ഇന്ത്യൻ യുവതി ശ്രേയ മഹേന്ദ്രു, ഇന്ത്യ വിട്ട് തായ്‌ലൻഡിലേക്ക് സ്ഥിരതാമസമാക്കിയതിന്‍റെ കാരണങ്ങൾ വെളിപ്പെടുത്തുന്നു. മെച്ചപ്പെട്ട ജീവിതനിലവാരം, സ്ത്രീ സുരക്ഷ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങളായി അവർ ചൂണ്ടിക്കാട്ടുന്നത്.  

ന്ത്യൻ വിനോദ സഞ്ചാരികൾക്ക് പൊതുവേ ഇഷ്ടപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് തായ്‌ലന്‍റ്. തായ്‌ലന്റിലേക്ക് സ്ഥിരമായി താമസം മാറിയതിന്‍റെ കാരണം സമൂഹ മാധ്യമങ്ങളിലൂടെ തുറന്നു പറയുകയാണ് ഒരു ഇന്ത്യൻ യുവതി. അതൊരിക്കലും ഇന്ത്യയെ നിരാകരിക്കുന്നതിനാലല്ലെന്ന് യുവതി ഏറ്റു പറയുന്നു. കരിയർ കൺസൾട്ടന്‍റും കണ്ടന്‍റ് ക്രിയേറ്ററുമായ ശ്രേയ മഹേന്ദ്രു അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ബാങ്കോക്കിലേക്ക് മാറാനുള്ള തന്‍റെ തീരുമാനം മെച്ചപ്പെട്ട ദൈനംദിന ജീവിതം തേടിയാണെന്ന് വ്യക്തമാക്കിയത്.

എന്തു കൊണ്ട് മാറി

തായ്‌ലൻഡിലേക്ക് താമസം മാറുന്നതിനുമുമ്പ് ഇന്ത്യയിലെ തന്‍റെ വീടും കാറും വിറ്റു. ഈ മാറ്റം അതിനേക്കാൾ ഒക്കെ മൂല്യമുള്ളതാണെന്ന് കരുതുന്നു. എന്നാല്‍, തന്‍റെ തീരുമാനത്തിലൂടെ സ്വന്തം രാജ്യത്തെ തള്ളിക്കളയുകയോ നിരാകരിക്കുകയോ അല്ല, മറിച്ച് കൂടുതൽ ആരോഗ്യകരവും സന്തുലിതവുമായ ഒരു ദൈനംദിന ജീവിതം തെരഞ്ഞെടുക്കുകയാണെന്നും ശ്രേയ കൂട്ടിച്ചേര്‍ക്കുന്നു.

View post on Instagram

താമസം മാറുന്നതിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ശുദ്ധവായു, നടക്കാൻ സൗകര്യമുള്ള അയൽപക്കങ്ങൾ സമാധാനവും ശാന്തവുമായ പ്രഭാതങ്ങൾ എന്നിവയ്ക്കാണ് താൻ മുൻഗണന നൽകിയത്. മറ്റൊരു പ്രധാന ഘടകമായിരുന്നു സുരക്ഷ. സ്ത്രീയെന്ന നിലയിൽ ഇന്ത്യക്കാരിയായിരുന്നിട്ടു കൂടി ഇന്ത്യൻ നഗരങ്ങളേക്കാൾ സുരക്ഷിതത്വം തനിക്ക് ബാങ്കോക്കിൽ അനുഭവപ്പെടുന്നുണ്ടെന്ന് അവർ പറയുന്നു.

എല്ലാം കൊണ്ടും മെച്ചം

ബാങ്കോക്കിലെ ആളുകൾ പൊതുവെ സ്വകാര്യതയ്ക്ക് വിലകൽപ്പിക്കുകയും ഒരാളുടെ ജീവിതശൈലി തീരുമാനങ്ങളെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നു. അതോടൊപ്പം തായ്‌ലൻഡിലെ അടിസ്ഥാന സൗകര്യങ്ങളെയും അവർ പ്രശംസിച്ചു. കാര്യക്ഷമമായ പൊതുഗതാഗതം, വേഗത്തിൽ പ്രതികരിക്കുന്ന സർക്കാർ ഓഫീസുകൾ, കൂടാതെ സ്വന്തം നാട്ടിൽ അനുഭവിച്ചതിനേക്കാൾ സുഗമമായി ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന സാഹചര്യം എല്ലാം ഇവിടെയുണ്ടെന്നും ശ്രേയ നിരീക്ഷിച്ചു. തായ്‌ലൻഡിലെ ജീവിതം ഒരുപക്ഷേ പൂർണ്ണതയുള്ളതാവില്ല, പക്ഷേ, തനിക്ക് അത് കൂടുതൽ ആരോഗ്യകരമായി അനുഭവപ്പെടുന്നു എന്നാണ് ശ്രേയ പറഞ്ഞവസാനിപ്പിക്കുന്നത്.