ആശുപത്രിയിൽ നിന്ന് മടങ്ങും വഴി ജയിലർമാർ മസാജ് സെന്ററിൽ കയറിയപ്പോൾ കുറ്റവാളി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജയിലർമാരെ സസ്പെൻഡ് ചെയ്തു.
ആശുപത്രിയിൽ കൊണ്ട് പോകുന്നതിനിടെ പോലീസ് കസ്റ്റഡിയില്‍ നിന്നും കുറ്റവാളി രക്ഷപ്പെട്ടെന്ന് പരാതി. മധ്യപ്രദേശിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ജയിലില്‍ വച്ച് കാലിന് പരിക്കേറ്റ കുറ്റവാളിയെ ആശുപത്രിയില്‍ കൊണ്ട് പോയി തിരിച്ച് കൊണ്ട് വരുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ മസാജ് സെന്‍ററില്‍ കയറി. പോലീസ് ഉദ്യോഗസ്ഥര്‍ മസാജ് ചെയ്യുന്നതിനിടെ കുറ്റവാളി സ്പാ സെന്‍ററിൽ നിന്നും രക്ഷപ്പെടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു.
സ്പാ സെന്‍റിറിലെ സിസിടിവി ദൃശ്യങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ മസാജിനായി കയറുന്നതിനിടെ കുറ്റവാളി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ഡിസംബർ 30 -ന് മണ്ഡി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നഗ്ഡയിലെ മദ്യവ്യവസായിയുടെ വീട്ടില്‍ നിന്നും 18 ലക്ഷം കവര്‍ന്ന കേസില്‍ അറസ്റ്റിലായ രോഹിത് ശർമ്മ എന്ന മോഷ്ടാവാണ് ജയില്‍ ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെട്ടത്. ഇയാളെ ഉജ്ജയിന്‍ ജില്ലയിലെ ഖച്രോദ് സബ് ജയില്‍ തടവില്‍ ഇട്ടിരിക്കുകയായിരുന്നു.
Watch Video:മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപയോഗിച്ച് കാറിന്‍റെ മുകളിലെ മഞ്ഞ് നീക്കുന്ന അച്ഛന്‍; വീഡിയോ വൈറൽ
Read More: കാണാതായ ലോട്ടറി കണ്ടെത്തിയത് ബൈബിളിനുള്ളില്‍; അടിച്ചത് 8 കോടിയുടെ മഹാഭാഗ്യം
തടവിലിരിക്കെ രോഹിത് ശര്‍മ്മയുടെ കാലിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ചീഫ് ജയില്‍ ഗാര്‍ഡ് രാജേഷും ഗാര്‍ഡ് നിധിനും ചേര്‍ന്ന് രോഹിത്ത് ശർമ്മയുമായി ഖച്രോദ് സര്‍ക്കാര്‍ ആശുപത്രിയിലെത്തി. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആശുപത്രിയിലെത്തിയ മൂന്ന് പേരും ചികിത്സ കഴിഞ്ഞ് 12.30 ഓടെ മടങ്ങി. തിരിച്ച് പോകും വഴി റത്ലം മനോഹര്‍ ഗാലിയിൽ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്പായിലേക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ മസാജിനായി കയറി. ജയില്‍ ഉദ്യോഗസ്ഥര്‍ മസാജ് ആസ്വദിക്കുന്നതിനിടെ കുറ്റവാളി രക്ഷപ്പെടുകയായിരുന്നു.
വൈകീട്ട് ആറ് മണിയോടെയാണ് കുറ്റവാളി രക്ഷപ്പെട്ട വിവരം ജയില്‍ ഉദ്യോഗസ്ഥര്‍, തങ്ങളുടെ മേധാവികളെ അറിയിക്കുന്നത്. തുടര്‍ന്ന് അസിസ്റ്റന്‍റ് ജയില്‍ സൂപ്രണ്ട് എസ് എസ് റണാവത് ഇരുവരെയും ചോദ്യം ചെയ്തപ്പോൾ, നടന്ന സംഭവം ജയില്‍ ഉദ്യോഗസ്ഥര്‍ വിവരിച്ചു. പിന്നാലെ ഉജ്ജയിനി എസ് പി പ്രദീപ് ശര്‍മ്മ ഇരുവരെയും സസ്പെന്‍റ് ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
