നടുവേദനയ്ക്കുള്ള ഒരു വിചിത്രമായ നാടൻ ചികിത്സയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. രോഗിയെ മൺകലത്തിന് മുകളിലിരുത്തി അത് തല്ലിപ്പൊട്ടിക്കുന്നതാണ് ചികിത്സാരീതി.  ചികിത്സയുടെ സുരക്ഷിതത്വത്തെയും ഫലപ്രാപ്തിയെയും കുറിച്ച് കാഴ്ചക്കാർക്കിടയിൽ ചർച്ചകൾ നടക്കുന്നു.

യുർവേദ ചികിത്സ, യുനാനി, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാ രീതികളെയൊന്നും അംഗീകരിക്കാൻ അലോപ്പതി ചികിത്സക‍ർ ഇനിയും തയ്യാറല്ല. ഇതിനെല്ലാമിടയിൽ ഇന്ത്യയിലെമ്പാടുമായി ചില നാടൻ ചികിത്സകളുമുണ്ട്. ഇതിനിടെയാണ് നടുവേദന മാറ്റിത്തരുമെന്ന പരസ്യവാചകത്തോടെ ഒരു പ്രത്യേക ചികിത്സയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വീഡിയോ കണ്ട നെറ്റിസെന്‍സ് പോലും അന്തം വിട്ടു.

നടുവേദനയ്ക്ക് നാടൻ ചികിത്സ

നടുവിന് വേദന വന്നവ‍ർക്കറിയാം അതിന്‍റെ ദുരന്തം ഒന്ന് അനങ്ങാന്‍ പോലും ചിലപ്പോൾ പറ്റണമെന്നില്ല. അത്തരമൊരു അവസ്ഥയിൽ ഇരിക്കുന്ന രോഗികളെ ഈ രീതിയിൽ ചികിത്സിച്ചാൽ എന്താകും അവരുടെ അവസ്ഥയെന്ന് അനുഭവിച്ച് മാത്രമേ പറയാന്‍ പറ്റൂ. അത്രയ്ക്ക് വിചിത്രമായിരുന്നു ചികിത്സ. രോഗിയെ വായ്ഭാഗം മണ്ണിലേക്ക് വച്ച ഒരു മണ്‍തലത്തിന് മേലെ ഇരുത്തുന്നു. 

View post on Instagram

പിന്നാലെ രോഗിയുടെ കാൽ ഒരാൾ പിടിക്കും മറ്റൊരാൾ മണ്‍കലം അടിച്ച് പൊട്ടിക്കുന്നു. ഈസമയം രോഗി പൊട്ടിയ മണ്‍പാത്രത്തിന് മുകളിലേക്ക് ചന്തിയും കുത്തി വീഴും. അപ്രതീക്ഷിതമായ ഈ വീഴ്ച രോഗിയെ സുഖപ്പെടുത്തുമോ അതോ രോഗാവസ്ഥ കൂടുതൽ വഷളാക്കുമോയെന്നൊന്നും പറയാൻ പറ്റില്ല. സംഗതി എന്തായാലും ചികിത്സിക്കുന്ന ആളെ ബന്ധപ്പെടാനുള്ള നമ്പ‍ർ സഹിതമാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അന്തംവിട്ട് നെറ്റിസെന്‍സ്

നടുവേദനയ്ക്കുള്ള ചികിത്സ എന്ന അടിക്കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഒരു കോടിക്ക് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് അവിശ്വസനീയമായ ചികിത്സാ രീതി കണ്ട് സംശയ നിവാരണത്തിനായെത്തിയത്. ഒരു ചോദ്യം ചോദിക്കാനുണ്ട്. ചികിത്സയ്ക്ക് ശേഷം എന്‍റെ നടുവേദന ഭേദമാകുമോ, അതോ കൂടുൽ ശക്തമാകുമോയെന്നായിരുന്നു ഒരു കാഴ്ചക്കാരൻ ചോദിച്ചത്. വേദന മാത്രമാകും ബാക്കിയെന്ന് മറ്റൊരാൾ കുറിച്ചു. ഒരു ഡോക്ടർ ഇത് കണ്ടാൽ അവർ ആത്മഹത്യ ചെയ്യുമെന്നായിരുന്നു മറ്റൊരു കുറിപ്പ്.