ബാങ്കോക്കിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ ഇന്ത്യൻ യാത്രക്കാർ മാലിന്യം നിക്ഷേപിച്ചതിനെക്കുറിച്ചുള്ള ട്രാവൽ ബ്ലോഗർ സന്ധ്യ മജ്ജിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വലിയ ചർച്ചകൾക്ക് വഴിവെച്ചു. വിമാനത്തിനകത്തെ മോശം അവസ്ഥയും യാത്രക്കാരുടെ പെരുമാറ്റവും വീഡിയോയിൽ കാണിക്കുന്നതിനൊപ്പം, ഇത് സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾക്കും കാരണമായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബാങ്കോക്കിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ചില ഇന്ത്യൻ യാത്രക്കാർ വിമാനത്തിനകത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചതും മോശമായി പെരുമാറിയി എന്നുമുള്ള പരാതി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. പ്രമുഖ ട്രാവൽ ബ്ലോഗറായ സന്ധ്യ മജ്ജി (@pinkpebble) ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് യാത്രാ മര്യാദകളെക്കുറിച്ചുള്ള പുതിയ സംവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

വിമാനത്തിനുള്ളിലെ അവസ്ഥ!

യാത്രയ്ക്ക് ശേഷം വിമാനത്തിനകത്തെ ശോചനീയാവസ്ഥ കണ്ട് താൻ അങ്ങേയറ്റം അസ്വസ്ഥയായെന്ന് സന്ധ്യ കുറിച്ചു. സീറ്റുകളിലും തറയിലുമായി കീറിപ്പറിഞ്ഞ ബോർഡിംഗ് പാസുകളും മറ്റ് മാലിന്യങ്ങളും വിമാനത്തിനകത്ത് ചിതറിക്കിടക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. വിമാനത്തിന്‍റെ അവസ്ഥയെ ഒരു സർക്കാർ ബസ്സുമായാണ് സന്ധ്യ താരതമ്യം ചെയ്തത്. കുട്ടികൾ വരുത്തിവെക്കുന്ന അഴുക്ക് വൃത്തിയാക്കാനും അവരെ നിയന്ത്രിക്കാനും മാതാപിതാക്കൾക്ക് ഉത്തരവാദിത്തമില്ലേയെന്ന് സന്ധ്യ ചോദിക്കുന്നു. എന്നാൽ, കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇത്തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. തങ്ങൾ വിദേശരാജ്യങ്ങളിൽ വിവേചനം നേരിടുന്നുവെന്ന് ചില യാത്രക്കാർ പരാതിപ്പെടാറുണ്ട്. എന്നാൽ, ഇത്തരം പെരുമാറ്റങ്ങൾ ആ മോശം അവസ്ഥയെ കൂടുതൽ ഉറപ്പിക്കുകയേ ഉള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.

View post on Instagram

സമ്മിശ്ര പ്രതികരണം

വീഡിയോ പുറത്തുവന്നതോടെ ഇൻസ്റ്റാഗ്രാമിൽ വലിയ തോതിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. "തങ്ങൾ വൃത്തിക്കേടാക്കുന്നത് നീക്കം ചെയ്യാൻ വേറെ ആളുണ്ടെന്ന ചിന്താഗതിയാണ് പലർക്കും എന്ന് ഒരാൾ കുറിച്ചപ്പോൾ, "കുട്ടികളെ അടക്കിയിരുത്താൻ വേണ്ടി അവർ മാലിന്യങ്ങൾ ഉണ്ടാക്കുന്നത് മാതാപിതാക്കൾ കണ്ടില്ലെന്ന് നടിക്കുന്നു" എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. അതേസമയം, സന്ധ്യയുടെ നിലപാടിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഒരു കുട്ടിയുടെയോ ഏതാനും യാത്രക്കാരുടെയോ പെരുമാറ്റം വെച്ച് 140 കോടി ജനങ്ങളെ വിലയിരുത്തുന്നത് ശരിയാണോയെന്നും സന്ധ്യയും ആ 140 കോടിയിൽ ഒരാളല്ലേ എന്നും ചിലർ ചോദിക്കുന്നു.