ഐടി മേഖലയിലെ തൊഴിൽ പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട നോയിഡയിലെ ഒരു എഞ്ചിനീയർ റാപ്പിഡോ ഡ്രൈവറായി. വീട്ടുവായ്പയും മറ്റ് ചിലവുകളും കണ്ടെത്താനാണ് അദ്ദേഹം ഈ പാർട്ട് ടൈം ജോലി തെരഞ്ഞെടുത്തത്.
ആഗോളതലത്തിൽ ഉൾപ്പെടെ നടക്കുന്ന കൂട്ട പിരിച്ചുവിടലുകളും, പുതിയ നിയമനങ്ങൾ നടക്കാത്തതും ശമ്പളം വെട്ടിക്കുറയ്ക്കലും ഐടി മേഖലയിൽ അടക്കം വലിയ അരക്ഷിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. തൊഴിലില്ലായ്മയെ തുടർന്ന് ജീവിത ചിലവുകൾ കൂട്ടിമുട്ടിക്കാൻ പുതിയ വഴി തേടിയ ഒരു എൻജിനീയറുടെ അനുഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.
നഷ്ടപ്പെടുത്തിയ സ്ഥിര വരുമാനം
പ്രതിമാസ ചിലവുകൾ, വീട്ടു വായ്പ, ഇഎംഐ എന്നിവ അടയ്ക്കാൻ റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്യുകയാണ് നോയിഡയിലെ ഒരു ഐടി എഞ്ചിനീയർ. ടെക് മേഖലയിലെ നിലവിലെ സാഹചര്യങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി സ്ഥിരമായ ജോലി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ബൈക്ക് - ടാക്സി സർവീസായ റാപ്പിഡോയിൽ ഒരു പാർട്ട് ടൈം ഡ്രൈവർ ജോലി അദ്ദേഹം തെരഞ്ഞെടുത്തത്.
സമൂഹ മാധ്യമ ഉള്ളടക്ക സൃഷ്ടാവായ നോമാഡിക് തേജു പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇദ്ദേഹത്തിന്‍റെ കഥ പുറം ലോകമറിഞ്ഞത്. മെച്ചപ്പെട്ട ഒരു ജോലി കണ്ടെത്താമെന്ന പ്രതീക്ഷയിൽ എഞ്ചിനീയർ തന്‍റെ മുൻ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്ന് വീഡിയോയിൽ വിശദീകരിക്കുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ രണ്ട് മാസമായിട്ടും അദ്ദേഹത്തിന് സ്ഥിര വരുമാനമുള്ള ജോലി ലഭിച്ചില്ല.
ഫ്ലാറ്റ് വാടകയ്ക്ക് നല്‍കി
ഇദ്ദേഹം മുൻപ് കുടുംബത്തോടൊപ്പം ഗ്രേറ്റർ നോയിഡയിലെ ഒരു അപ്പാർട്ട്മെന്‍റിലാണ് താമസിച്ചിരുന്നത്. അവിടെ ഫ്ലാറ്റുകൾക്ക് 1 കോടി രൂപ മുതൽ 2 കോടി രൂപ വരെ വിലയുണ്ട്. കൂടാതെ പ്രതിമാസ വാടക 30,000 – 35,000 രൂപവകെ ആരെയാണ്. സ്ഥിരവരുമാനം ഇല്ലാതായതോടെ അദ്ദേഹം തന്‍റെ അപ്പാർട്ട്മെന്‍റ് വാടകയ്ക്ക് നൽകുകയും ചെലവ് കുറഞ്ഞ മറ്റൊരു ഫ്ലാറ്റിലേക്ക് മാറുകയും ചെയ്തു.
വായ്പകൾ ഉൾപ്പെടെ അടയ്ക്കാനും ചിലവുകൾ നടത്താനുമായി അദ്ദേഹം റാപ്പിഡോ ജോലികൾക്കിടയിൽ ഫ്രീലാൻസ് ജോലികളും ചെയ്യാനും തുടങ്ങി. അദ്ദേഹത്തിന്‍റെ അനുഭവം പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ വേഗത്തിലാണ് വൈറലായത്. സമാന അനുഭവങ്ങൾ തങ്ങൾക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കഴിയുന്ന നിരവധി പേർ കമന്‍റുകളുമായെത്തി. ഐടി മേഖലയിൽ ഉയർന്നുവരുന്ന അനിശ്ചിതത്വത്തെയും അരക്ഷിതാവസ്ഥയെയും കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴി വെച്ചിരിക്കുന്നത്.


