ഭക്ഷണം നൽകാത്തതിന് അമ്മയെ 12 വയസുകാരൻ മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കുട്ടിയുടെ അമിതവണ്ണവും പെരുമാറ്റവും രക്ഷാകർതൃത്വത്തിന്‍റെ പിഴവാണെന്നും അതല്ല കുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുക്കണമായിരുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നു.
ഇനി ഭക്ഷണമില്ലെന്ന് പറഞ്ഞ അമ്മയെ വിശപ്പ് സഹിക്കാനാകാതെ 12 വയസുകാൻ ഇടിച്ച് കൂട്ടുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചു. പിന്നാലെ കുട്ടിയെ നിലയ്ക്ക് നിർത്തണമെന്നും അതല്ല, കുട്ടിയുടെ ആഗ്രഹം സാധിച്ച് കൊടുക്കമായിരുന്നുവെന്നുമുള്ള വിരുദ്ധ ആശയങ്ങളുമായി സമൂഹ മാധ്യമ ഉപയോക്താക്കളും എത്തി. അതേസമയം കുട്ടിയുടെ അമിത വണ്ണത്തെ കുറിച്ച് സംസാരിച്ച ചിലർ കുട്ടിയ്ക്ക് ആരോഗ്യകരമായ ഭക്ഷണവും പെരുമാറ്റ ശീലങ്ങളും പഠിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഇനി ഭക്ഷണമില്ലെന്ന് പറഞ്ഞ അമ്മയെ തല്ലി മകൻ
"അമിതവണ്ണമുള്ള 12 വയസ്സുള്ള ഒരു ആൺകുട്ടി കൂടുതൽ ഭക്ഷണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് അമ്മയെ ആക്രമിക്കുകയും തല്ലുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ഇക്കാലത്ത് അമേരിക്കയിൽ ഇതൊരു വലിയ പ്രശ്നമാണ്. ആളുകളും കുട്ടികളും അമിതമായി തടിച്ചവരും അനാരോഗ്യകരരുമാണെന്ന് മാത്രമല്ല, ഇത് മാനസികാരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീട്ടിനുള്ളിൽ നിന്നും ചിത്രീകരിച്ച സംഭവത്തിൽ ഒരു അമിതവണ്ണമുള്ള ഒരു കുട്ടി തന്‍റെ അമ്മയെ ക്രൂരമായി മർദ്ദിക്കുന്നത് കാണാം. അമ്മയ്ക്ക് ഒരു ഇടപോലും നൽകാത്തത്രയും വേഗതയിൽ കുട്ടി അമ്മയുടെ തല ലക്ഷ്യമാക്കി നിരന്തരം ഇടിക്കുന്നത് കാണാം. മകന്‍റെ ഇടിയിൽ അമ്മ അടിതെറ്റി പല തവണ താഴെ വീഴുന്നു. ഒരോ തവണ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴും കുട്ടി ഇടി തുടരുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് ഇത് ഇന്ന് അമേരിക്ക നേരിടുന്ന ഒരു വലിയ പ്രശ്നമാണെന്ന് ചൂണ്ടിക്കാണിക്കുന്നു,
സമ്മിശ്ര പ്രതികരണവുമായി നെറ്റിസെന്‍സ്
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഒരേസമയം കുട്ടിയെയും രക്ഷിതാക്കളെയും കുറ്റപ്പെടുത്തി കൊണ്ട് രംഗത്തെത്തിയത്. കുട്ടിയുടെ അമിത വണ്ണത്തിന് കാരണം രക്ഷിതാക്കളാണെന്നും അവന് ആരോഗ്യകരമായ ഭക്ഷണം ചെറുപ്പത്തിലെ നൽകാതെ ഫാസ്റ്റ് ഫുഡും മറ്റ് സോഫ്റ്റ് ഡ്രിങ്കുകളും നൽകിയതിന്‍റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഒപ്പം കുട്ടിയെ അനുസരണ ശീലം പഠിപ്പിക്കാത്തതിന് ചിലർ മാതാപിതാക്കളെ കുറ്റപ്പെടുത്തി. അതേസമയം അതൊരു ചെറിയ കുട്ടിയാണെന്നും അവനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കേണ്ടതിന് പകരം ഭക്ഷണം ഇല്ലെന്ന് പറയുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമാണെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. അതേസമയം മറ്റ് ചിലർ ഭാരം, ഭക്ഷണം, വൈകാരിക ആരോഗ്യം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ കുടുംബം ഏങ്ങനെ പിന്തുണയ്ക്കുന്നു എന്നതിനെക്കുറിച്ചുള്ള ചില സംഭാഷണങ്ങളും വീഡിയോയ്ക്ക് താഴെ കുറിക്കപ്പെട്ടു.


