ജയ്പൂരിലെ ഒരു ജ്വല്ലറിയിൽ വെച്ച് ബിസിനസ്സ് സംസാരിക്കുന്നതിനിടെ രത്നവ്യാപാരിയായ രാജ്കുമാർ സോണിക്ക് ഹൃദയാഘാതം സംഭവിക്കുകയും അദ്ദേഹം കുഴഞ്ഞു വീഴുകയും ചെയ്തു. എന്നാൽ, ജ്വല്ലറി ഉടമയുടെ മകൻ വരുൺ ജെയിൻ ഉടൻതന്നെ സിപിആർ നൽകി അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു.
മരണം മുന്നിൽ കാണുന്നത് പോലെയായിരുന്നു ആ വീഡിയോ. എന്നാല്‍ മരണത്തിന് മുന്നിൽ നിന്നും അദ്ദേഹത്തെ അവർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ജയ്പൂരിലെ രാംപുര ബസാറിലെ വർധമാൻ ജ്വല്ലേഴ്‌സിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ജ്വല്ലറിയിൽ വച്ച് ഉടമസ്ഥനോട് ബിസിനസ് കാരങ്ങൾ സംസാരിച്ചിരിക്കെ രത്നവ്യാപാരിക്ക് നെഞ്ച് വേദന വരികയും അദ്ദേഹം മരണത്തിലേക്ക് പതുക്കെ വീഴുകയുമായിരുന്നു. എന്നാല്‍ ജ്വല്ലറി ഉടമയുടെ മകന്‍റെ പ്രവർത്തി അദ്ദേഹത്തെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് വിളിച്ചുണർത്തി.
മരണത്തിൽ നിന്നും ജീവിതത്തിലേക്ക്
60 വയസ്സുള്ള ജയ്പൂരിലെ രത്നക്കല്ലുകളുടെ വ്യാപാരിയായ രാജ്കുമാർ സോണിയ്ക്കാണ് വർധമാൻ ജ്വല്ലേറിയിൽ വച്ച് നെഞ്ച് വേദന വന്നത്. ഡിസംബർ 11 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:58 ഓടെയാണ് സംഭവം നടന്നത്. ജ്വല്ലറി കൗണ്ടറിൽ വച്ച് ബിസിനസ്സ് ചർച്ചകൾ നടത്തുന്നതിനിടെയാണ് രാജ്കുമാറിന് നെഞ്ച് വേദന വന്നത്. പിന്നാലെ അദ്ദേഹം പതുക്കെ മുന്നിലെ ഡിസ്പ്ലേ ഡെസ്ക്കിലേക്ക് കൈവച്ച് കിടന്നു. അദ്ദേഹം പെട്ടെന്ന് കിടന്നത് കണ്ട് ജ്വല്ലറിയിലെ ജീവനക്കാരും ഉടമയുടെ മകൻ വരുണ്‍ ജെയിൻ പെട്ടെന്ന് തന്നെ മുന്നോട്ട് വന്നു. പിന്നാലെ അദ്ദേഹത്തെ നിലത്ത് കിടത്തി നെഞ്ചിൽ അമർത്തി സിപിആർ നല്‍കി. ഏതാണ്ട് രണ്ടര മിനിറ്റോളം സിപിആര്‍ നല്‍കിയ ശേഷം അദ്ദേഹം കണ്ണ് തുറന്ന് എഴുന്നേറ്റു. തനിക്ക് നെഞ്ച് വേദന വന്നെന്നും പിന്നൊന്നും ഓർമ്മയില്ലെന്നുമാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. പ്രഥമിക ശുശ്രുഷ നല്‍കിയ ശേഷം അദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അഭിനന്ദന പ്രവാഹം
വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രശംസ കൊണ്ട് നിറച്ചു. വരുണിന്‍റെ മനസ്സാന്നിധ്യത്തെ പലരും പ്രശംസിച്ചു, നിരവധി പേര്‍ വരുണിന് സല്യൂട്ട് നൽകുന്നതായി എഴുതി. മറ്റ് ചിലര്‍ അത്തരമൊരു സമയത്ത് കൃത്യമായി പ്രവർത്തിക്കാൻ കഴിഞ്ഞതിനാൽ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് കുറിച്ചു. അതേസമയം വരുണിന്‍റെ സിപിആർ രീതി ശാസ്ത്രീയമല്ലെന്ന വിമർശനവും ഉയർന്നു. വീഡിയോ വൈറലായതിന് പിന്നാലെ എങ്ങനെ കൃത്യമായി സിപിആർ ചെയ്യാമെന്നത് സാധാരണക്കാരെ പഠിപ്പിക്കേണ്ടതുണ്ടെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്.


