ബാങ്കോക്ക് വിമാനത്താവളത്തിലെ ലോഞ്ചിൽ മോശമായി പെരുമാറിയ ഇന്ത്യൻ യാത്രക്കാരനെക്കുറിച്ചുള്ള ഒരു ഇന്ത്യൻ സംരംഭകന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചു. മേശപ്പുറത്ത് കാൽ കയറ്റിവെച്ച യാത്രക്കാരന്റെ ചിത്രം, ഇന്ത്യൻ സഞ്ചാരികളുടെ പൊതു ഇടങ്ങളിലെ പെരുമാറ്റത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾക്ക് കാരണമായി.

Add Asianetnews as a Preferred SourcegooglePreferred

ടുത്ത കാലത്തായി ഇന്ത്യൻ സഞ്ചാരികളെ കുറിച്ച് വളരെ മോശമായ കുറിപ്പുകളാണ് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറ്. പ്രത്യേകിച്ചും കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ഇന്ത്യക്കാരുടെ പെരുമാറ്റത്തെ കുറിച്ചാണ് കൂടുതൽ പരാതികളും. കഴിഞ്ഞ ദിവസം ബാങ്കോക്കിലെ വിമാനത്താവളത്തിലെ ലോഞ്ചിലെ മോശം പെരുമാറ്റത്തിന് ഇന്ത്യക്കാരെ വിമർശിച്ച് ഒരു ഇന്ത്യൻ സംരംഭകൻ തന്നെ രംഗത്തെത്തി. ബാങ്കോക്ക് വിമാനത്താവളത്തിലെ ലോഞ്ച് ടേബിളിൽ കാലുകൾ കയറ്റി വച്ച് ഇരിക്കുന്ന ഒരു ഇന്ത്യൻ യാത്രക്കാരനെക്കുറിച്ചായിരുന്നു കുറിപ്പ്. പൊതുഇടങ്ങളിലെ മര്യാദകളെയും പെരുമാറ്റത്തെയും കുറിച്ച് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഒരു ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടു.

വിമാനത്താവളത്തിലെ പെരുമാറ്റം

പൊതു ഇടങ്ങളിലെ പെരുമാറ്റം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമാണ്. പലപ്പോഴും ഇന്ത്യക്കാരുടെ പൊതു ഇടത്തിലെ പെരുമാറ്റത്തെ കുറിച്ച് മുമ്പും നിരവധി പരാതികൾ ഉയർന്നിരുന്നു. ഇത്തവണ, ബാങ്കോക്കിലെ ഒരു വിമാനത്താവള ലോഞ്ചിൽ കണ്ട കാര്യങ്ങളാണ് ഒരു ഇന്ത്യൻ സംരംഭകൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ആ കാഴ്ച തന്നെ ലജ്ജിപ്പിക്കുകയും നിരാശനാക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തായ്‌ലൻഡിലെ ഡോൺ മുവാങ് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിവേക് ​​ശുക്ല എന്ന സംരംഭകനാണ് തന്‍റെ എക്‌സിൽ ഹാന്‍റിലിൽ ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചത്. ഫോൺ ഉപയോഗിക്കുന്നതിനിടയിൽ ലോഞ്ചിനുള്ളിൽ മേശപ്പുറത്ത് കാലുകൾ കയറ്റിവച്ചിരിക്കുന്ന ഒരാളുടെ ചിത്രമാണ് വിവേക് പങ്കുവച്ചത്. ലോഞ്ച് ജീവനക്കാർ യാത്രക്കാരനോട് കാലുകൾ മേശപ്പുറത്ത് നിന്നും മാറ്റാൻ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് അവഗണിച്ചെന്നും വിവേക് കുറിപ്പിൽ പറയുന്നു.

Scroll to load tweet…

അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസെൺസ്

ചിത്രം പങ്കുവച്ച് കൊണ്ട് വിവേക്, ചില യാത്രക്കാരുടെ പെരുമാറ്റത്തെ വിമർശിച്ചു. പൊതു ഇടങ്ങളിൽ അടിസ്ഥാന പൊതു മര്യാദകൾ പലപ്പോഴും അവഗണിക്കപ്പെടുന്നെന്ന് അദ്ദേഹം പരാതിപ്പെട്ടു. സമീപത്തുള്ള ഒരു വർക്ക് റൂമിൽ നിന്ന് കുട്ടികൾ നിരന്തരം അകത്തേക്കും പുറത്തേക്കും ഓടുന്നുണ്ടെന്നും ഇത് നിശബ്ദമായി ജോലി ചെയ്യാൻ ശ്രമിക്കുന്ന ആളുകളെ ശല്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം എഴുതി. 'നമ്മൾ ഇന്ത്യക്കാരാണ് ഏറ്റവും മോശം യാത്രക്കാർ. ലോഞ്ച് സ്റ്റാഫ് അഭ്യർത്ഥിച്ചിട്ടും ഈ മനുഷ്യൻ മേശയിൽ നിന്ന് തന്‍റെ വൃത്തികെട്ട കാലുകൾ മാറ്റാൻ തയ്യാറായില്ല. അയാൾക്ക് അവകാശമുണ്ടെന്ന രീതിയിലായിരുന്നു. കുട്ടികൾ തുടർച്ചയായി വർക്ക് റൂമിലേക്ക് കയറിയും പുറത്തേക്കും പോകുന്നു, ഇത് മറ്റുള്ളവരെ അലോസരപ്പെടുത്തുന്നു. പക്ഷേ ക്ഷമിക്കണം, അവരെ ശല്യപ്പെടുത്താൻ കഴിയില്ല.' വിവേക് എഴുതി. വിവേകിന്‍റെ ചിത്രവും കുറിപ്പും വളരെ പെട്ടെന്ന് തന്നെ വൈറലായി. പലരും പൊതു മര്യാദകൾ, പൗരബോധം, യാത്രയ്ക്കിടെയുള്ള പെരുമാറ്റം എന്നിവയെക്കുറിച്ച് സംസാരിച്ചു. ചിലർ വിവേകിന്‍റെ അഭിപ്രായത്തോട് യോജിച്ചപ്പോൾ മറ്റ് ചിലർ വിയോജിച്ചു. അതേസമയം ഒരു വ്യക്തിയുടെ പ്രവൃത്തി കാരണം എല്ലാ ഇന്ത്യൻ യാത്രക്കാരെയും സാമാന്യവൽക്കരിക്കുന്നത് അന്യായമാണെന്ന് മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു. കുട്ടിക്കാലം മുതൽ തന്നെ അടിസ്ഥാന പൗരബോധം പഠിപ്പിക്കേണ്ടതുണ്ടെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു.