കോടതി മുറിയില്‍ വച്ച് വിചാരണയ്ക്കിടെ പെട്ടെന്നായിരുന്നു ഇരയുടെ ബന്ധു പ്രതിക്ക് നേരെ പാഞ്ഞടുത്തത്. പിന്നാലെ കോടതി മുറി യുദ്ധക്കളമായി മാറി.
പതിവ് പോലെ വളരെ സമാധാനപരമായി തുടങ്ങിയതായിരുന്നു ന്യൂമെക്സിക്കോ കോടതി. പക്ഷേ, പെട്ടെന്ന് എല്ലാം താറുമാറായി. പോലീസ് കോടതി മുറിക്കുള്ളിലേക്ക് പല വഴി പാഞ്ഞടുത്തു. പിന്നെ അവിടെ നടന്ന കാര്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സംഭവം നടക്കുമ്പോൾ കോടതി മുറിക്കുള്ളില്‍ 23 -കാരിയുടെ കൊലപാതകിയെ വിചാരണ ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
അലിയാന ഫർഫ (23) എന്ന ഫർഫയെ അവളുടെ കിടപ്പുമുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്വേഷണത്തില്‍ കൊലപാതകിയെന്ന് സംശയിക്കുന്ന അലക്സാണ്ടർ ഓർട്ടിസ് (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വിചാരണയായിരുന്നു ന്യൂമെക്സിക്കോ കോടതിയില്‍ നടന്നിരുന്നത്. വിചാരണ പുരോഗമിക്കുന്നതിനിടെ കോടതി മുറിയില്‍ കാഴ്ചക്കാരുടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ ഒരാൾ പ്രതിക്ക് നേരെ ഓടിയടുത്തു. ശബ്ദം കേട്ട് ഭയന്ന പ്രതിയും വക്കീലും അവിടെ നിന്നും ഓടാന്‍ ശ്രമിക്കുന്നതും ഇതിനിടെ ഓടി അടുത്തയാൾ പ്രതിയ്ക്ക് മുകളിലേക്ക് ചാടുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ കോടതി മുറി ഒരു ചെറിയ യുദ്ധക്കളമായി മാറി. പല സ്ഥലത്ത് നിന്നും പോലീസുകാര്‍ ഓടിയെത്തി. കോടതിയിലേക്ക് പാഞ്ഞ് കയറിയ ആളെയും പ്രതിയെയും പോലീസിന് കായികമായി തന്നെ കീഴടക്കേണ്ടി വന്നു. സംഭവത്തിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
Read More:'പോലീസിനെക്കാൾ സഹകരണം കള്ളന്മാര്‍ക്കാണ്'; യുവതിയുടെ ലിങ്ക്ഡിൻ കുറിപ്പ് വൈറല്‍
സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, 'ആ ഓരോ നിമിഷവും തനിക്ക് ഏറെ വിലപ്പെട്ടതായിരുന്നു' എന്ന് കാര്‍ലോസ് ലൂസെറോ പറഞ്ഞു. പ്രതിയെ ആക്രമിക്കാനായി എത്തിയത് വെടിയേറ്റ് കൊല്ലപ്പെട്ട ഫര്‍ഫയുടെ അമ്മാവനായ കാര്‍ലോസ് ലൂസെറോയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കാർലോസിനെ സഹായിക്കാനായി എത്തിയത് ഫർഫയുടെ രണ്ടാനച്ഛനായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം കൊല്ലപ്പെട്ട ഫർഫ, ഓർട്ടിസിന്‍റെ കാമുകിയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഫർഫയെ കിടപ്പുമുറിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ഓർട്ടിസ് ഈ സമയം ഫര്‍ഫയുടെ കിടപ്പുമുറിയില്‍ ഉണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു.
Watch Video: ആരുടേതാണ് ഈ ചുണ്ടുകൾ? കണ്ടിട്ട് 'ഭയം തോന്നുന്നെന്ന്' സോഷ്യല്‍ മീഡിയ; 50 ലക്ഷം പേര്‍ കണ്ട വീഡിയോ
