മഹീന്ദ്ര ഥാറിലെ തുടർച്ചയായ പ്രശ്നങ്ങളിൽ പ്രതിഷേധിച്ച് ഗണേഷ് എന്നയാൾ വാഹനത്തെ കഴുതകളെക്കൊണ്ട് കെട്ടിവലിപ്പിച്ചു. ഷോറൂമിന് മുന്നിൽ നടത്തിയ ഈ വ്യത്യസ്ത പ്രതിഷേധം വൈറലായെങ്കിലും, മൃഗങ്ങളെ ഉപദ്രവിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം. 

ണം കൊടുത്ത് വാങ്ങിയ സാധനം വിചാരിച്ച രീതിയിൽ എത്തിയില്ലെങ്കില്‍ നമ്മളിലാരാണ് അസ്വസ്ഥരാകാത്തത്. മഹാരാഷ്ട്രയിലെ ജുന്നാറിലെ ഗണേഷ് സംഗഡെയും അത് തന്നെയാണ് ചെയ്തത്. പക്ഷേ, അതല്പം കടന്ന കൈയായി. പിന്നാലെ അദ്ദേഹത്തിനെതിരെ മൃഗപീഡനത്തിന് കേസെടുക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ഇതിനെല്ലാം കാരണമായത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വാങ്ങിയ മഹീന്ദ്ര ഥാറായിരുന്നു.

പ്രതിഷേധിക്കാൻ കണ്ടെത്തിയ മാർഗം

കാര്യങ്ങളൊക്കെ ഒന്ന് എളുപ്പമാകുമെന്ന് കരുതിയാണ് ഗണേഷ് ഥാർ വാങ്ങിയത്. പക്ഷേ, ദിവസം കഴിയുന്തോറും വണ്ടി പണി മുടക്കിത്തുടങ്ങി. മാസങ്ങൾക്കുള്ളില്‍ പല തവണ, പല പ്രശ്നങ്ങൾക്കായി വാകഡിലെ ഹിഞ്ചവാടി ഫ്ലൈഓവറിനടുത്തുള്ള മഹീന്ദ്ര സഹ്യാദ്രി മോട്ടോഴ്‌സിന്‍റെ ഷോറൂമിലേക്ക് അദ്ദേഹത്തിന് വരേണ്ടിവന്നു. അടിക്കടി ഒരു പ്രശ്നങ്ങളുമായുള്ള തന്‍റെ വരവ്, ഷോറൂമിലെ ജീവനക്കാര്‍ക്ക് തന്നോടൊരു അവഗണനയ്ക്ക് കാരണമായോയെന്ന് ഗണേഷിന് സംശയം തോന്നി. പിന്നാലെ അദ്ദേഹം വ്യത്യസ്തമായൊരു പ്രതിഷേധം സംഘടിപ്പിച്ചു.

View post on Instagram

പരാതി

കൊട്ടും കുരവയും ബാന്‍റ്മേളവുമെല്ലാമായി വീട് മുതല്‍ ഷോറൂം വരെ തന്‍റെ ഥാറിനെ ഗണേഷ്, രണ്ട് കഴുതകളെ കൊണ്ട് വലിപ്പിച്ചു. വഴി യാത്രക്കാരെല്ലാം ഇത് കണ്ട് അന്തംവിട്ടു. പ്രശസ്തി കേട്ടാണ് വാങ്ങിയതെന്നും എന്നാൽ, മൈലേജ് പ്രശ്നം ആദ്യ ദിവസം തന്നെ നേരിട്ടതാണെന്നും നിരവധി തവണ പരാതിപ്പെട്ടിട്ടും ഷോറുമുകാർ പ്രശ്നം പരിഹരിച്ചില്ലെന്നും ഗണേഷ് പറയുന്നു. മാത്രമല്ല, കാറിൽ നിന്നും വെള്ളം ചോരുന്നു. കുറഞ്ഞ മൈലേജ് കാരണം എല്ലാ ദിവസവും പമ്പിൽ കയറേണ്ട അവസ്ഥ. തുരുമ്പ് കാരണം പെയിന്‍റ് ഇളകുന്നു. എഞ്ചിന്‍റെ ശബ്ദം ഡ്രൈവിംഗിനെ അസ്വസ്ഥമാക്കുന്നു. അങ്ങനെ എസ്യുവിക്ക് നിരവധി പ്രശ്നങ്ങളാണെന്നും ഗണേഷ് ആരോപിച്ചു.

കഴുതകളെന്ത് ചെയ്തെന്ന്

വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. പക്ഷേ, ഗണേഷിന്‍റെ കൈയില്‍ നിന്നും കാര്യങ്ങൾ പോയി. രണ്ട് കഴുതകളെ ഉപയോഗിച്ച് എസ്യുവി കെട്ടിവലിച്ചതിന് മൃഗസ്നേഹികൾ പ്രതിഷേധവുമായി ഇറങ്ങി. മിണ്ടാപ്രാണികളെ സ്വാർത്ഥലാഭത്തിനായി ഉപയോഗിച്ച ഇയാൾക്കെതിരെ കേസെടുക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. മറ്റ് ചിലര്‍ കഴുതകൾ എന്ത് ചെയ്തിട്ടാണ് അവയെ ഉപദ്രവിക്കുന്നതെന്നായിരുന്നു ചോദിച്ചത്.