ifha_familyindubai എന്ന അക്കൗണ്ടിലൂടെയാണ് ഇവർ വീഡിയോ പുറത്തുവിട്ടത്. വൻകിട മാളുകളിലോ ആഡംബര ഹോട്ടലുകളിലോ ഉള്ളതല്ല ഈ ശൗചാലയമെന്നും, സാധാരണക്കാർ ദിനംപ്രതി വരുന്ന പാർക്കിനോട് ചേർന്നുള്ളതാണെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു. പൊതു ശൗചാലയത്തിന്‍റെ വൃത്തിയുള്ള തറയും സൂക്ഷ്മമായി പരിപാലിച്ചിരിക്കുന്ന വാഷ് ബേസിനും മറ്റ് ക്രമീകരണങ്ങളും വീഡിയോയിൽ വ്യക്തമായി കാണാം. ദിവസവും ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഇടമായിരുന്നിട്ടും ഇത് എങ്ങനെ ഇത്രയും വൃത്തിയായി സൂക്ഷിക്കുന്നുവെന്നാണ് ഇവർ അത്ഭുതപ്പെടുന്നത്.
'ദുബായ് പോലെ വേറൊരു സ്ഥലമില്ല'
വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ നിരവധി പേരാണ് ദുബായിലെ പൊതു ഭരണ സംവിധാനത്തെയും ശുചിത്വ നിലവാരത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്."ഉയർന്ന നിലവാരവും ഉത്തരവാദിത്തബോധവും എടുത്തു കാണിക്കുന്ന മികച്ചൊരു ഉദാഹരണം," എന്ന് ഒരു ഉപയോക്താവ് കുറിച്ചു."അതുകൊണ്ടാണ് ദുബായ് പോലെ വേറൊരു സ്ഥലമില്ല എന്ന് പറയുന്നത്," എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. "യു.എ.ഇയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ഇവിടുത്തെ അതിശയിപ്പിക്കുന്ന വൃത്തിയാണ്," എന്നായിരുന്നു വേറൊരു കമന്‍റ്."സത്യത്തിൽ ഇവിടുത്തെ എല്ലാ പൊതു ശൗചാലയങ്ങളും ഇതുപോലെ അമ്പരപ്പിക്കുന്നവയാണ്," എന്നും പലരും സാക്ഷ്യപ്പെടുത്തി. പൊതു സൗകര്യങ്ങൾ എത്രത്തോളം വൃത്തിയായി സൂക്ഷിക്കാമെന്നതിന് ലോകത്തിന് തന്നെ മികച്ചൊരു മാതൃകയാണ് ദുബായ് നൽകുന്നതെന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം പേരുടെയും അഭിപ്രായം.


