സ്കൂൾ അസംബ്ലിയിൽ പ്രാർത്ഥനയ്ക്കിടെ മിഠായി കഴിക്കുന്ന ഒരു കുസൃതിക്കുടുക്കയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ആരും കാണുന്നില്ലെന്ന് കരുതിയാണ് തോന്നുന്നു വിരുതന്‍ ഇത് ചെയ്യുന്നത്. 

സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയും നമ്മുടെ ഹൃദയം കവരുകയും ചെയ്യുന്ന അനേകം വീഡിയോകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. അതിൽ തന്നെ പലപ്പോഴും വൈറലാകുന്നത് കൊച്ചുകുട്ടികളുടെ കുസൃതികൾ നിറഞ്ഞ വീഡിയോയാണ്. അതുപോലെ ഒരു വീഡിയോയാണ് ഇതും. ഒരു സ്കൂൾ അസംബ്ലിക്കിടെയാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. എല്ലാവരും പ്രാർത്ഥനയിൽ മുഴുകി നിൽക്കുമ്പോൾ, കണ്ണുമടച്ച്, ആരും കാണുന്നില്ല എന്ന് കരുതി മിഠായി കഴിക്കുന്ന ഒരു കുട്ടിയെയാണ് ഈ വീഡിയോയിൽ കാണുന്നത്. യൂണിഫോം ധരിച്ച്, വരിയായി നിന്ന് കുട്ടികൾ പ്രാർത്ഥിക്കുന്നത് വീഡിയോയിൽ കാണാം. അതിന്റെ ഇടയിലാണ് കണ്ണുകൾ ഇറുക്കിയടച്ച് ഈ കുട്ടിയും നിൽക്കുന്നത്. പ്രാർത്ഥനയിൽ മുഴുകി നിൽക്കുകയാണ് എന്ന് തോന്നുമെങ്കിലും ആശാന്റെ ശ്രദ്ധ മറ്റൊരു കാര്യത്തിലാണ്.

Add Asianetnews as a Preferred SourcegooglePreferred

താൻ കണ്ണടച്ചാൽ മറ്റാരും തന്നെ കാണില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കുട്ടി എന്ന് തോന്നുന്നു. അവൻ ഒരു മിഠായി കഴിക്കുന്നതും, അതിനിടയിൽ ചുറ്റുപാടും ശ്രദ്ധിക്കുന്നതുമൊക്കെയാണ് വീഡിയോയിൽ കാണുന്നത്. മിഠായി കഴിച്ചു കഴിഞ്ഞ ശേഷം അതിന്റെ സ്റ്റിക് ആരും കാണാതെ തിരികെ പോക്കറ്റിൽ തന്നെ വയ്ക്കുന്നതും വീഡിയോയിൽ കാണാം. അവിടം കൊണ്ടും തീർന്നില്ല വീഡിയോയിലെ രസം. ഈ കുട്ടിയുടെ പിന്നിൽ നിൽക്കുന്ന കുട്ടി തന്റെ അഴിഞ്ഞുപോയ ബെൽറ്റ് ശരിയാക്കാനായി പാടുപെടുന്നതും വീഡിയോയിൽ സൂക്ഷിച്ച് നോക്കിയാൽ കാണാം.

Scroll to load tweet…

എന്തൊക്കെയാണെങ്കിലും സ്കൂൾ അസംബ്ലിയിൽ നിന്നുള്ള ഈ മനോഹരമായ കാഴ്ച നെറ്റിസൺസിനെ ആകർഷിച്ചു എന്ന കാര്യത്തിൽ സംശയമില്ല. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. 'അവൻ കണ്ണടച്ചാൽ നമ്മൾ അവനെ കാണില്ലെന്നാണ് അവന്റെ വിചാരം, എന്തൊരു നിഷ്കളങ്കത' എന്നാണ് ഒരാൾ കുറിച്ചത്. 'മിഠായി കഴിച്ച് കഴിഞ്ഞ ശേഷം അതിന്റെ സ്റ്റിക് പോക്കറ്റിൽ തന്നെ ഇട്ടല്ലോ, ആ അച്ചടക്കം സമ്മതിക്കണം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.