ഒരു പാനിപ്പൂരി കച്ചവടക്കാരൻ പ്രതിദിനം 3,000 രൂപ വെച്ച് മാസം 90,000 രൂപ സമ്പാദിക്കുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒരു ഉള്ളടക്ക നിർമ്മാതാവ് ഇത് ശരിയാണോ എന്ന് പരിശോധിക്കുകയും, ഈ ഉയർന്ന വരുമാനം നെറ്റിസൺസിനിടയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

സ്ട്രീറ്റ് ഫുഡ് എന്ന ഒമനപ്പേരിൽ അറിയപ്പെടുന്ന ഭക്ഷണങ്ങൾക്ക് ഇന്ത്യയിൽ വലിയ മാർക്കറ്റാണുള്ളത്. കേരളത്തിലേക്ക് എത്തുമ്പോൾ അതൊരു ചായയിൽ തുടങ്ങി, പലയിനം വടകൾ, വെട്ടുകേക്ക്, പഫ്സ്. സമ്മൂസ.. അങ്ങനെയങ്ങ് തുടരുമ്പോൾ ഉത്തരേന്ത്യയിൽ ഈ സ്ഥാനം ഏതാണ്ട് പൂർണമായും കൈയേറുന്നത് പാനിപ്പൂരിയാണ്. അത്തരമൊരു തെരുവ് പാനിപ്പൂരി കച്ചവടക്കാരന് ഒരു ദിവസം മൂവായിരം രൂപ വച്ച് ഒരു മാസം 90,000 രൂപ സമ്പാദിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് നെറ്റിസെന്‍സ്.

ദിവസം 3,000. മാസം 30,000 പ്രതിവർഷം 10.8 ലക്ഷം രൂപ!

രുചികരമായ ഉരുളക്കിഴങ്ങ് അല്ലെങ്കിൽ എരിവുള്ള വെളുത്ത പയർ മിശ്രിതങ്ങൾ എന്നിവ നിറച്ച്, എരിവും മസാലയും ഒരല്പം പുളിയും ചേർത്ത വെള്ളവും ക്രിസ്പിയും പൊള്ളയായതുമായ പൂരികളോടൊപ്പം കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. ആ ഇഷ്ടം പാനിപ്പൂരി കച്ചവടക്കാരന്‍റെ കീശ നിറയ്ക്കുന്നു. അതെ പ്രതിമാസം ഏകദേശം 90,000 രൂപ സമ്പാദിക്കുന്ന ഒരു പാനിപ്പൂരി കച്ചവടക്കാരന്‍റെ വാർഷിക വരുമാനം 10.8 ലക്ഷം രൂപ ! സമൂഹ മാധ്യമ ഉള്ളടക്ക സൃഷ്ടാവായ കാസി പരേര പങ്കിട്ട വീഡിയോയാണ് നെറ്റിസെന്‍സിനെ അമ്പരപ്പിച്ചത്. ഒരു പാനിപ്പൂരി വിൽപ്പനക്കാരന്‍റെ ദൈന്യംദിന കാര്യങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോയിൽ ഒരു പ്ലേറ്റിന് 30 രൂപ നിരക്കിൽ ആ സ്റ്റാളിൽ നിന്ന് മാത്രം പ്രതിദിനം 80 മുതൽ 100 വരെ പ്ലേറ്റ് പാനിപ്പൂരി കച്ചവടം നടക്കും. അതായത് ഒരു ദിവസം 3,000 രൂപയുടെ കച്ചവടം. ഇത് യഥാർത്ഥമാണോയെന്ന് അറിയാൻ കാസി പരേര കച്ചവടക്കാരന്‍റെ സഹായിയായി കൂടുന്നു. അദ്ദേഹം വൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെ അവിടെ ജോലി ചെയ്യുന്നു.

View post on Instagram

അഭിനന്ദിച്ച് നെറ്റിസെന്‍സ്

വീഡിയോ വൈറലായതോടെ ഈ വരുമാനം സ്ഥായിയായതാണോയെന്നും ദീർഘകാലത്തിൽ വിശ്വാസത്തോടെ നിൽക്കാൻ കഴിയുമോയെന്നും ചോദിച്ചെത്തിയത് നിരവധി പേരാണ്. മറ്റ് ചിലർ പാനിപ്പൂരി കച്ചവടക്കാരനെ പ്രശംസിച്ച് രംഗത്തെത്തി. "ബ്രോ, ഏതൊരു കടയുടമയ്ക്കും ബികോം ബിരുദധാരിയേക്കാൾ കൂടുതൽ സമ്പാദിക്കാൻ കഴിയും. ബി.കോം ഒരു മാലിന്യ ബിരുദം പോലെയാണ്," ഒരു നിരാശനായ ഒരു ബികോം ബിരുദധാരി കുറിച്ചു. ഭക്ഷണ ശാലകളിൽ സത്യസന്ധതയും കഠിനാധ്വാനവും ആവശ്യമാണെന്നും ഇത്തരം സ്ഥലത്ത് ഗുണനിലവാരമുള്ള ഭക്ഷണം കൊടുക്കാൻ സാധിച്ചാൽ ഇതിൽ അത്ഭുതപ്പെടാനില്ലെന്നും മിക്ക ഹോട്ടലുകളും വലിയ ലാഭം നേടുന്നുണ്ടെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. മറ്റ് ചിലർ മാസം 90,000 രൂപ ലഭിക്കുമ്പോൾ അയാളുടെ ഒരു മാസത്തെ ചെലവ് എത്ര, ഇന്ന് അയാൾക്ക് എന്തുമാത്രം സാമ്പാദ്യമുണ്ട് തുടങ്ങിയ ചില ചോദ്യങ്ങളുമായെത്തി.