മുംബൈയിലെ ഹില്ട്ടൺ ഹോട്ടലിൽ ഒരു ആലു പറാത്തയ്ക്കും മൂന്ന് പുഴുങ്ങിയ മുട്ടയ്ക്കും 2,300 രൂപ ബില്ല് വന്നത് വിവാദമായി. മൂന്ന് മുട്ടകൾക്ക് മാത്രം 499 രൂപ ഈടാക്കിയതിനെതിരെ യുവാവ് പങ്കുവെച്ച വീഡിയോ വൈറലായതോടെ, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ അമിതവിലയെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡംബര ഹോട്ടലുകളിലെ ഭക്ഷണവിലയെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൻ വിവാദം. മുംബൈയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ ഹില്ട്ടണിൽ താമസിച്ച അതിഥിക്ക് ലഭിച്ച ഭക്ഷണ ബില്ലാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഒരു ആലു പറാത്ത, മൂന്ന് പുഴുങ്ങിയ മുട്ടകൾ, ഒരു പാത്രം തൈര്, വാനില മിൽക്ക് ഷേക്ക് എന്നിവയ്ക്ക് ഹോട്ടൽ ഈടാക്കിയത് 2,300 രൂപയാണ്. ഇതിൽ മൂന്ന് മുട്ടകൾക്ക് മാത്രം ടാക്സ് കൂടാതെ 499 രൂപ ഈടാക്കിയതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

അസംബന്ധമെന്ന് യുവാവ്

'വാട്ട് ദി ഹെൽ' എന്ന തലക്കെട്ടിൽ @the90millennialguy എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ യുവാവ് പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. "ഞാൻ അത്താഴത്തിന് വലിയ ആഡംബരമുള്ളതൊന്നും ഓർഡർ ചെയ്തിട്ടില്ല. സാധാരണ ആലു പറാത്തയും കുറച്ച് പുഴുങ്ങിയ മുട്ടയും തൈരും മിൽക്ക് ഷേക്കുമാണ് വാങ്ങിയത്. എന്നാൽ, ബിൽ വന്നപ്പോൾ 2,300 രൂപ! സാധാരണയായി വിലകൂടിയ സ്ഥലങ്ങളിൽ പോകുമ്പോൾ പണത്തെക്കുറിച്ച് ഞാൻ അത്ര ആലോചിക്കാറില്ല. അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ചിലവുണ്ടെന്നും എനിക്കറിയാം. പക്ഷേ മൂന്ന് മുട്ടയ്ക്ക് 500 രൂപയോ?" വീഡിയോയിൽ അദ്ദേഹം ചോദിക്കുന്നു.

View post on Instagram

ഞെട്ടിക്കുന്ന വില

വിപണിയിൽ വെറും 10-12 രൂപ മാത്രം വിലവരുന്ന സാധാരണ മുട്ടകൾക്കാണ് ഹോട്ടൽ ഭീമമായ തുക ഈടാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അഞ്ച് ഇരട്ടി വരെ മാർക്കപ്പ് കൂട്ടിയാൽ പോലും ഒരു മുട്ടയ്ക്ക് 160 രൂപയ്ക്ക് മുകളിൽ വരുന്നത് ഒട്ടും ന്യായീകരിക്കാൻ കഴിയില്ലെന്നും ഇത് തികച്ചും അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ വൈറലായതോടെ നെറ്റിസൺസ് രണ്ട് ചേരിയായി തിരിഞ്ഞ് തർക്കം ആരംഭിച്ചു. ഒരു വിഭാഗം അമിതവിലയ്ക്കെതിരെ നിലനിന്നപ്പോൾ, മറുവിഭാഗം പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നടത്തിപ്പിനെ കുറിച്ച് വാചാലരായി. ഹോട്ടലിന്‍റെത് കൊള്ളവിലയാണെന്ന് ഒരു വിഭാഗം വാദിച്ചു. എന്നാൽ, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഇൻ - റൂം സർവീസ് ചാർജ് ഇങ്ങനെയാണെന്ന് വാദിച്ചും നിരവധി പേർ രംഗത്തെത്തി.

വിമ‍ർശിച്ചും അനുകൂലിച്ചും കാഴ്ചക്കാർ

"മുട്ടയുടെ വിലയെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാൽ, ഒരു പ്ലേറ്റ് പറാത്തയ്ക്ക് 1,100 രൂപ വാങ്ങിയതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. ശരിക്കുമുള്ള അസംബന്ധം അതാണ്!" എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്, "വിദേശ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഈ തുക വെറും 20-25 ഡോളർ മാത്രമാണ്. അത് അവരുടെ നാട്ടിലെ സാധാരണ നിരക്കാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭൂരിഭാഗവും വിദേശികളാണ് വരുന്നത് എന്നുകൂടി ഓർക്കണം," എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. എന്നാൽ, ഇൻ-റൂം ഡൈനിങ് സർവീസിനെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു മറ്റൊരു കമന്‍റ്. "ഇതൊരു ബാലിശമായ പരാതിയാണ്. കോഫി ഷോപ്പിൽ പോയി ബുഫെ കഴിച്ചിരുന്നെങ്കിൽ ഇതിന്‍റെ പകുതി പൈസയേ ആകുമായിരുന്നുള്ളൂ. റൂമിലേക്ക് ഭക്ഷണം എത്തിക്കുന്ന ഇൻ-റൂം ഡൈനിങ് ഓർഡർ ചെയ്യുമ്പോൾ അധിക ചാർജ് വരും. പഞ്ചനക്ഷത്ര ഹോട്ടലിൽ വന്നിട്ട് തട്ടുകടയിലെ വില പ്രതീക്ഷിക്കരുത്." എന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. "മുട്ടയുടെ വില 50 രൂപ മാത്രമാണ്. അത് പാകം ചെയ്ത് നിങ്ങളുടെ കട്ടിലിൽ കൃത്യമായി എത്തിച്ചു തന്നതിനുള്ള സൗകര്യത്തിനാണ് ഹോട്ടൽ ബാക്കി 450 രൂപ വാങ്ങിയത്. ഇനി എയർപോർട്ടിലെ കാപ്പിക്ക് വീട്ടിലെ കാപ്പിയേക്കാൾ വില കൂടുതലാണെന്നും പറഞ്ഞ് ദയവായി പരാതിപ്പെടരുത്," എന്നായിരുന്നു മറ്റൊരു പരിഹാസം,