ട്രെയിൻ യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട ഗർഭിണിയെ സഹയാത്രികരായ സ്ത്രീകൾ ചേർന്ന് സഹായിച്ചു. വൈദ്യസഹായമില്ലാതെ ഓടുന്ന ട്രെയിനിൽ വെച്ച് അവർ ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് ജന്മം നൽകി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചു.

ട്രെയിന്‍ യാത്രയ്ക്കിടെ ഗര്‍ഭിണിയായ സ്ത്രീയ്ക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടു. തിരക്കേറിയ ട്രെയിനില്‍ വൈദ്യസഹായമൊന്നും ലഭ്യമല്ലാത്തൊരു സാഹചര്യത്തിലുണ്ടായ പ്രസവവേദന വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാല്‍, എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ആ അമ്മ പ്രസവിച്ചു, ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞിനെ. അതിന് സഹായിച്ചതാകട്ടെ കൂടെ യാത്ര ചെയ്തിരുന്ന ഒരു കൂട്ടം സ്ത്രീകളും. അസാധാരണമായ ആ സംഭവത്തിന്‍റെ ഒരു ചെറിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോൾ കണ്ടത് എട്ടര ലക്ഷത്തോളം പേര്‍.

ഓടുന്ന ട്രെയിനിലെ പ്രസവം

ഏത് ട്രെയിനില്‍ എപ്പോ എവിടെ വച്ച് തുടങ്ങിയ വിവരങ്ങളില്ലെങ്കിലും വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. 'ട്രെയിനിൽ ഗർഭിണിയായ ഒരു സ്ത്രീയെ സഹായിച്ച് ഒരു കുഞ്ഞ് രാജ്ഞിയെ പ്രസവിച്ച ഇന്ത്യക്കാരുടെ നന്മ. ഒരു ഡോക്ടറുമില്ലാതെ ട്രെയിനിൽ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് ഒരു അത്ഭുതമാണ്' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ ഓടുന്ന ട്രെയിനില്‍ ഒരു കൂട്ടം സ്ത്രീകളുടെ കൈകളില്‍ മാറി മാറി കിടക്കുന്ന തുണിയില്‍ പൊഞ്ഞ ഒരു കൊച്ചു കുഞ്ഞിനെ കാണാം. അവൾ കണ്ണുതുറക്കാന്‍ പാടുപെടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

ഒരു യാത്രക്കാരി കൈകളിൽ പിടിച്ചിരിക്കുന്ന നവജാത ശിശുവിനെ അമ്മയ്ക്ക് കാണിച്ച് കൊടുക്കുന്നതോടെയാണ് ക്ലിപ്പ് ആരംഭിക്കുന്നത്. കോച്ചിലുള്ള എല്ലാവരും സന്തോഷത്തോടെ ആ നിമിഷത്തെ ആഘോഷിക്കുന്നതും കാണാം. ചില യാത്രക്കാര്‍ കുട്ടിയുടെ ഫോട്ടോ എടുക്കുന്നു. മറ്റ് ചിലര്‍ തങ്ങളുടെ കൈകളിലേക്ക് കുട്ടിയെ ഏറ്റുവാങ്ങുന്നു. നിരവധി പേര്‍ ഇന്ത്യന്‍ സ്ത്രീകളുടെ ധൈര്യത്തെ പ്രശംസിച്ച് കൊണ്ട് കുറിപ്പുകളെഴുതി. 

View post on Instagram

സമ്മിശ്ര പ്രതികരണം

പണച്ചിലവോ തുന്നലുകളോ ഇല്ലാതെ അവൾ ഈ ഭൂമുഖത്തെത്തി. അതും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിലിലെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. സ്ത്രീകൾ മാത്രമല്ല, അവളുടെ കരച്ചിലിനായി കാതോർത്ത് മാറി നിന്ന പുരുഷന്മാരും കുട്ടികളും പ്രശ്നങ്ങളൊന്നുമില്ലാതെ കുട്ടിയുടെ ജനനത്തിനായി അവരുടെതായ രീതിയില്‍ പ്രാര്‍ത്ഥിച്ചിരിക്കണമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.

അതേസമയം മറ്റ് ചിലര്‍ ചില ആശങ്കകൾ പങ്കുവച്ചു. ഇന്ത്യന്‍ ട്രെയിനിലെ വൃത്തിഹീനമായ സാഹചര്യത്തിൽ ഒരു പ്രസവം നടക്കുമ്പോൾ അമ്മയ്ക്കോ കുഞ്ഞിനോ അണുബാധ ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ചും എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കിൽ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുയെന്നുമായിരുന്നു ചിലരുടെ സംശയങ്ങൾ. ഗർഭാവസ്ഥയുടെ അവസാന ഘട്ടങ്ങളിൽ, പ്രത്യേകിച്ച് 30 ആഴ്ചകൾക്ക് ശേഷം യാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർ പൊതുവെ ഗർഭിണികളോട് നിർദ്ദേശിക്കാറുണ്ടെന്ന് ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. ദീർഘദൂര യാത്രകൾ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്നും ചിലരെഴുതി.