പ്രസവ വേദനയാൽ പുളയുന്ന മരുമകളെ അമ്മായിയമ്മ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന സംഭവത്തിൽ, സ്വാഭാവിക പ്രസവത്തിന് നിർബന്ധിക്കുന്ന അമ്മായിയമ്മയുടെ പെരുമാറ്റം രൂക്ഷ വിമർശനത്തിന് ഇടയാക്കി.
പ്രസവ വേദന എടുത്ത് പുളയുന്ന മരുമകളെ, അമ്മായിയമ്മ രൂക്ഷമായി അധിക്ഷേപിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമർശനങ്ങൾക്ക് വഴിവച്ചു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. ഗൈനക്കോളജിസ്റ്റായ ഡോ. നാസ് ഫാത്തിമയാണ് വീഡിയോ പങ്കുവെച്ചത്. സങ്കീർണ്ണതകൾ ഏറെ ഉണ്ടായിരുന്നിട്ടും സ്വാഭാവിക പ്രസവം തെരഞ്ഞെടുക്കാൻ അമ്മായിയമ്മ ഗർഭിണിയായ മരുമകളെ നിർബന്ധിക്കുന്നത് വീഡിയോയിൽ കാണാം.
അമ്മായിയമ്മയുടെ വിചിത്ര ആവശ്യം
ദൃശ്യങ്ങളിൽ മരുമകൾ വേദന കൊണ്ട് ഭർത്താവിന്‍റെ കൈകളിൽ മുറുക്കെ പിടിക്കുമ്പോൾ അമ്മായിയമ്മ രോഷത്തോടെ അലറുന്നത് കാണാം. 'മിണ്ടാതിരുന്നോ, അല്ലെങ്കിൽ ഞാൻ നിന്‍റെ വായ അടച്ചുപൂട്ടും, ഇങ്ങനെ കരഞ്ഞാൽ നീ എങ്ങനെ അമ്മയാകും?' എന്നെല്ലാമാണ് അമ്മായിയമ്മയുടെ ചോദ്യങ്ങൾ. ഇതിനിടെ, മരുമകളോട് തന്‍റെ മകന്‍റെ കൈയില്‍ നിന്നും പിടിവിടാനും ഇവര്‍ ആവശ്യപ്പെടുന്നു. തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, പ്രസവം പോലെ ഏറെ മാനസിക പിന്തുണ വേണ്ട സാഹചര്യങ്ങളിൽ കുടുംബാംഗങ്ങൾ ഇത്തരത്തിൽ പരുഷമായി പെരുമാറുന്നതിന് പകരം സ്നേഹത്തോടും ശ്രദ്ധയോടും കൂടി സംസാരിക്കേണ്ടതിന്‍റെ പ്രാധാന്യം ഡോ. ഫാത്തിമ ഓർമ്മപ്പെടുത്തുന്നു. അതേസമയം അമ്മായിയമ്മയുടെ സംസാരം അവിടെ കൂടിനിന്നവരിലും യുവതിയിലും ഇരിയുണർത്തുന്നതും വീഡിയോയില്‍ കാണാം. ഒടുവിൽ, ഇത്തരത്തിലൊന്നും പ്രസവിച്ച് കിടക്കുന്ന സ്ത്രീകളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡോക്ടർ പ്രായമായ സ്ത്രീയുടെ കൈയിലേക്ക് കുഞ്ഞിനെ വച്ച് കൊടുക്കുന്നതും വീഡിയോയില്‍ കാണാം.
രൂക്ഷ വിമർശനം
അമ്മായിയമ്മയുടെ പെരുമാറ്റത്തിൽ സമൂഹ മാധ്യമ ഉപയോക്താക്കളും രൂക്ഷമായ വിമർശനം രേഖപ്പെടുത്തി. ഭാര്യ കഠിനമായ വേദനയും ശകാരവും ഏറ്റുവാങ്ങുമ്പോൾ ഭർത്താവ് നിഷ്ക്രിയനായി നിന്നതിനെയും കാഴ്ചക്കാര്‍ വിമർശിച്ചു. ഒരു ഗർഭിണി അപമാനിക്കപ്പെടുന്നതും ആരും ഒരക്ഷരം മിണ്ടാതിരിക്കുന്നതും കാണാൻ പ്രയാസമാണെന്നായിരുന്നു ഒരാൾ എഴുതിയത്. പ്രായം നിങ്ങളെ ബുദ്ധിമാനോ ദയയുള്ളവനോ ആകുന്നില്ലെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. നിങ്ങൾ പ്രശ്നമുള്ള ഒരു അമ്മായിയമ്മയെയാണ് കാണുന്നത്, എന്നാൽ, ഭാര്യക്ക് വേണ്ടി നിലപാടെടുക്കാൻ കഴിയാതെ പോയ ഒരു ഭർത്താവിനെയാണ് ഞാൻ കാണുന്നതെന്നായിരുന്നു മറ്റൊരു കുറിപ്പ്.
ഉയർന്ന സമ്മർദ്ദമുള്ള മെഡിക്കൽ സാഹചര്യങ്ങളിൽ ഗർഭിണികളോട് എങ്ങനെ പെരുമാറാം എന്നതിനെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്കാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ സൃഷ്ടിച്ചത്. പ്രസവ സമയത്ത് വൈകാരിക പിന്തുണ നൽകേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് നിരവധി പേരാണ് എഴുതിയത്.


