മുംബൈ സ്വദേശിയായ യുവാവ് കാമുകിയുടെ ജന്മദിനം ആഘോഷിക്കാൻ ഇൻസ്റ്റാമാർട്ട് ഡെലിവറി ഏജന്റായി വേഷംമാറി. സുഹൃത്ത് പകർത്തിയ ഈ ദൃശ്യങ്ങൾ വൈറലായതോടെ അഭിനന്ദനങ്ങൾക്കൊപ്പം രൂക്ഷമായ വിമർശനങ്ങളും യുവാവിന് നേരിടേണ്ടി വന്നു.
ചില പ്രത്യേക ദിവസങ്ങൾ അവിസ്മരണീയമാക്കുന്ന സുഹൃത്തുക്കൾ നിങ്ങൾക്കു കാണാം. എന്നാല്‍ അങ്ങനെയൊരു ദിവസം അവിസ്മരണീയമക്കിയതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയാല്ലോ? അത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോവുകയാണ് ഒരു മുംബൈ സ്വദേശി. അദ്ദേഹം തന്‍റെ കാമുകിയുടെ ജന്മദിനം അവിസ്മരണീയമാക്കാന്‍ നടത്തിയ ശ്രമം രൂക്ഷ വിമർശനത്തിന് ഇടയാക്കി.
ആഘോഷമായ ജന്മദിനം
തന്‍റെ കാമുകിയുടെ ജന്മദിനം ആഘോഷിക്കാൻ സുഹൃത്തിന്‍റെ സഹായത്തോടെ രസകരവും ബുദ്ധിപരവുമായ ഒരു മാർഗം കണ്ടെത്തിയതായിരുന്നു അദ്ദേഹം. ഒരു ഇൻസ്റ്റാമാർട്ട് ഡെലിവറി ഏജന്‍റുമായി ചേർന്ന് അദ്ദേഹം തന്‍റെ വസ്ത്രം മാറി. പിന്നീട് ഡെലിവറി ഏജന്‍റ് എന്ന വ്യാജേന കാമുകി കുടുംബവുമായി ഒന്നിച്ച് താമസിക്കുന്ന ഫ്ലാറ്റിലെത്തി. ഡെലിവറി വാങ്ങാനെന്ന വ്യാജേന ഫ്ലാറ്റില്‍ നിന്നും പുറത്തിറങ്ങിയ കാമുകിയോടൊപ്പം യുവാവ് കേക്ക് മുറിച്ചു. എല്ലാറ്റിനും ഒപ്പം നിന്ന സുഹൃത്ത് ദൃശ്യങ്ങളെല്ലാം മൊബൈലില്‍ ചിത്രീകരിച്ച് സംഭവം കളറാക്കി. വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ 4 കോടി 18 ലക്ഷം പേരാണ് കണ്ടത്.
വിമർശനവും അഭിനന്ദനവും
നിരവധി പേര്‍ യുവാവിനെയും സുഹൃത്തിനെയും അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. ഇത്തരം കുസൃതികളൊന്നുമില്ലെങ്കില്‍ ജീവിതത്തിന് മറ്റെന്ത് രസമാണ് ഉള്ളതെന്നായിരുന്നു ചിലരുടെ വാദം. മറ്റ് ചിലര്‍ ഇത്തരം സുഹൃത്തുക്കളെ തങ്ങൾക്ക് കിട്ടിയില്ലല്ലോയെന്ന് പരിതപിച്ചു. അതേസമയം രൂക്ഷമായ വിമർശനവുമായി ചിലര്‍ രംഗത്തെത്തി. വീഡിയോ അപ്പ് ചെയ്തതിന് ശേഷം കാമുകിയുടെ വീട്ടില്‍ എന്ത് സംഭവിച്ചെന്നായിരുന്നു ചിലരുടെ 'കരുതൽ'."അവളുടെ മാതാപിതാക്കൾ ഈ വീഡിയോ കാണുന്നുണ്ടെന്ന് സങ്കൽപ്പിക്കുക." എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. "അയൽക്കാർ വന്നേക്കുമെന്ന് അവൾ ഭയക്കുന്നു, പക്ഷേ ഈ റീൽ അവർ കാണുമെന്ന് അവൾക്ക് ഭയമില്ല' എന്നായിരുന്നു മറ്റൊരു കുറിപ്പ്. "ക്യാമറാമാൻ വളരെ ആവേശത്തിലാണ്." എന്നായിരുന്നു മറ്റുചിലരുടെ കണ്ടെത്തൽ.


