ഒരിക്കൽ അൽ-ഖ്വയ്ദ അംഗമായിരുന്ന അൽ-ഷറാ, അൽ-ഖ്വയ്ദ യുഎസില്‍ നടത്തിയ 9/11 ആക്രമണത്തെ ന്യായീകരിച്ച് രംഗത്തെത്തിയ ആൾ കൂടിയാണ്.
‘താങ്കൾക്ക് എത്ര ഭാര്യമാർ ഉണ്ട്?’ സിറിയൻ പ്രസിഡന്‍റിനോട് നർമ്മം കലർന്ന ചോദ്യവുമായി ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ട്രംപും സിറിയൻ പ്രസിഡന്‍റ് അൽ ഷറായും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടയായിരുന്നു ട്രംപിന്‍റെ ചോദ്യം. സിറിയൻ സുന്നി മുസ്ലീം കുടുംബത്തിൽ ജനിച്ച അഹമ്മദ് ഹുസൈൻ അൽ-ഷറാ, 2003-ലെ ഇറാഖ് അധിനിവേശത്തിന് തൊട്ടുമുമ്പ് അൽ-ഖ്വയ്ദയിൽ ചേരുകയും മൂന്ന് വർഷം ഇറാഖി കലാപത്തിൽ പോരാടുകയും ചെയ്തിരുന്നു. 2006 മുതൽ 2011 വരെ അമേരിക്കൻ സൈന്യം അദ്ദേഹത്തെ പിടികൂടി ജയിലിലടച്ചിരുന്നു. അൽ-ഖ്വയ്ദ യുഎസില്‍ നടത്തിയ 9/11 ആക്രമണത്തെ ന്യായീകരിച്ച് കൊണ്ട് അൽ-ഷറാ നടത്തിയ അഭിമുഖം വിവാദമായിരുന്നു.
പെർഫ്യം അടിച്ച് ട്രംപ്
സന്ദർശനം തുടരുന്നതിനിടെ ട്രംപ് അൽ-ഷറായക്ക് തന്‍റെ സ്വന്തം ബ്രാൻഡിൽ പുറത്തിറക്കിയ വിക്ടറി 45- 47 എന്ന പെർഫ്യൂമിന്‍റെ രണ്ട് കുപ്പികൾ സമ്മാനിച്ചു. സിറിയൻ പ്രസിഡന്‍റിന്‍റെ ശരീരത്തിൽ അത് സ്പ്രേ ചെയ്യാനും ട്രംപ് മറന്നില്ല. ഏറ്റവും മികച്ച സുഗന്ധം എന്നാണ് തന്‍റെ പെർഫ്യൂമിനെ ട്രംപ് വിശേഷിപ്പിച്ചത്. തുടർന്ന് അൽ ഷ റായോട് മറ്റേത് നിങ്ങളുടെ ഭാര്യക്കുള്ളതാണ്, എന്ന് പറഞ്ഞ് ചിരിച്ച് കൊണ്ടാണ് അടുത്ത ചോദ്യം, 'നിങ്ങൾക്ക് എത്ര ഭാര്യമാരുണ്ട്?' ഇതിനു മറുപടിയായി അൽ-ഷറാ 'ഒന്ന് മാത്രം' എന്ന് വ്യക്തമാക്കി. നിങ്ങളുടെ കാര്യത്തിൽ എനിക്കൊരിക്കലും ഉറപ്പില്ലെന്നായിരുന്നു ട്രംപിന്‍റെ മറുപടി.
സിറിയൻ - യുഎസ് ബാന്ധവം
സിറിയൻ പ്രസിഡന്റിന്‍റെ വൈറ്റ്ഹൗസ് സന്ദർശനത്തിനിടെ അദ്ദേഹത്തിന് വാഷിംഗ്ടൺ ഡീസിയിൽ ഒരുക്കിയ സ്വീകരണത്തിനിടയാണ് സംഭവം. സിറിയക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഒരു സിറിയൻ നേതാവിന് ഒരു യു.എസ്. പ്രസിഡന്‍റ് ആദ്യമായാണ് ഔദ്യോഗിക വസതിയിൽ ആതിഥേയത്വം നൽകുന്നത്. ട്രംപ്-അൽ ഷറാ കൂടിക്കാഴ്ചക്ക് ഏറെ നയതന്ത്ര പ്രാധാന്യമുണ്ട്. 2024 ഡിസംബറിൽ മുൻ സിറിയൻ പ്രസിഡന്‍റ് ബാഷർ അൽ-അസദിനെ അട്ടിമറിച്ചതിന് ശേഷം അധികാരത്തിലെത്തിയ അൽ-ഷറാ, സിറിയയെ പുനർനിർമ്മിക്കാനും മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും ശ്രമിക്കുകയാണ്.
അമേരിക്ക ഏർപ്പെടുത്തിയ പ്രധാന ഉപരോധങ്ങൾ നിർത്തിവയ്ക്കുകയും നയതന്ത്ര ചാനലുകൾ വീണ്ടും തുറക്കുകയും ചെയ്തുകൊണ്ടുള്ള സൗഹൃദ നീക്കങ്ങളാണ് സന്ദർശനത്തിന്‍റെ കാതൽ. പെർഫ്യൂം കൈമാറിയ നിമിഷം നർമ്മം കലർന്ന സൗഹൃദ കൂടിക്കാഴ്ചയായി വിലയിരുത്താമെങ്കിലും ഉന്നതതല കൂടിക്കാഴ്ചകളിലെ നയതന്ത്രപരമായ ശൈലിയെക്കുറിച്ച് പല ചോദ്യങ്ങളും ഉയരുന്നു. ട്രംപ് അൽ-ഷറ സംഭാഷണത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ഇത് അന്താരാഷ്ട്ര ബന്ധങ്ങളിലെ ഔചിത്യത്തെ കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തുകയും ചെയ്തു.


