'തങ്ങളുടെ ജീവിതത്തിലെ കഠിനമായ സമയത്തിലൂടെ കടന്നു പോവുകയാണ് എന്ന് തോന്നുന്നവർക്ക് വേണ്ടിയാണ് താൻ ഈ വീഡിയോ ഷെയർ ചെയ്യുന്നത്' എന്നും യുവാവ് പറയുന്നു.
ജോലിയെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം ആളുകൾക്കുള്ള സങ്കല്പം മാറിക്കൊണ്ടിരിക്കുകയാണ്. നല്ല ശമ്പളം കിട്ടുമെന്ന് പറയപ്പെടുന്ന, 'നല്ല' ജോലിയായി കരുതപ്പെടുന്ന കോർപറേറ്റ് രംഗം ഉപേക്ഷിച്ച് മനുഷ്യർ മറ്റ് ജോലികളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു. പ്രിയപ്പെട്ടവർക്കോ, അവരവർക്കോ പോലും സമയം നൽകാൻ കഴിയാത്തത്രയും ജോലി സമ്മർദ്ദം, മാനേജർമാരുടെ പീഡനം, ടാർഗറ്റ് തുടങ്ങി പലവിധ കാരണങ്ങൾ ഇതിനുണ്ട്. മനസമാധാനമാണ് വലുത് എന്ന് പറഞ്ഞാണ് പലരും ജോലി വിടുന്നത്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ബെംഗളൂരുവിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കോർപറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോ ഓടിക്കുന്ന ഒരാളാണ് വീഡിയോയിൽ ഉള്ളത്.
നാളേക്ക് വേണ്ടി തന്നെത്തന്നെ പ്രചോദിപ്പിക്കാനും ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരെ സഹായിക്കാൻ ശ്രമിക്കാനുമാണ് ഈ പോസ്റ്റ് എന്നാണ് ഓട്ടോ ഡ്രൈവറായ രാകേഷ് ഒരു വീഡിയോയിൽ പറയുന്നത്. 'ഓട്ടോ ഡ്രൈവർ - ഇനി മുതൽ കോർപറേറ്റ് അടിമയല്ല' എന്ന വാചകത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. താൻ ഓട്ടോ ഓടിക്കാൻ പോവുകയാണ്, വീണ്ടും തുടങ്ങാൻ തനിക്ക് പേടിയില്ല എന്ന് രാകേഷ് പറയുന്നു. 'തങ്ങളുടെ ജീവിതത്തിലെ കഠിനമായ സമയത്തിലൂടെ കടന്നു പോവുകയാണ് എന്ന് തോന്നുന്നവർക്ക് വേണ്ടിയാണ് താൻ ഈ വീഡിയോ ഷെയർ ചെയ്യുന്നത്' എന്നും യുവാവ് പറയുന്നു.
'ജീവിതം മതിയാക്കാൻ തോന്നിയ ഒരു സമയമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ താൻ എല്ലാം വീണ്ടും ആരംഭിച്ചിരിക്കുന്നു. താനിതാ ഓട്ടോ ഓടിച്ചു തുടങ്ങിയിരിക്കുന്നു, ജീവിതത്തിന് എന്നെ പരാജയപ്പെടുത്താനാവില്ല. പണം ജീവിതത്തിൽ ആവശ്യമാണ്, എന്നാൽ പണം മാത്രമല്ല ആവശ്യം. പണത്തേക്കാൾ പ്രധാനപ്പെട്ട പലതുമുണ്ട്, നിങ്ങളുടെ ജീവിതത്തിന്റെ മൂല്യം കണ്ടെത്തുക, യഥാർത്ഥ ലക്ഷ്യം കണ്ടെത്തുക' എന്നും പോസ്റ്റിൽ രാകേഷ് പറയുന്നു.
ഏത് ജോലി ചെയ്യുന്നു എന്നതിലല്ല, നമുക്ക് എന്ത് സമാധാനവും സന്തോഷവും തരുന്നു എന്നതിലാണ് കാര്യം എന്ന് തെളിയിക്കുന്നതാണ് രാകേഷിന്റെ പോസ്റ്റ്. വളരെയധികം പേരാണ് രാകേഷിനെ അഭിനന്ദിച്ചും ആശംസകൾ അറിയിച്ചും കമന്റുകൾ നൽകിയിരിക്കുന്നത്.


