അടുത്തുവന്നാല്‍ കടിക്കും, എന്നിട്ടും പൊട്ടക്കിണറ്റില്‍നിന്നും മൂര്‍ഖനെ അതിസാഹസികമായി കയറില്‍ തൂക്കിയെടുത്തു! 

മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഉപയോഗ ശൂന്യമായ ആ കിണര്‍. അതിലാണ്, കഴിഞ്ഞ ദിവസം ഉഗ്രവിഷമുള്ള മൂര്‍ഖന്‍ വീണത്. സ്വാഭാവികം! പക്ഷേ, അതു കഴിഞ്ഞ് നടന്നത് അത്ര സാധാരണമല്ലാത്ത കാര്യമാണ്. ഒരു സംഘം സന്നദ്ധ പ്രവര്‍ത്തകര്‍ ആ വിഷപ്പാമ്പിനെ രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

സര്‍ക്കാരിതര വന്യജീവി ഗവേഷണ സ്ഥാപനത്തിലെ സന്നദ്ധപ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനതിന് ചുക്കാന്‍ പിടിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പാമ്പിനെ രക്ഷിക്കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

Scroll to load tweet…

വീഡിയോയില്‍, ഒരു കയറിന്റെ അറ്റത്ത് ഒരു കൊളുത്ത് കെട്ടിയിരിക്കുന്നത് കാണാം. കിണറ്റില്‍ വീണ പാമ്പിനെ ഈ കൊളുത്തില്‍ കുരുക്കിയാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുന്നത്. ഏത് നിമിഷവും ആഞ്ഞു കൊത്താന്‍ തയ്യാറായിട്ടാണ് കമ്പിയില്‍ പാമ്പ് ഇരുന്നിരുന്നത്. 

വീഡിയോയില്‍ സന്നദ്ധപ്രവര്‍ത്തകന്‍ രണ്ട് അടി നീളമുള്ള പാമ്പിനെ കൊളുത്തും കയറും ഉപയോഗിച്ച് മുകളിലേക്ക് വലിക്കുന്നത് കാണാന്‍ സാധിക്കും. പാമ്പിനെ സുരക്ഷിതമായ അകലത്തില്‍ നിര്‍ത്താന്‍ മറ്റൊരു സന്നദ്ധപ്രവര്‍ത്തകന്‍ അയാളെ സഹായിക്കുന്നതും കാണാം. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകന്‍ കിണറ്റില്‍ നിന്ന് പാമ്പിനെ ഉയര്‍ത്തി സമീപം വച്ചിരിക്കുന്ന ചാക്കിനകത്താക്കാന്‍ ശ്രമിക്കുന്നു. 

എന്നാല്‍ ഈ സമയമത്രയും പാമ്പ് പത്തി താഴ്ത്താതെ രക്ഷാപ്രവര്‍ത്തകനെ തന്നെ ഉറ്റു നോക്കികൊണ്ട് നില്‍ക്കുന്നു. അയാള്‍ വളരെ വൈദഗ്ധ്യത്തോടെയാണ് അതിനെ കൈകാര്യം ചെയ്തത്.

പിന്നീട് അതിനെ അയാള്‍ ഒരു കറുത്ത ബാഗിലേക്ക് കമ്പ് ഉപയോഗിച്ച് തള്ളി കയറ്റാന്‍ ശ്രമിക്കുന്നു. 'സര്‍ക്കാരിതര വന്യജീവി ഗവേഷണ സ്ഥാപനത്തിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ മഹാരാഷ്ട്രയിലെ നാസിക് മേഖലയിലെ ശൂന്യമായി കിടക്കുന്ന കിണറ്റില്‍ നിന്ന് മൂര്‍ഖനെ രക്ഷപ്പെടുത്തി' എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്. എഎന്‍ഐ പങ്കുവെച്ച 2:16 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനകം 34,000-ലധികം ആളുകള്‍ കണ്ടു. സന്നദ്ധപ്രവര്‍ത്തകരുടെ ധീരമായ ദൗത്യത്തെ പ്രശംസിച്ചുകൊണ്ടുള്ള നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.

Scroll to load tweet…

''കഴിഞ്ഞ ദിവസം കിണറ്റില്‍ ഒരു പാമ്പ് കുടുങ്ങിയെന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. സ്ഥലത്ത് എത്തിയപ്പോള്‍ പാമ്പിനെ കണ്ടു. അത് ചൂടും ദാഹവും കൊണ്ട് തളര്‍ന്നുപോയിരുന്നു. കിണറ്റിനകത്ത് അതിന് വിശ്രമിക്കാന്‍ പറ്റിയ ഇടം ഇല്ലായിരുന്നു''-ഇക്കോ ഫൗണ്ടേഷന്റെ സന്നദ്ധപ്രവര്‍ത്തകനായ വൈഭവ് ഭോഗലെ പറഞ്ഞു. പാമ്പിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങാന്‍ തനിക്കും സംഘത്തിനും ബുദ്ധിമുട്ടായതിനാല്‍ കയറുപയോഗിച്ച് അതിനെ പുറത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.